You are Here : Home / News Plus

രോഹിത്തിന് ഡബിള്‍ സെഞ്ച്വറി:ഇന്ത്യക്ക് തകര്‍പ്പന്‍ ജയം

Text Size  

Story Dated: Thursday, November 13, 2014 05:03 hrs UTC

കൊല്‍ക്കത്ത: റെക്കോര്‍ഡുകളേറെക്കണ്ട കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡനില്‍ രോഹിത് ശര്‍മയാണ് ഇന്ന് താരമായത്. ഏകദിനത്തിലെ രണ്ടാം ഡബിള്‍ സെഞ്ച്വറിയും ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്കോറും (173 പന്തില്‍ 264 റണ്‍സ്) സ്വന്തമാക്കിയ രോഹിതിന്‍െറ ചിറകിലേറിയ ഇന്ത്യക്ക് ശ്രീലങ്കക്കെതിരെ 153 റണ്‍സിന്‍െറ തകര്‍പ്പന്‍ ജയം. ഇന്ത്യ മുന്നോട്ടുവെച്ച 404 റണ്‍സെന്ന കൂറ്റന്‍ ടോട്ടല്‍ മറികടക്കാന്‍ ശ്രീലങ്കക്കായില്ല. 43.1 ഓവറില്‍ 251 റണ്‍സിന് ശ്രീലങ്കന്‍ നിരയില്‍ എല്ലാവരും പുറത്താവുകയായിരുന്നു.
173 പന്തില്‍ 33 ഫോറും ഒമ്പത് സിക്സറുമടക്കം 264 റണ്‍സ് നേടിയാണ് രോഹിത് വീണ്ടുമൊരു ബാറ്റിംഗ് വിരുന്നൊരുക്കിയത്. ഇതോടെ ഏകദിനത്തിലെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്കോര്‍ എന്ന വിരേന്ദര്‍ സെവാഗിന്‍െറ റെക്കോര്‍ഡ് രോഹിത് മറികടന്നു. 2011ല്‍ വിന്‍ഡീസിനെതിരെയായിരുന്നു സെവാഗ് 209 റണ്‍സ് നേടിയിരുന്നത്. സച്ചിന്‍ ടെന്‍ഡുല്‍ക്കറും വീരേന്ദര്‍ സെവാഗുമാണ് രോഹിത്തിന് മുമ്പ് ഇരട്ടസെഞ്ച്വറി നേടിയ കളിക്കാര്‍. 2013 നവംബര്‍ രണ്ടിന് ആസ്ട്രേലിയക്കെതിരെയാണ് രോഹിത് തന്‍െറ ആദ്യ ഡബ്ള്‍ സെഞ്ച്വറി നേടിയത്. 209 റണ്‍സായിരുന്നു അന്ന് രോഹിത് നേടിയത്.
ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യന്‍ നിരയില്‍ ക്യാപ്റ്റന്‍ വിരാട് കോഹ് ലി 66 റണ്‍സെടുത്തു. ശ്രീലങ്കക്കുവേണ്ടി എയ്ഞ്ചലോ മാത്യൂസ് രണ്ട് വിക്കറ്റും കുലശേഖരയും എറാങ്കയും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
മറുപടി ബാറ്റിംഗിനിറങ്ങിയ ശ്രീലങ്കയില്‍ നിന്ന് കാര്യമായ ചെറുത്തുനില്‍പ്പുണ്ടായില്ല. എയ്ഞ്ചലോ മാത്യൂസ് 75 റണ്‍സെടുത്തു. തിരിമാനെ 59 റണ്‍സും ടി.എം ദില്‍ഷന്‍ 34ഉം റണ്‍സെടുത്തു. ഇന്ത്യക്കുവേണ്ടി ഡി.എസ് കുല്‍ക്കര്‍ണി നാല് വിക്കറ്റെടുത്തു. യു.ടി യാദവ്, സ്റ്റുവര്‍ട്ട് ബിന്നി, അക്സര്‍ പട്ടേല്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ മൂന്നു മത്സരങ്ങളും ഇന്ത്യ ജയിച്ചിരുന്നു. അവസാന ഏകദിനം ഞായറാഴ്ച റാഞ്ചിയില്‍ നടക്കും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.