You are Here : Home / News Plus

108 ആംബുലന്‍സ് അഴിമതിയില്‍ സി.ബി.ഐ അന്വേഷണത്തിന് ശിപാര്‍ശ

Text Size  

Story Dated: Tuesday, October 21, 2014 05:26 hrs UTC

ജെയ്പൂര്‍: കോണ്‍ഗ്രസിലെ ഉന്നതര്‍ ഉള്‍പ്പെട്ട 108 ആംബുലന്‍സ് അഴിമതിയില്‍ സി.ബി.ഐ അന്വേഷണത്തിന് രാജസ്ഥാന്‍ സര്‍ക്കാറിന്‍റെ നീക്കം. സി.ബി.ഐ അന്വേഷണത്തിന് മുഖ്യമന്ത്രി വസുന്ധര രാജ സിന്ധ്യ ശിപാര്‍ശ നല്‍കിയതായി ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥന്‍ പുറത്തുവിട്ടു. ഇക്കാര്യമാവശ്യപ്പെട്ട് കേന്ദ്രത്തിന് കത്തയക്കുമെന്നും വ്യക്തമാക്കി.
മുന്‍ രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്,മുന്‍ കേന്ദ്ര മന്ത്രി സച്ചിന്‍ പൈലറ്റ്,മുന്‍ കേന്ദ്രമന്ത്രി വയലാര്‍ രവിയുടെ മകന്‍ രവി കൃഷ്ണ, പി.ചിദംബരത്തിന്‍റെ മകന്‍ കാര്‍ത്തി ചിദംബരം എന്നിവരടക്കം നിരവധി ഉന്നതര്‍ക്കെതിരെ രാജസ്ഥാന്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. കേരള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മുന്‍ സാമ്പത്തിക ഉപദേഷ്ടാവ് ഷാഫി മത്തേറും കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. വിശ്വാസ വഞ്ചന, കുറ്റകരമായ ഗൂഢാലോചന തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്താണ് കേസ് എടുത്തിരിക്കുന്നത്.
വയലാര്‍ രവിയുടെ മകന്‍ എം.ഡിയായ ‘സ്വിഗിത്സ ഹെല്‍ത്ത്കെയര്‍’ എന്ന കമ്പനി മുന്‍ കോണ്‍ഗ്രസ് സര്‍ക്കാറിന്‍റെ കാലത്ത് രാജസ്ഥാന്‍, ബീഹാര്‍, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളില്‍ ഉടനീളം 108 ആംബുലന്‍സിന്‍റെ ടെന്‍ഡറുകള്‍ എടുത്തിരുന്നു. എന്നാല്‍, ആംബുലന്‍സിന്‍റെ പ്രവര്‍ത്തനത്തില്‍ വന്‍ ക്രമക്കേടുകള്‍ നടന്നതായി രാജസ്ഥാന്‍ സര്‍ക്കാറിന്‍റെ ആരോഗ്യവകുപ്പ് കണ്ടത്തെി.
രാജസ്ഥാനില്‍ മാത്രം ഏകദേശം 2.56 കോടിയുടെ നഷ്ടം കമ്പനി സര്‍ക്കാറിനുണ്ടാക്കിയെന്നാണ് കണ്ടത്തെിയിരിക്കുന്നത്. രാഷ്ട്രീയബന്ധം ഉപയോഗിച്ച് കോണ്‍ഗ്രസ് സ്വിഗിത്സ ഹെല്‍ത്ത് കെയറിന് ടെന്‍ഡര്‍ നേടിക്കൊടുക്കുകയായിരുവെന്നും സച്ചിന്‍ പൈലറ്റും ചിദംബരവും കമ്പനിയുടെ ഡയറക്ടര്‍മാരായി ഇരുന്നുവെന്നത് ഇതിന്‍റെ തെളിവാണെന്നും ആരോപണമുയര്‍ന്നു. ജയ്പൂര്‍ മുന്‍ മേയര്‍ പങ്കജ് ജോഷിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ആണ് കേസ് എടുത്തത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.