You are Here : Home / News Plus

ബി.ജെ.പിക്ക് വന്‍ മുന്നേറ്റം;ഹരിയാന ബി.ജെ.പി ഭരിക്കും

Text Size  

Story Dated: Sunday, October 19, 2014 03:27 hrs UTC

ന്യൂഡല്‍ഹി: മഹാരാഷ്ട്രയിലും ഹരിയാനയിലും നടന്ന നിയമസഭാ തെരഞ്ഞെടുപ്പിന്‍െറ ഫലങ്ങള്‍ പുറത്തുവന്നപ്പോള്‍ ബി.ജെ.പിക്ക് വന്‍ മുന്നേറ്റം. ഹരിയാനയില്‍ ഭരിക്കാന്‍ വേണ്ട വ്യക്തമായ ഭൂരിപക്ഷം ലഭിച്ചപ്പോള്‍ മഹാരാഷ്ട്രയില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ബി.ജെ.പി മാറി. കനത്ത തിരിച്ചടിയാണ് കോണ്‍ഗ്രസിന് രണ്ട് സംസ്ഥാനങ്ങളില്‍ നേരിട്ടത്. ഇരു സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
288 സീറ്റുകളിലേക്ക് തെരഞ്ഞെടുപ്പ് നടന്ന മഹാരാഷ്ട്രയില്‍ 122 സീറ്റുകളില്‍ ബി.ജെ.പി മുന്നിട്ടു നില്‍ക്കുന്നു. 42 സീറ്റുകളില്‍ കോണ്‍ഗ്രസും ശിവസേന 63 സീറ്റുകളിലും എന്‍.സി.പി 41 സീറ്റുകളിലും വിജയിച്ചു. ബഹുജന്‍ വികാസ് അകാഡി, പെസന്‍റ്സ് ആന്‍ഡ് വര്‍ക്കേഴ്സ് പാര്‍ട്ടി മുന്നു വീതം സീറ്റുകളിലും ഓള്‍ ഇന്ത്യ മജ് ലിസെ ഇത്തിഹാദുല്‍ മുസ് ലിമീന്‍ രണ്ട് സീറ്റിലും നേടി. സി.പി.എം, എം.എന്‍.എസ്, ഭാരിപ ബഹുജന്‍ മഹാസംഘ്, രാഷ്ട്രീയ സമാജ് പക്ഷ, സമാജ് വാദി പാര്‍ട്ടി എന്നിവര്‍ ഓരോ സീറ്റ് വീതം നേടി. ഏഴ് സീറ്റില്‍ മറ്റുള്ളവരും വിജയിച്ചു.
മഹാരാഷ്ട്രയില്‍ തുടക്കത്തില്‍ 130 സീറ്റുകളിലെത്തിയിരുന്ന ബി.ജെ.പിയുടെ ലീഡ് പിന്നീട് താഴുകയായിരുന്നു. ആരുടെ പിന്തുണയോടെയാണ് ബി.ജെ.പി അധികാരത്തില്‍ വരിക എന്നതാണ് മഹാരാഷ്ട്രയിലെ പ്രധാന ചോദ്യം. സഖ്യം പിരിഞ്ഞെങ്കിലും ശിവസേനയുമായി വീണ്ടും സഖ്യമുണ്ടാക്കാനായിരിക്കും ബി.ജെ.പി ശ്രമിക്കുക.
ഹരിയാനയിലും കനത്ത തിരിച്ചടിയാണ് കോണ്‍ഗ്രസ് നേരിട്ടത്. കഴിഞ്ഞ പത്ത് വര്‍ഷം തുടര്‍ച്ചയായി അധികാരത്തിലിരുന്ന കോണ്‍ഗ്രസ് ഇപ്പോള്‍ സംസ്ഥാനത്ത് മൂന്നാം സ്ഥാനത്താണ്. ബി.ജെ.പിക്ക് പിന്നില്‍ ഇന്ത്യന്‍ നാഷണല്‍ ലോക്ദളാണ് ഹരിയാനയില്‍ രണ്ടാം സ്ഥാനത്താണ്. ഹരിയാനയില്‍ 90 സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ബി.ജെ.പി 47 സീറ്റുകള്‍ നേടി. ഐ.എന്‍.എല്‍.ഡി 19 സീറ്റിലും കോണ്‍ഗ്രസ് 15 സീറ്റിലും വിജയിച്ചു. എച്ച്.ജെ.ഡി 02 സീറ്റിലും ബി.എസ്.പി, അകാലിദള്‍ എന്നിവര്‍ ഓരോ സീറ്റിലും മറ്റുള്ളവര്‍ 05 സീറ്റും നേടി.
തുടര്‍ച്ചയായി മൂന്നാം തവണയും ഭരണം ലഭിക്കുമെന്ന് പ്രഖ്യാപിച്ച് ഹരിയാനയില്‍ തെരഞ്ഞെടുപ്പിനെ നേരിട്ട കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെടുമെന്ന നിരീക്ഷകരുടെ കണക്കുകൂട്ടല്‍ ശരിവെക്കുന്നതാണ് പുറത്തു വന്നു കൊണ്ടിരിക്കുന്ന സൂചനകള്‍. ഹരിയാനയില്‍ മുഖ്യമന്ത്രി ഭൂപീന്ദര്‍ സിങ് ഹൂഡ രാജിവെച്ചു. ഹൂഡയുടെ നേതൃത്വത്തിലാണ് കോണ്‍ഗ്രസ് മത്സരിച്ചിരുന്നത്. ബി.ജെ.പിക്ക് മുഖ്യമന്ത്രി സ്ഥാനാര്‍ഥി ഇല്ലായിരുന്നു. കഴിഞ്ഞ നിയമസഭയിലെ മുഖ്യ പ്രതിപക്ഷമായ ഇന്ത്യന്‍ നാഷനല്‍ ലോക്ദളിന് തിഹാര്‍ ജയിലില്‍ കഴിയുന്ന മുന്‍ മുഖ്യമന്ത്രി ഓം പ്രകാശ് ചൗതാലയായിരുന്നു മുഖ്യ പോരാളി.
മഹാരാഷ്ട്രയില്‍ നിയമസഭാ തെരഞ്ഞെടുപ്പിന്‍െറ ഒരു മാസം മുമ്പ് കാലങ്ങളായി സഖ്യകക്ഷികളായിരുന്ന കോണ്‍ഗ്രസും എന്‍.സി.പിയും വഴിപിരിഞ്ഞിരുന്നു. മറുവശത്ത് ബി.ജെ.പിയും ശിവസേനയും സഖ്യം പിരിഞ്ഞ് ഒറ്റക്കാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്. മുഖ്യമന്ത്രി പദത്തെച്ചൊല്ലിയുള്ള അവകാശവാദങ്ങളും ചരടുവലികളും ബി.ജെ.പിയില്‍ ഇതിനകം തന്നെ ആരംഭിച്ചു കഴിഞ്ഞു. എന്‍.സി.പി, മഹാരാഷ്ട്ര നവ നിര്‍മാണ്‍സേന എന്നിവയുടെ ഭാവിയും പ്രസക്തിയും ഇന്നത്തോടു കൂടി വ്യക്തമാവും.
 
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.