You are Here : Home / News Plus

നിപ്പയെ പിടിച്ചുകെട്ടിയ മുഖ്യമന്ത്രിക്കും ആരോഗ്യ മന്ത്രിക്കും അമേരിക്കയിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ആദരം

Text Size  

Story Dated: Saturday, July 07, 2018 05:15 hrs UTC

ന്യൂയോര്‍ക്ക്: പടര്‍ന്നുപിടിച്ചു മാരകമായേക്കാവുന്ന നിപ്പ വൈറസിനെ മെരുക്കിയ മുഖ്യമന്ത്രി പിണറായി വിജയനും ആരോഗ്യമന്ത്രി കെകെ ശൈലജയ്ക്കും അമേരിക്കയിലെ ബാള്‍ട്ടിമോറിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യുമണ്‍ വൈറോളജിയില്‍ ഉജ്വല സ്വീകരണം.

ഇന്ത്യയില്‍ ആദ്യമായി ഒരു വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിക്കാന്‍ മുന്‍കൈയെടുത്ത മുഖ്യമന്ത്രിയുടെ ദീര്‍ഘവീക്ഷണത്തെ പ്രശംസിച്ച ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യുമണ്‍ വൈറോളജിയും ഗ്ലോബല്‍ വൈറസ് നൈറ്റ്‌വര്‍ക്കും നിപ്പ വൈറസ് തടയാന്‍ അക്ഷീണം പരിശ്രമിച്ച ആരോഗ്യ മന്ത്രി കെക ശൈലജ ടീച്ചര്‍ക്കും മുഖ്യമന്ത്രിക്കും മൊമന്റോ നല്‍കി ആദരം അര്‍പ്പിച്ചു.

തുടര്‍ന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യുമണ്‍ വൈറോളജിയിലെ സീനിയര്‍ വൈറസ് ഗവേഷകരുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തി. സെന്ററിന്റെ സ്ഥാപകന്‍ ഡോ. റോബര്‍ട്ട് സി ഗോലോ, ഗ്ലോബല്‍ വൈറസ് നൈറ്റ് വര്‍ക്കിന്റെ ഇപ്പോഴെത്തെ പ്രസിഡന്റ് ക്രിസ്റ്റ്യന്‍ വര്‍ഷോട്ട് വിവിധ രാജ്യങ്ങളില്‍ വൈറോളജി സെന്ററുകള്‍ സ്ഥാപിച്ചിട്ടുള്ള അയര്‍ലെന്‍ഡിലെ ഡബ്ലിനിലെ ഡോ. വില്ല്യം ഹാള്‍ എന്നിവര്‍ കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.

ഇന്ത്യയിലെ ബുദ്ധിശാലികള്‍ കേരളീയരാണെന്ന് തന്റെ നിരവധി തവണത്തെ ഇന്ത്യ സന്ദര്‍ശനത്തില്‍നിന്നു മനസിലാക്കാന്‍ കഴിഞ്ഞെന്നു ഡോ. റോബര്‍ട്ട് ഗോലോ പറഞ്ഞു. തിരുവനന്തപുരത്തു പ്രവര്‍ത്തനമാരംഭിക്കുന്ന വൈറോളജി സെന്ററുമായി സഹകരിക്കണമെന്ന മുഖ്യമന്ത്രിയുടെ ആവശ്യം ഇവര്‍ സന്തോഷത്തോടെ സ്വീകരിച്ചു. തിരുവനന്തപുരത്തെ വൈറോളജി സെന്ററിന്റെ ഉദ്ഘാടനത്തിന് മൂവരേയും മുഖ്യമന്ത്രി ക്ഷണിച്ചു.

തിരുവനന്തപുരത്തെ സെന്റിനെ ലോകോത്തര നിലവാരത്തിലുള്ള വൈറോളജി സെന്ററാക്കാന്‍ എല്ലാവിധ സഹകരണവും ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യുമണ്‍ വൈറോളജി വാഗ്ദാനം ചെയ്തു. മുഖ്യമന്ത്രിക്കൊപ്പം മന്ത്രി കെകെ ശൈലജ, ഗ്ലോബല്‍ വൈറസ് നെറ്റ് വര്‍ക്കിന്റെ സീനിയര്‍ അഡൈൗസര്‍ ഡോ. എംവി പിള്ള, ഡോ. ശാര്‍ങധരന്‍, വൈറോളജിയിലെ ക്ലിനിക്കല്‍ ഹെഡ് ഡോ. ശ്യാമസുന്ദരന്‍ എന്നിവരും ഉണ്ടായിരുന്നു.

എയ്ഡ്‌സിനു കാരണമാകുന്ന എച്ച്‌ഐവി കണ്ടെത്തിയ ഡോ.റോബര്‍ട്ട് സി ഗാലോ ആണ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യുമണ്‍ വൈറോളജി സ്ഥാപിച്ചതും ഗ്ലോബല്‍ വൈറസ് നെറ്റ്‌വര്‍ക്ക് എന്ന ആശയം കൊണ്ടുവന്നതും.

വൈറസ് രോഗങ്ങളെ കുറിച്ച് പഠിക്കാനും പ്രതിവിധി നേടിയെടുക്കാനും ലോകത്താദ്യമായി സ്ഥാപിച്ച ഗവേഷണ കേന്ദ്രമാണ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യുമണ്‍ വൈറോളജി. ഒരു സ്വയംഭരണ സ്ഥാപനമാണിത്. അമേരിക്കന്‍ ഗവണ്‍മെന്റിനു സ്വാധീനം ഇല്ലാത്തതിനാല്‍ ലോകത്തെ ഏതു സ്ഥാപനവുമായി സഹകരിക്കാനും ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യുമണ്‍ വൈറോളജി സെന്ററിനു തടസ്സമില്ല.

