You are Here : Home / News Plus

‘കേസരി’യിലെ ലേഖനം:ലേഖകനെ അറസ്റ്റു ചെയ്യണമെന്ന് യൂത്ത് കോണ്‍ഗ്രസ്

Text Size  

Story Dated: Wednesday, October 22, 2014 04:49 hrs UTC

കൊച്ചി: ആര്‍.എസ്.എസ് ജിഹ്വയായ ‘കേസരി’ വാരികയില്‍ ഗോദ്സെ വധിക്കേണ്ടിയിരുന്നത് നെഹ്റുവിനെയായിരുന്നെന്ന വ്യക്തമായ സൂചനയുമായി വിവാദ ലേഖനമെഴുതിയ ലേഖകനെ രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റു ചെയ്യണമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്‍റ് ഡീന്‍ കുര്യാക്കോസ്. ബി.ജെ.പി സംസ്ഥാന സമിതിയംഗവും ആര്‍.എസ്.എസ് നേതാവുമായ അഡ്വ. ബി. ഗോപാലകൃഷ്ണനാണ് വിവാദ ലേഖനമെഴുതിയത്. 
ലോകം മുഴുവന്‍ ഗാന്ധിജിയെയും നെഹ്റുവിനെയും പിന്തുടരുമ്പോള്‍ ഗോദ്സെയുടെ പ്രേതം ആര്‍.എസ്.എസിനെ ഇപ്പോഴും പിന്തുടരുന്നുവെന്ന് ലേഖനം വ്യക്തമാക്കുന്നതായി അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു. ഇന്ന് കാണുന്ന ഇന്ത്യയിലേക്ക് പഞ്ചവത്സര പദ്ധതികളിലൂടെ സമഗ്ര വികസന മാതൃകകള്‍ അവതരിപ്പിക്കുകയും ചേരിചേരാ പ്രസ്ഥാനത്തിലൂടെ ഇന്ത്യയെ ലോക രാജ്യങ്ങളുടെ മുന്‍നിരയിലേക്ക് നയിക്കുകയും ചെയ്ത നേതൃത്വമാണ് നെഹ്റുവിന്‍േറത്.
പതിറ്റാണ്ടുകാലം രാജ്യ സ്വാതന്ത്ര്യത്തിന് വേണ്ടി ജയില്‍വാസമനുഷ്ഠിച്ച നെഹ്റുവിനെതിരെ ‘കേസരി’ വാരികയില്‍ ആര്‍.എസ്.എസ് നടത്തിയ അധിക്ഷേപകരമായ പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറയണം. നെഹ്റുവിനെ അധിക്ഷേപിക്കുന്നത് രാജ്യത്തെ അധിക്ഷേപിക്കുന്നതിന് തുല്യമാണ്. മതേതര, ജനാധിപത്യ സങ്കല്‍പങ്ങളില്‍ നിന്ന് ഘട്ടം ഘട്ടമായി ജനങ്ങളുടെ ചിന്ത മാറ്റുന്നതിന് ബോധപൂര്‍വമായ ശ്രമമാണ് നടക്കുന്നത്. വര്‍ഗീയ വിദ്വേഷത്തിന്‍െറ ചോര ചിന്തിയ പാപക്കറ ശരീരത്തിലും മനസിലും ചുമക്കുന്ന ഗോദ്സെ-മോദി ശിഷ്യരില്‍ നിന്ന് ഗാന്ധിജിയുടെ ഇന്ത്യക്ക് ഒന്നും പഠിക്കാനില്ല. മതേതര വിശ്വാസികള്‍ക്ക് ആര്‍.എസ്.എസും ബി.ജെ.പിയും മാതൃകയുമല്ല -പ്രസ്താവനയില്‍ പറഞ്ഞു.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.