You are Here : Home / News Plus

ഗവര്‍ണ്ണറുടെ ഉപദേഷ്ടാവായി സെന്‍കുമാര്‍ ?

Text Size  

Story Dated: Sunday, October 28, 2018 05:24 hrs EDT

ബി.ജെ.പി അഖിലേന്ത്യാ അദ്ധ്യക്ഷനെ മുന്‍ സംസ്ഥാന പൊലീസ് മേധാവി ടി.പി സെന്‍കുമാര്‍ സന്ദര്‍ശിച്ചത് രാഷ്ട്രീയ കേന്ദ്രങ്ങളില്‍ ചര്‍ച്ചയാകുന്നു.
 
മുന്‍പ് മിസോറാം ഗവര്‍ണ്ണറായ കുമ്മനം രാജശേഖരന് നല്‍കിയ സ്വീകരണ യോഗത്തില്‍ സെന്‍കുമാര്‍ പങ്കെടുത്തിട്ടുണ്ടെങ്കിലും ബി.ജെ.പി അദ്ധ്യക്ഷനെ പോയി കണ്ടത് അതില്‍ നിന്നെല്ലാം വ്യത്യസ്തമാണ്. പ്രത്യേകിച്ച്‌ ശബരിമല വിഷയം മുന്‍ നിര്‍ത്തി കേരളത്തില്‍ പിടിമുറുക്കാന്‍ സംഘപരിവാര്‍ ശ്രമിക്കുന്ന സാഹചര്യത്തില്‍.
 
ശബരിമല വിഷയം കത്തി പടരുകയും സംസ്ഥാന സര്‍ക്കാറിനെ കേന്ദ്രം പിരിച്ചു വിടുന്ന സാഹചര്യം ഉണ്ടാവുകയും ചെയ്താല്‍ ഗവര്‍ണ്ണറുടെ ഉപദേഷ്ടാവായി സെന്‍കുമാറിനെ കേന്ദ്രസര്‍ക്കാര്‍ നിയമിച്ചേക്കുമെന്ന അഭ്യൂഹവും ഇപ്പോള്‍ ശക്തമാണ്.
കാശ്മീരില്‍ ആക്രമണം അടിച്ചമര്‍ത്താന്‍ ഗവര്‍ണ്ണറുടെ ഉപദേഷ്ടാവായി കേന്ദ്ര ആഭ്യന്തര സുരക്ഷാ ഉപദേഷ്ടാവായിരുന്ന വിജയകുമാറിനെയാണ് കേന്ദ്രം നിയോഗിച്ചിരിക്കുന്നത്.
 
ഇപ്പോള്‍ കേന്ദ്രത്തില്‍ തന്ത്ര പ്രധാന സ്ഥാനങ്ങളില്‍ ഇരിക്കുന്ന ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത്ത് ദോവല്‍, ഡപ്യൂട്ടി സുരക്ഷാ ഉപദേഷ്ടാവ് ആര്‍.എന്‍.രവി എന്നിവര്‍ കേരള കേഡര്‍ ഐ.പി.എസുകാരാണ്. ദോവല്‍ മുന്‍കൈ എടുത്ത് കേരള കേഡറില്‍ നിന്നും റിട്ടയര്‍ ചെയ്ത മഹേഷ് കുമാര്‍ സിംഗ്ലക്ക് ആഭ്യന്തര വകുപ്പില്‍ പദവി നല്‍കിയിരുന്നു.
 
 
പിണറായി സര്‍ക്കാരിന്റെ കണ്ണിലെ കരടായ മുന്‍ പൊലീസ് മേധാവി ടി.പി സെന്‍കുമാറിനെ പരമാവധി പ്രയോജനപ്പെടുത്തണമെന്ന നിലപാടാണ് ആര്‍.എസ്.എസ്- ബി.ജെ.പി നേതൃത്വങ്ങള്‍ക്ക് ഉള്ളത്. അമിത് ഷായെ സന്ദര്‍ശിച്ചതോടെ സെന്‍കുമാറിന്റെ സമയം തെളിഞ്ഞു കഴിഞ്ഞതായാണ് ബി.ജെ.പി നേതാക്കള്‍ പറയുന്നത്.
 
സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്ത് നിന്നും കാലാവധി കഴിയും മുന്‍പ് പിണറായി സര്‍ക്കാര്‍ സ്ഥലം മാറ്റിയതിനെതിരെ സുപ്രീം കോടതിയില്‍ നിയമയുദ്ധം നടത്തി തിരിച്ചു വന്ന ചരിത്രമാണ് സെന്‍കുമാറിന്റേത്.
 
മുഖ്യമന്ത്രിയുടെ സ്‌പെഷ്യല്‍ സെക്രട്ടറിയും മുന്‍ ചീഫ് സെക്രട്ടറിയുമായ നളിനി നെറ്റോയുമായുള്ള രൂക്ഷമായ ഭിന്നതയാണ് സെന്‍കുമാറിന് സ്ഥാനം തെറിക്കാന്‍ കാരണമായതെന്നാണ് ആരോപണമുയര്‍ന്നിരുന്നത്. സ്‌റ്റേറ്റ് അഡ്മിനിസ്‌ട്രേഷന്‍ ട്രിബൂണല്‍ അംഗമായി സെന്‍കുമാറിനെ നിയമിക്കുന്ന ശുപാര്‍ശയിലും സംസ്ഥാന സര്‍ക്കാര്‍ 'പാര' വച്ചതിനാല്‍ നിയമനം ത്രിശങ്കുവിലാണ്. ഈ സാഹചര്യത്തിലാണ് സെന്‍കുമാറിനെ ഉന്നത പദവിയിലേക്ക് പരിഗണിക്കാന്‍ ബി.ജെ.പി ആലോചിക്കുന്നത്.
 
സെന്‍കുമാറിനെ രാഷ്ട്രീയത്തില്‍ ഇറക്കണമെന്ന നിലപാട് ബി.ജെ.പിയിലെ ഒരു വിഭാഗത്തിന്നുണ്ടെങ്കിലും സി.പി.എമ്മിനെ വിറപ്പിച്ച്‌ നിര്‍ത്താന്‍ കഴിയുന്ന പോസ്റ്റില്‍ നിയമനം നല്‍കണമെന്ന നിലപാടിനാണ് ഇപ്പോള്‍ മുന്‍ തൂക്കം.
 
 
 
ശബരിമല വിഷയത്തില്‍ അമിത് ഷാ തന്നെ പിണറായി സര്‍ക്കാറിന് മുന്നറിയിപ്പ് നല്‍കുകയും വലിച്ച്‌ താഴെ ഇടാന്‍ മടിക്കില്ലന്ന് പറഞ്ഞതും കേന്ദ്ര സര്‍ക്കാറിന്റെ വരും നാളുകളിലെ നീക്കങ്ങള്‍ സംബന്ധിച്ച സൂചനയായാണ് വിലയിരുത്തപ്പെടുന്നത്.
 
യുവതികള്‍ ശബരിമലയില്‍ പ്രവേശിക്കുന്നത് എന്ത് വില കൊടുത്തും തടയാനാണ് സംഘപരിവാര്‍ അണികള്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.സംഘര്‍ഷം സംസ്ഥാന സര്‍ക്കാറിന് നിയന്ത്രിക്കാന്‍ കഴിഞ്ഞില്ലങ്കില്‍ കേന്ദ്രം ഇടപെടുമെന്നാണ് ബി.ജെ.പി നേതൃത്വം വ്യക്തമാക്കുന്നത്.
 
ശബരിമലയിലെ സംഘര്‍ഷാവസ്ഥ മുന്‍ നിര്‍ത്തി നിലവിലെ സ്ഥിതി തുടരാന്‍ സുപ്രീംകോടതിയെ സമീപിക്കാന്‍ ദേവസ്വം ബോര്‍ഡിനെ പോലും അനുവദിക്കാത്ത പിണറായി സര്‍ക്കാറാണ് സംഘര്‍ഷം വിളിച്ചു വരുത്തുന്നതെന്ന് കാവിപ്പട ആരോപിക്കുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.More From News Plus
More
View More
More From Featured News
View More