You are Here : Home / News Plus

ഫേസ്ബുക്കിലൂടെ മാണിക്ക് പിന്തുണയുമായി ജോസഫ് ഗ്രൂപ്പ്

Text Size  

Story Dated: Wednesday, November 05, 2014 04:56 hrs UTC

തിരുവനന്തപുരം: കെ.എം മാണിയുടെ രാഷ്ട്രീയ സംശുദ്ധി തെളിയിക്കാന്‍ പാര്‍ട്ടി മന്ത്രിമാര്‍ രാജിവെക്കണമെന്ന് ആവശ്യപ്പെട്ടു കേരള കോണ്‍ഗ്രസ് എമ്മിലെ ഒരു വിഭാഗത്തിന്‍െറ ഫേസ്ബുക്ക് പോസ്റ്റ്. ജോസഫ് വിഭാഗത്തിന്‍െറ ഫേസ്ബുക്ക് ഗ്രൂപ്പായ പി.ജെ ജോസഫ് ദ് റിയല്‍ ലീഡര്‍ ഓഫ് കേരളയിലൂടെയാണ് കേരള കോണ്‍ഗ്രസ് എം വര്‍ക്കിങ് ചെയര്‍മാനായ പി.ജെ ജോസഫ് നിലപാട് വ്യക്തമാക്കിയത്. കോഴ വിവാദം പാര്‍ട്ടിയെയും ചെയര്‍മാന്‍ കെ.എം മാണിയെയും തകര്‍ക്കാനുള്ള നീക്കമാണ്. മന്ത്രിസഭയെ പുറത്ത് നിന്ന് പിന്തുണക്കാമെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ ചൂണ്ടിക്കാട്ടുന്നു.
ഫേസ്ബുക്കിന്‍െറ പൂര്‍ണ രൂപം
ബാര്‍ കോഴ ആരോപണം കെ.എം. മാണിയുടെ അമ്പതു വര്‍ഷത്തെ രാഷ്ട്രീയ സംശുദ്ധിയെ തകര്‍ക്കാനും അതുവഴി കേരള കോണ്‍ഗ്രസ് എമ്മിനെ തകര്‍ക്കാനുമുള്ള നീക്കമാണെന്നു പാര്‍ട്ടിയുടെ വിലയിരുത്തല്‍. പാര്‍ട്ടി ചെയര്‍മാന്‍ കൂടിയായ മന്ത്രി കെ.എം. മാണിയുടെ രാഷ്ട്രീയ സംശുദ്ധി തെളിയിക്കാന്‍ മന്ത്രിസ്ഥാനങ്ങള്‍ രാജിവെച്ചു യു.ഡി.എഫ് സര്‍ക്കാരിനെ പുറത്തു നിന്നു പിന്തുണക്കണമെന്ന ആവശ്യം പാര്‍ട്ടിയില്‍ എം.എല്‍.എമാര്‍ അടക്കമുള്ള ഒരുവിഭാഗം ഉയര്‍ത്തുന്നു. ഇക്കാര്യവും തിരുവനന്തപുരത്തു ചേരുന്ന കേരള കോണ്‍ഗ്രസ് എം ഉന്നതാധികാര സമിതിയോഗത്തില്‍ ചര്‍ച്ചക്കു വരും. ചില നിര്‍ണായക തീരുമാനങ്ങള്‍ എടുത്തേക്കുമെന്നാണു സൂചന.
എം.എല്‍.എമാര്‍ ഉള്‍പ്പെടെ 14 പേര്‍ മാത്രം പങ്കെടുക്കാറുള്ള ഉന്നതാധികാര യോഗത്തിലേക്ക് ഇത്തവണ ജില്ലാ പ്രസിഡന്‍റുമാരെയും ജനറല്‍ സെക്രട്ടറിമാരെയും പങ്കെടുപ്പിക്കുന്നുണ്ട്. പാര്‍ട്ടിക്ക് രണ്ടു മന്ത്രിമാരാണുള്ളത് -കെ.എം. മാണിയും പി.ജെ. ജോസഫും. തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍തന്ന അംഗീകാരം യു.ഡി.എഫിനൊപ്പം നില്‍ക്കാനുള്ളതാണെന്നും യു.ഡി.എഫ് വിടുമെന്ന പ്രചാരണം കേരള കോണ്‍ഗ്രസിനെ ഒറ്റപ്പെടുത്താനാണെന്നുമാണ് പാര്‍ട്ടി എം.എല്‍.എമാരുടെ വിലയിരുത്തല്‍.
പാര്‍ട്ടിയുടെ നിലപാട് അധികാരത്തിനു വേണ്ടിയല്ളെന്നും ആവശ്യമെങ്കില്‍ അധികാരം ത്യജിക്കാനും തയാറാണെന്നും ബോധ്യപ്പെടുത്താനാണു മന്ത്രിസ്ഥാനങ്ങള്‍ ഒഴിഞ്ഞു പുറത്തുനിന്നു പിന്തുണ എന്ന ആലോചന. നിയോജക മണ്ഡലാടിസ്ഥാനത്തില്‍ അടിയന്തര കമ്മിറ്റികളും പ്രവര്‍ത്തകരുടെ യോഗവും വിളിച്ചു ചേര്‍ക്കാനും തീരുമാനിച്ചിട്ടുണ്ട്. അതു കഴിഞ്ഞു പൊതുയോഗങ്ങളും നടത്തുമെന്നും ഫേസ്ബുക്കിലെ പോസ്റ്റില്‍ വ്യക്തമാക്കുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.