സംസ്ഥാനത്ത് ഭൂമിയുടെ ന്യായ വില 50 ശതമാനം വര്‍ധിപ്പിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. ഇതുസംബന്ധിച്ച മന്ത്രിസഭാ ഉപസമിതിയുടെ ശുപാര്‍ശകള്‍ ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗം അതേപടി അംഗീകരിക്കുകയായിരുന്നു. ന്യായ വില വര്‍ധിപ്പിക്കുന്നതിലൂടെ 500 കോടി രൂപയുടെ അധികവരുമാനമാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. കുടുംബാംഗങ്ങളുടെ ഭൂമി കൈമാറ്റത്തിനുള്ള ഫീസ് കൂട്ടുന്നതിനുള്ള ഭൂമി ഭാഗപത്ര ഓര്‍ഡിനന്‍സിനും മന്ത്രിസഭ അംഗീകാരം നല്കി. സ്റ്റാമ്പ് ഡ്യൂട്ടിയില്‍ ഇളവ് അനുവദിക്കണമെന്ന് ചില കേന്ദ്രങ്ങളില്‍ നിന്ന് നിര്‍ദേശം ഉയര്‍ന്നെങ്കിലും മന്ത്രിസഭ അതിന് തയാറായില്ല. ഭൂമിയുടെ ക്രയവിക്രയവുമായി ബന്ധപ്പെട്ട ഭാഗപത്രം, ഇഷ്ടദാനം, ഒഴിമുറി, ധനനിശ്ചയം എന്നിവയുടെ സ്റ്റാമ്പ് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ആയിരം രൂപയുടെ പരിധി മാറ്റി. ഭാഗപത്രം, ഒഴിമുറി എന്നിവയ്ക്ക് ഒരുശതാമനവും ഇഷ്ടദാനം, ധനനിശ്ചയം എന്നിവയ്ക്ക് രണ്ട് ശതമാനവുമാണ് സ്റ്റാമ്പ് ഡ്യൂട്ടി. രജിസ്ട്രേഷന് ഫീസ് ഇനത്തില്‍ 25,000 രൂപയുടെ പരിധി ഉണ്ടായിരുന്നു. അതിന് പകരം പരിധിയില്ലാതെ അത് ഒരു ശതമാനമാക്കി. ഭൂനികുതിയും തോട്ടംനികുതിയും കൂട്ടിയ തീരുമാനത്തില്‍ മാറ്റം വരുത്തേണ്ടെന്നും മന്ത്രിസഭ തീരുമാനിച്ചു.
Comments