You are Here : Home / News Plus

റോസെറ്റ പേടകം വിജയകരമായി ലക്ഷ്യം കണ്ടു

Text Size  

Story Dated: Wednesday, November 12, 2014 05:13 hrs UTC

പാരിസ്: വാല്‍ നക്ഷത്രത്തെ കുറിച്ച് പഠിക്കാന്‍ യൂറോപ്യന്‍ സ്പേസ് ഏജന്‍സി വിക്ഷേപിച്ച റോസെറ്റ പേടകം വിജയകരമായി ലക്ഷ്യം കണ്ടു. റോസെറ്റ പേടകത്തിലെ ഫിലെ ലാന്‍ഡര്‍ ചുര്യമോവ് വാല്‍ നക്ഷത്രത്തില്‍ വിജയകരമായി ഇറങ്ങി. മാതൃ പേടകമായ റോസെറ്റയില്‍ നിന്ന് വേര്‍പ്പെട്ട ഫിലെ ലാന്‍ഡര്‍ വൈകിട്ട് ഒമ്പരതോടെയാണ് ചുര്യമോവ്-ഗരാസിമെങ്കോയി (വാല്‍ നക്ഷത്രം 67P) എന്ന വാല്‍ നക്ഷത്രത്തില്‍ സുരക്ഷിതമായി ഇറങ്ങിയത്. ദൂരം അടിസ്ഥാനമാക്കി വാല്‍ നക്ഷത്രത്തില്‍ ഇറങ്ങിയ ഫിലെ ലാന്‍ഡറില്‍ നിന്നുള്ള റേഡിയോ സന്ദേശം പേടകത്തിലെത്താന്‍ അര മണിക്കൂര്‍ വൈകും. വാല്‍ നക്ഷത്രത്തില്‍ ഇറങ്ങുന്ന ലോകത്തിലെ ആദ്യ മനുഷ്യ നിര്‍മിത പേടകമെന്ന് റോസെറ്റ അറിയപ്പെടും.
ഇന്ത്യന്‍ സമയം പകല്‍ രണ്ടരയോടെയാണ് വാല്‍നക്ഷത്രത്തിന്‍റെ കേന്ദ്രത്തില്‍ നിന്ന് 22.5 കിലോമീറ്റര്‍ അകലെയുള്ള മാതൃ പേടകത്തില്‍ നിന്ന് ഫിലെ ലാന്‍ഡര്‍ വേര്‍പ്പെട്ടത്. തുടര്‍ന്ന് വാല്‍ നക്ഷത്രത്തിന്‍െറ ഉപരിതലം ലക്ഷ്യമാക്കി ലാന്‍ഡര്‍ നീങ്ങി. ഏഴ് മണിക്കൂര്‍ സഞ്ചരിച്ച് വൈകിട്ട് 9.32ഓടെ ചുര്യമോവ് വാല്‍ നക്ഷത്രത്തില്‍ ഇറങ്ങിയ ഫിലെ ലാന്‍ഡര്‍ ഒന്നാംഘട്ടം വിജയകരമായി പൂര്‍ത്തിയാക്കി.
റോബോട്ടിനുള്ളിലെ ഗതിനിയന്ത്രണ സംവിധാനം (ജി.പി.സ്) ഉപയോഗിച്ചാണ് ഫിലെ വാല്‍ നക്ഷത്രത്തിന്‍റെ ഉപരിതലത്തിലിറങ്ങിയത്. യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സിയുടെ ജര്‍മനിയിലെ ദൗത്യനിയന്ത്രണ കേന്ദ്രം ഫിലെയുടെ സഞ്ചാരപഥം നിരീക്ഷിക്കും. വാല്‍ നക്ഷത്രത്തിലെ വളരെ കുറഞ്ഞ ഗുരുത്വാകര്‍ഷണ ബലമാണ് ലാന്‍ഡിങ്ങിന് ഭീഷണി ഉയര്‍ത്തിയിരുന്നത്. അതിനാല്‍ വാല്‍ നക്ഷത്രത്തിലെ ആകര്‍ഷണം കൂടിയ ഉപരിതലത്തിലാണ് ഫിലെ ഇറങ്ങിയത്.
വാല്‍ നക്ഷത്രത്തെകുറിച്ച് പഠിക്കാന്‍ യൂറോപ്യന്‍ സ്പേസ് ഏജന്‍സിയാണ് റേസെറ്റ പദ്ധതി തയാറാക്കിയത്. 2004 മാര്‍ച്ച് രണ്ടിന് ഫ്രഞ്ച് ഗയാനയിലെ ബഹിരാകാശ കേന്ദ്രത്തില്‍ നിന്ന് റോസെറ്റ പേടകം വിക്ഷേപിച്ചു. 10 വര്‍ഷം കൊണ്ട് 510 കോടി കിലോമീറ്റര്‍ സഞ്ചരിച്ചാണ് റോസെറ്റ ചുര്യമോ വാല്‍ നക്ഷത്രത്തില്‍ എത്തിയത്. 1.4 ബില്യന്‍ യൂറോയാണ് പദ്ധതിയുടെ ചെലവ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.