നെയ്യാറ്റിന്‍കരയില്‍ സനല്‍ എന്ന യുവാവിന്റെ കൊലയാളിയെ ഉടന്‍ തന്നെ പിടികൂടുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്.
പ്രതി എത്ര വലിയ ഉദ്യോഗസ്ഥനാണെങ്കിലും പിടിക്കുമെന്നും സിബിഐ അന്വേഷണം ആവശ്യപ്പെടാന്‍ സനലിന്റെ കുടുംബത്തിന് അവകാശമുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
അതേസമയം, ഇപ്പോഴത്തെ അന്വേഷണ സംഘത്തോട് സഹകരിക്കാന്‍ തയ്യാറല്ലെന്ന് കൊല്ലപ്പെട്ട സനലിന്റെ ഭാര്യ വിജി പറഞ്ഞിരുന്നു. കേസ് സിബിഐ അല്ലെങ്കില്‍ കോടതിയുടെ മേല്‍നോട്ടത്തിലുള്ള അന്വേഷണ സംഘം അന്വേഷിക്കണമെന്നും ഇക്കാര്യം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ നാളെ ഹര്‍ജി നല്‍കുമെന്നും വിജി വ്യക്തമാക്കുകയും ചെയ്തിരുന്നു.
ക്രൈംബ്രാഞ്ച് എസ്പി ആന്റണി വീട്ടിലെത്തിയെങ്കിലും മൊഴി രേഖപ്പെടുത്താതെ മടങ്ങുകയായിരുന്നു. സനലിന്റെ കൊലപാതകം അപകട മരണമാക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും വിജി ആരോപിച്ചു. സനലിനെ ആക്രമിച്ചയിടത്ത് മക്കളുമായി സമരമിരിക്കുമെന്നും മരണം വരെ സമരം തുടരുമെന്നും വിജി വ്യക്തമാക്കിയിട്ടുണ്ട്.
Comments