You are Here : Home / News Plus

ദർശനം നടത്താനാവാതെ മനിതി സംഘം മടങ്ങി

Text Size  

Story Dated: Sunday, December 23, 2018 10:54 hrs UTC

 ആറ് മണിക്കൂര്‍ നീണ്ട നാടകീയ സംഭവങ്ങള്‍ക്കും സംഘര്‍ഷത്തിനുമൊടുവില്‍ ശബരിമല ദര്‍ശനത്തിനെത്തിയ പതിനൊന്നംഗ മനിതി സംഘം മടങ്ങി. ശബരിമല ദര്‍ശനം നടത്തണം എന്നാണ് ആഗ്രഹമെന്നും, എന്നാല്‍ പൊലീസ് നിര്‍ബന്ധിച്ച്‌ തിരിച്ചയക്കുകയാണെന്നും മനിതി സംഘം പറഞ്ഞു.
 
സുരക്ഷാ പ്രശ്‌നമുണ്ടെന്നാണ് പൊലീസ് നിലപാട്. സുരക്ഷയ്ക്കായി കോടതിയെ സമീപിക്കുമെന്ന് മനിതി അംഗങ്ങള്‍ വ്യക്തമാക്കി. പൊലീസ് തങ്ങളെ നിര്‍ബന്ധിച്ചു തിരിച്ചയച്ചതാണെന്നു സംഘടനാ നേതാവ് സെല്‍വി പ്രതികരിച്ചു. സംഘം തിരികെ മധുരയിലേക്കു മടങ്ങും.
 
ആവശ്യമുള്ള സ്ഥലം വരെ പൊലീസ് സുരക്ഷ ഉറപ്പാക്കും. പമ്ബയിലും ശരണപാതയിലും സംഘത്തെ തടഞ്ഞവര്‍ക്കെതിരെ കേസെടുത്തു. മനിതി അംഗങ്ങള്‍ വഴി തടഞ്ഞവര്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കിയ ശേഷമാണു മടങ്ങുന്നത്. ആറ് മണിക്കൂറിലേറെ പമ്ബയില്‍ കാനന പാത തുടങ്ങുന്ന ഭാഗത്ത് മനിതി സംഘം കുത്തിയിരുന്ന് പ്രതിഷേധിച്ചിരുന്നു.
 
നാമജപ പ്രതിഷേധക്കാര്‍ക്കെതിരായ നടപടിക്ക് ശേഷം യുവതികളെ പൊലീസ് പമ്ബ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റിയിരുന്നു. തുടര്‍ന്ന് പൊലീസ് വാഹനത്തില്‍ വച്ച്‌ പമ്ബ സ്‌പെഷ്യല്‍ ഓഫീസര്‍ കാര്‍ത്തികേയന്‍ ഗോകുലചന്ദ്രന്‍ മനിത സംഘവുമായി സംസാരിച്ചു. തുടര്‍ന്നാണ് യുവതികളുമായി പൊലീസ് വാഹനം നിലയ്ക്കലിലേക്ക് തിരിച്ചത്.
 
നേരത്തെ, പ്രതിഷേധക്കാരെ അറസ്റ്റു ചെയ്തു നീക്കിയ ശേഷം മനിതി സംഘവുമായി മല കയറാന്‍ ശ്രമിച്ച പൊലീസ് നീക്കം പാളുകയായിരുന്നു. പത്ത് മീറ്റര്‍ മുന്നോട്ടു പോയ മനിതി സംഘത്തിനു നേരെ പാഞ്ഞടുത്തത് അഞ്ഞൂറിലധികം ഭക്തരാണ്. മനിതി സംഘാംഗങ്ങള്‍ ജീവനും കൊണ്ട് തിരിച്ചോടി. പൊലീസ് യുവതികളെ ഉടന്‍ വാഹനത്തിലേക്കു മാറ്റി. തുടര്‍ന്നു നടത്തിയ ചര്‍ച്ചയിലാണ് തമിഴ്‌നാട്ടിലേക്കു മടങ്ങാന്‍ ഇവര്‍ തീരുമാനിച്ചത്.
 
ആക്ടിവിസ്റ്റുകളുടെ സംഘടനയാണ് മനിതിയെന്നു കേന്ദ്ര ഇന്റലിജന്‍സ് അറിയിച്ചു. ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് ഇന്റലിജന്‍സ് കൈമാറി. പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് 11 പേരടങ്ങുന്ന സംഘം പമ്ബയില്‍ എത്തിയത്. ഇവരില്‍ ആറു പേരാണ് പതിനെട്ടാംപടി കയറാന്‍ തയാറെടുത്തിരുന്നത്.
 
നിലക്കല്‍ വരേയെ പൊലീസ് വാഹനത്തില്‍ യുവതികളെ കൊണ്ടുപോകുന്നുള്ളൂ എന്നും അതിന് ശേഷം സ്വന്തം വാഹനത്തിലാവും മനിതി സംഘം മടങ്ങുക എന്നും സ്‌പെഷ്യല്‍ ഓഫീസര്‍ പറഞ്ഞു. എന്നാല്‍ മനിതി സംഘത്തെ പൊലീസ് വാഹനത്തില്‍ നിന്ന് പുറത്തിറക്കാതെ നേരെ നിലയ്ക്കലിലേക്ക് കൊണ്ടുപോയത് യുവതികള്‍ മാധ്യമങ്ങളോട് സംസാരിക്കാതിരിക്കാനാണെന്ന് വിമര്‍ശനമുയരുന്നുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.