You are Here : Home / News Plus

സര്‍വകലാശാലകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ ചാന്‍സലേഴ്സ് കൗണ്‍സില്‍

Text Size  

Story Dated: Monday, October 27, 2014 05:39 hrs UTC

കൊച്ചി: സര്‍വകലാശാലകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ ചാന്‍സലേഴ്സ് കൗണ്‍സില്‍ രൂപവത്കരിക്കുമെന്ന് സര്‍വകലാശാലകളുടെ ചാന്‍സലര്‍ കൂടിയായ ഗവര്‍ണറുടെ അധ്യക്ഷതയില്‍ ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം. വിദ്യാഭ്യാസ മന്ത്രി, വൈസ് ചാന്‍സലര്‍മാര്‍, ഉന്നത വിദ്യാഭ്യാസ സെക്രട്ടറി തുടങ്ങിയവര്‍ അംഗങ്ങളായിരിക്കും. കൊച്ചി സര്‍വകാലാശാലയില്‍ ഗവര്‍ണര്‍ വിളിച്ചുചേര്‍ത്ത വൈസ് ചാന്‍സലര്‍മാരുടെ യോഗത്തിന് ശേഷം വാര്‍ത്താ സമ്മേളനത്തിലാണ് ഗവര്‍ണര്‍ ഇക്കാര്യം വ്യക്തമാക്കിയത്.
പരീക്ഷാ നടത്തിപ്പ് സംബന്ധിച്ച പരാതികള്‍ പരിഹരിക്കാന്‍ അടുത്ത അധ്യയന വര്‍ഷം മുതല്‍ അക്കാദമിക് ടൈംടേബിള്‍ രൂപവത്കരിക്കാനും തീരുമാനിച്ചിട്ടുണ്ട്. പരീക്ഷാ വിജ്ഞാപനം മുതല്‍ ഫലപ്രഖ്യാപനം ഉള്‍പ്പെടെയുള്ള തീയതികള്‍ ഇതില്‍ വ്യക്തമാക്കും. അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും ഓണ്‍ലൈനില്‍ ടൈംടേബിള്‍ ലഭ്യമാകും. കൃത്യസമയത്ത് പരീക്ഷയോ ഫലപ്രഖ്യാപനമോ നടന്നില്ളെങ്കില്‍ വൈസ് ചാന്‍സലര്‍മാര്‍ ഉത്തരം പറയേണ്ടിവരും.
സര്‍വകലാശാലകളുടെ നടത്തിപ്പ് സംബന്ധിച്ച് വൈസ് ചാന്‍സലര്‍മാര്‍ മൂന്നുമാസം കൂടുമ്പോള്‍ ഗവര്‍ണര്‍ക്ക് റിപ്പോര്‍ട്ട് നല്‍കണം. സിന്‍ഡിക്കേറ്റിന്‍െറ അമിത രാഷ്ട്രീയ സമ്മര്‍ദ്ദങ്ങള്‍ക്ക് വൈസ് ചാന്‍സലര്‍മാര്‍ വഴങ്ങേണ്ടതില്ല. സ്റ്റാറ്റ്യൂട്ടിന് വിരുദ്ധമായ കാര്യങ്ങള്‍ സിന്‍ഡിക്കേറ്റിന്‍െറ ഭൂരിപക്ഷ പ്രകാരം തീരുമാനിച്ചാലും വൈസ് ചാന്‍സലര്‍മാര്‍ അത് അനുസരിക്കാന്‍ ബാധ്യസ്ഥരല്ല. സ്വാശ്രയ കോളജുകളുടെ പരീക്ഷാ നടത്തിപ്പും ഉത്തരക്കടലാസ് മൂല്യനിര്‍ണയവും കുറ്റമറ്റതാക്കാന്‍ സി.സി ക്യാമറ നിരീക്ഷണം ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താനും തീരുമാനിച്ചു. വിദ്യാഭ്യാസ മന്ത്രി പി.കെ അബ്ദുറബ്ബ്, വിവിധ സര്‍വകലാശാലകളുടെ വൈസ് ചാന്‍സലര്‍മാര്‍ തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിച്ചു.
വൈസ് ചാന്‍സലര്‍മാര്‍ക്ക് അക്കാദമിക് വിഷയങ്ങളില്‍ വേണ്ട താല്‍പര്യം കാണിക്കുന്നില്ളെന്ന് ആരോപിച്ച് വിവിധ വിദ്യാര്‍ഥി സംഘടനകള്‍ യോഗം നടന്ന കൊച്ചി സര്‍വകലാശാലാ ആസ്ഥാനത്തേക്ക് മാര്‍ച്ച് നടത്തിയിരുന്നു. മാര്‍ച്ച് സമാധാനപരമായിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.