നൂറു മില്യണ്‍ ഡോളര്‍മുതല്‍മുടക്കില്‍ സ്ഥാപിച്ച വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് വിവിധ യൂണിവേഴ്‌സിറ്റികളും സന്നദ്ധസംഘടനകളും നല്‍കുന്ന ഗ്രാന്‍ഡുകളിലാണ് പ്രവര്‍ത്തിക്കുന്നത്.

അമേരിക്കന്‍ ഗവണ്‍മെന്റിന്റെ അധികാരമില്ലാത്തതിനാല്‍ തന്നെ റഷ്യ,ക്യൂബ,നൈജീരിയ, വിയറ്റ്‌നാം, ചൈന ഓസ്‌ട്രേലിയ, ഇംഗ്ലണ്ട് ഫ്രാന്‍സ്,ജര്‍മനി എന്നീ രാജ്യങ്ങളെല്ലാം സെന്ററില്‍ അംഗങ്ങളാണ്. 28 രാജ്യങ്ങളിലായി 44 വൈറോളജി സെന്ററുകള്‍ ഇതിനു കീഴില്‍ ഉണ്ട്.

ഇന്ത്യയിലെ സെന്ററാണ് തിരുവനന്തപുരത്ത് പ്രവര്‍ത്തനത്തിനൊരുങ്ങുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് വൈറോളജി സെന്റര്‍  

തിരുവനന്തപുരം തോന്നയ്ക്കല്‍ ബയോ ലൈഫ് സയന്‍സ് പാര്‍ക്കില്‍ 25 ഏക്കറിലാണ് സെന്റര്‍ പ്രവര്‍ത്തനം തുടങ്ങുന്നത്. ഇതുവഴി വൈറസുകള്‍ സ്ഥിരീകരിക്കുന്നതിനായി അന്യ സംസ്ഥാനങ്ങളെയോ മറ്റു രാജ്യങ്ങളെയോ ആശ്രയിക്കുന്ന കാലതാമസം ഒഴിവാക്കാനാകും. വിവിധ പനി വൈറസുകളുടെ സ്ഥിരീകരണത്തിനും, പുതുതായി കണ്ടെത്തുന്ന നിപ്പ പോലുള്ളവ കാലതാമസമില്ലാതെ കണ്ടെത്തി പ്രതിവിധി സ്വീകരിക്കുന്നതിനും ലാബ് സജ്ജമാകുന്നതോടെ സൗകര്യമാകും.

അടിസ്ഥാനപരമായി രോഗനിര്‍ണയവും ഉന്നതതല ഗവേഷണവുമാണ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ചുമതലകള്‍. രോഗബാധ സംബന്ധിച്ച സാമ്പിളുകള്‍ ശേഖരിച്ച് എത്തിച്ചാല്‍ പൂനെയിലെ വൈറോളജി ലാബില്‍ ലഭ്യമാകുന്നതിനേക്കാള്‍ നിലവാരത്തിലുള്ള നിര്‍ണയത്തിന് ഇവിടെ അവസരമുണ്ടാകും.

ഇന്ത്യയില്‍ എവിടെ നിന്നുള്ള സാമ്പിളും ഇവിടെ സ്വീകരിക്കും. കൂടാതെ, ജനങ്ങള്‍ നേരിട്ട് എത്തി സംശയമുള്ള സാമ്പിള്‍ നല്‍കി വൈറസോ, രോഗമോ നിര്‍ണയിക്കാനും അവസരമുണ്ട്. വിവിധ വൈറസുകള്‍ക്കുള്ള പ്രതിരോധ മരുന്ന് നിര്‍മാണത്തിനുള്ള ആധുനിക ഗവേഷണവുമുണ്ടാകും.

എട്ടുലാബുകളാണ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഉണ്ടാവുക. ക്ലിനിക്കല്‍ വൈറോളജി, വൈറല്‍ ഡയഗ്‌നോസ്റ്റിക്‌സ്, വൈറല്‍ വാക്‌സിന്‍സ്, ആന്റി വൈറല്‍ ഡ്രഗ് റിസര്‍ച്ച്, വൈറല്‍ ആപ്ലിക്കേഷന്‍സ്, വൈറല്‍ എപിഡെര്‍മോളജിവെക്ടര്‍ ഡൈനാമിക്‌സ് ആന്റ് പബഌക് ഹെല്‍ത്ത്, വൈറസ് ജെനോമിക്‌സ്, ബയോ ഇന്‍ഫര്‍മാറ്റിക്‌സ് ആന്റ് സ്റ്റാറ്റിസ്റ്റിക്‌സ്, ജനറല്‍ വൈറോളജി എന്നീ ഗവേഷണ വിഭാഗങ്ങളാണിവ. വൈറല്‍ പകച്ചവ്യാധികള്‍ കണ്ടെത്താനും പ്രതിരോധിക്കാനും ഇന്ത്യയിലെ ഏറ്റവും മികച്ച സ്ഥാപനമായിരിക്കും എന്നതിലുപരി ലോകത്തെതന്നെ എണ്ണപ്പെട്ട ഗവേഷണ സ്ഥാപനങ്ങളുടെ പട്ടികയിലും ഉള്‍പ്പെടുംവിധമാണ് സ്ഥാപനത്തിന്റെ ഘടന.

2017ല്‍ ഈ ആശയം മുന്നോട്ടുവന്നപ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സാധ്യതയും ആവശ്യവും തിരിച്ചറിഞ്ഞ് സ്ഥാപിക്കാന്‍ തീരുമാനമെടുക്കുകയും ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലിനെ ചുമതലപ്പെടുത്തുകയും ചെയ്തത്.


 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.