You are Here : Home / News Plus

ഹൈബി ഈഡന്‍ കുസാറ്റ് സിന്‍ഡിക്കേറ്റ് അംഗത്വം രാജി വച്ചു

Text Size  

Story Dated: Saturday, October 18, 2014 04:44 hrs UTC

കൊച്ചി: ഡോ. ജെ. ലതയെ കുസാറ്റ് വിസിയാക്കിയതില്‍ പ്രതിഷേധിച്ച് ഹൈബി ഈഡന്‍ എംഎല്‍എ സിന്‍ഡിക്കേറ്റ് അംഗത്വം രാജിവച്ചു. ഹൈബി വിസി സ്ഥാനത്തേക്ക് നിര്‍ദ്ദേശിച്ച കുസാറ്റ് മുന്‍ രജിസ്ട്രാര്‍ ഡോ. രാമചന്ദ്രനെ പരിഗണിക്കാത്ത ഗവര്‍ണറുടെ നടപടിയില്‍ പ്രതിഷേധിച്ചാണ് രാജി. തന്റെ നിര്‍ദ്ദേശം അവഗണിച്ചതിന് പുറമെ തിരുവനന്തപുരം മുന്‍മേയറും, സിപിഎം കൗണ്‍സിലറുമായ ജെ. ചന്ദ്രയുടെ സഹോദരിയായ ലതയെ നിയമിച്ചതിലും ഹൈബിക്ക് കടുത്ത പ്രതിഷേധം ഉണ്ടെന്നാണ് സൂചന.
കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാലാ വിസിയെ തെരഞ്ഞെടുക്കാന്‍ സിന്‍ഡിക്കേറ്റ് പ്രതിനിധിയായി ഹൈബി ഈഡന്‍, സര്‍ക്കാര്‍ പ്രതിനിധിയായ അഡീഷണല്‍ ചീഫ് സെക്രട്ടറി കെഎം എബ്രഹാം, യുജിസി പ്രതിനിധി ഡോ. ബലറാം എന്നിവരടങ്ങുന്ന സേര്‍ച്ച് കമ്മറ്റിയായിരുന്നു തെരഞ്ഞെടുത്തത്. മുന്‍ധാരണ പ്രകാരം കഴിഞ്ഞ ദിവസം നടന്ന സേര്‍ച്ച് കമ്മറ്റി യോഗത്തിന്റെ തുടക്കത്തില്‍ കുസാറ്റ് മുന്‍ രജിസ്ട്രാര്‍ ഡോ. എം രാമചന്ദ്രന്റെ പേര് ഹൈബി ഈഡന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. എന്നാല്‍ സര്‍ക്കാര്‍ പ്രതിനിധിയായ ഡോ.കെഎം എബ്രഹാം സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറായിരുന്ന ഡോ. ജെ ലതയുടെ പേരും നിര്‍ദ്ദേശിച്ചു. ഇതോടെ നിലവിലെ കുസാറ്റ് പ്രോ വിസിയായ ഡോ, പൗലോസ് ജേക്കബിന്റെ പേര് ഉള്‍പ്പെടുത്തി മൂന്നുപേരുടെ പട്ടിക ഗവര്‍ണര്‍ക്ക് സമര്‍പ്പിക്കുകയായിരുന്നു. എന്നാല്‍ പട്ടികയിലെ ഒന്നാം പേരുകാരനായ ഡോ. എം രാമചന്ദ്രനെ തഴഞ്ഞ് ഡോ. ജെ ലതയെ വിസിയാക്കിയ ഗവര്‍ണറുടെ നടപടിയാണ് ഹൈബി ഈഡനെ ചൊടിപ്പിച്ചത്. ഗവര്‍ണര്‍ ഏകാധിപതിയെപോലെ പെരുമാറിയെന്നാരോപിച്ചാണ് ഹൈബി ഈഡന്‍ സിന്‍ഡിക്കേറ്റ് അംഗത്വം രാജിവച്ചത്.
കുസാറ്റിലെ രജിസ്ട്രാറായി പ്രവര്‍ത്തിച്ച് പരിചയമുള്ള ഡോ. എം രാമചന്ദ്രന് ഇവിടെ ഓരോ സ്പന്ദനവും അറിയാമെന്നും ഭരണമികവ് തെളിയിച്ചിയിച്ച വ്യക്തിയാണെന്നും ഹൈബി രാജികത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. തന്റെ നിര്‍ദ്ദേശം തള്ളിയതിന് പുറമെ തിരുവനന്തപുരം മുന്‍മേയറും, സിപിഎം കൌണ്‍സിലറുമായ ജെ. ചന്ദ്രയുടെ സഹോദരിയായ ലതയെ നിയമിച്ചതിലും ഹൈബിക്ക് കടുത്ത പ്രതിഷേധമുണ്ട്. ഇക്കാര്യത്തിലുള്ള എതിര്‍പ്പ് മുഖ്യമന്ത്രിയെയും, വിദ്യാഭ്യാസ മന്ത്രിയെയും അറിയിക്കാനാണ് ഹൈബി ഈഡന്റെ തീരുമാനം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.