You are Here : Home / News Plus

രജനികാന്ത് രാഷ്ട്രീയത്തില്‍ പ്രവേശിക്കരുതെന്ന് തമിഴ്നാട് കോണ്‍ഗ്രസ്

Text Size  

Story Dated: Thursday, November 06, 2014 03:38 hrs UTC

ചെന്നൈ: രജനികാന്ത് ഒരിക്കലും രാഷ്ട്രീയത്തില്‍ പ്രവേശിക്കരുതെന്ന് തമിഴ്നാട് കോണ്‍ഗ്രസ് അധ്യക്ഷനായി ചുമതലയേറ്റ ഇ.വി.കെ.എസ് ഇളങ്കോവന്‍. ഇത് തന്‍െറ വ്യക്തിപരമായ അഭിപ്രായമാണ്.രജനിക്ക് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളിലും ആരാധകരുണ്ട്. തമിഴ് ജനത എല്ലാതരത്തിലും ബഹുമാനിക്കുന്ന വ്യക്തിയാണ് അദ്ദേഹമെന്നും ഇളങ്കോവന്‍ പി.ടി.ഐയോട് വ്യക്തമാക്കി. അതോടൊപ്പം രജനികാന്തടക്കം മതേതരത്വത്തോട് സമര്‍പ്പണം ചെയ്ത എല്ലാവരേയും കോണ്‍ഗ്രസിലേക്ക് ക്ഷണിക്കുന്നതായും ഇളങ്കോവന്‍ പറഞ്ഞു.
അവിഹിത സ്വത്ത് സമ്പാദന കേസില്‍ ജയലളിത ശിക്ഷിക്കപ്പെട്ട സാഹചര്യത്തില്‍ 2016ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ തമിഴ്നാട് മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി രജനികാന്തിനെ ഉയര്‍ത്തി കാണിക്കാന്‍ ബി.ജെ.പിയുടെ നീക്കം നടത്തി വരുന്നുണ്ട്. കൂടാതെ ഉടന്‍ രൂപീകരിക്കാനിരിക്കുന്ന ജി.കെ വാസന്‍െറ പുതിയ പാര്‍ട്ടിക്ക് രജനിയുടെ പിന്തുണ തേടുകയും ചെയ്തിരുന്നു. ഇതിനെ തടയിടുകയാണ് ഇളങ്കോവന്‍െറ ലക്ഷ്യം.
1991-’96 ഭരണകാലത്തെ ജയലളിത സര്‍ക്കാറിന്‍െറ അഴിമതി ഭരണത്തിനെതിരായി ’96ലെ നിയമസഭാ തെരഞ്ഞെടുപ്പ് വേളയില്‍ രജനികാന്ത് നടത്തിയ പ്രസ്താവന തമിഴക രാഷ്ട്രീയത്തില്‍ വലിയ ചലനങ്ങളാണ് സൃഷ്ടിച്ചത്. നിങ്ങള്‍ ജയലളിതയെ വീണ്ടും അധികാരത്തിലേറ്റിയാല്‍ ദൈവത്തിന് പോലും നിങ്ങളെ രക്ഷിക്കാനാവില്ല എന്നായിരുന്നു രജനി അന്ന് പ്രസംഗത്തില്‍ വ്യക്തമാക്കിയത്.
അതേസമയം രജനികാന്തിനെ പാര്‍ട്ടിയില്‍ ചേര്‍ക്കാന്‍ ബി.ജെ.പി കേന്ദ്ര നേതൃത്വവും ശ്രമം തുടങ്ങി. അവിഹിത സ്വത്ത് സമ്പാദന കേസില്‍ ജയലളിത ശിക്ഷിക്കപ്പെട്ട സാഹചര്യത്തില്‍ 2016ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ തമിഴ്നാട് മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി രജനികാന്തിനെ ഉയര്‍ത്തി കാണിക്കാനാണ് ബി.ജെ.പിയുടെ നീക്കം.
രജനിയുടെ പുതിയ സിനിമയായ ‘ലിങ്കാ’ പടത്തിന്‍െറ ബംഗളൂരുവിലെ ചിത്രീകരണവേളയില്‍ കര്‍ണാടക മുന്‍ മുഖ്യമന്ത്രി യെദിയൂരപ്പ, ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് ഈശ്വരപ്പ തുടങ്ങിയവര്‍ രജനികാന്തിനെ സന്ദര്‍ശിച്ചിരുന്നു. രജനി രസികര്‍ മണ്‍റം ബംഗളൂരു യൂണിറ്റ് പ്രസിഡന്‍റ് ഇളവരശനും രജനിയെ സന്ദര്‍ശിച്ച് രാഷ്ട്രീയത്തിലേക്ക് ഇറങ്ങണമെന്ന് അഭ്യര്‍ഥിച്ചു. നരേന്ദ്രമോദിയുമായി രജനികാന്തിന് അടുത്ത സൗഹൃദമാണുള്ളത്.
ലോക്സഭാ തെരഞ്ഞെടുപ്പ് സമയത്ത് രജനികാന്ത് രാഷ്ട്രീയ നിലപാട് വ്യക്തമാക്കാതെ മൗനം പാലിക്കുകയായിരുന്നു. സിനിമയും രാഷ്ട്രീയവും ഇടകലര്‍ന്ന തമിഴക മണ്ണില്‍ രജനിയെപോലുള്ള താരത്തെ മുന്‍നിര്‍ത്തി വേരുറപ്പിക്കാനുള്ള നീക്കമാണ് ബി.ജെ.പി നടത്തുന്നത്.
തമിഴ്നാടിലെ എല്ലാ പാര്‍ട്ടികളും തങ്ങളുടെ പാര്‍ട്ടിയില്‍ ചേരാന്‍ രജനിയെ ക്ഷണിച്ചിരുന്നു. അതേസമയം രജനികാന്തിന് തമിഴക രാഷ്ട്രീയത്തില്‍ സാധ്യതകളുണ്ടെങ്കിലും അദ്ദേഹം അനുകൂല തീരുമാനമെടുക്കില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.