You are Here : Home / News Plus

ഡീസലിന് ഇനി വിപണി വില

Text Size  

Story Dated: Saturday, October 18, 2014 04:25 hrs UTC

ന്യൂഡല്‍ഹി: ഡീസല്‍ വില നിയന്ത്രണം കേന്ദ്ര സര്‍ക്കാര്‍ നീക്കി. ഡീസല്‍ വില ഇനി എണ്ണക്കമ്പനികള്‍ തീരുമാനിക്കും. ഇന്ന് ചേര്‍ന്ന കേന്ദ്രമന്ത്രി സഭാ യോഗത്തിന്‍േറതാണ് തീരുമാനം. കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റിലിയാണ് ഇക്കാര്യം വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചത്. പുതുക്കിയ വില ഇന്ന് അര്‍ധ രാത്രി മുതല്‍ നിലവില്‍ വരും.
അന്താരാഷ്ട്ര വിപണിയിലെ ക്രൂഡ് ഓയില്‍ വിലക്കനുസരിച്ച് ഡീസല്‍ വില കൂട്ടുന്നതിന് എണ്ണക്കമ്പനികള്‍ക്ക് ഇനി സര്‍ക്കാറിന്‍െറ അനുമതി തേടേണ്ടതില്ല. ഡീസല്‍ വില നിശ്ചയിക്കാന്‍ എണ്ണകമ്പനികള്‍ക്ക് അംഗീകാരം നല്‍കുന്ന വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തിയ ശിപാര്‍ശ മന്ത്രിസഭ അംഗീകരിക്കുകയായിരുന്നു. എണ്ണക്കമ്പനികള്‍ ദീര്‍ഘകാലമായി ഉന്നയിക്കുന്ന ആവശ്യത്തിനാണ് കേന്ദ്രം പച്ചക്കൊടി കാട്ടിയത്.
നേരത്തേ പെട്രോളിന്‍െറ വില നിയന്ത്രണം യു.പി.എ സര്‍ക്കാര്‍ എടുത്തു കളഞ്ഞിരുന്നു. എന്നാല്‍ ഡീസല്‍ വില നിയന്ത്രണാധികാരം കേന്ദ്രം നീക്കിയിരുന്നില്ല. സര്‍ക്കാറിന്‍െറ പുതിയ തീരുമാനത്തോടെ ഡല്‍ഹിയില്‍ ഡീസലിന് ലിറ്ററിന് 3.57 പൈസ കുറയും. ഡീസല്‍ വില മാസം തോറും ലിറ്ററിന് 50 പൈസ വീതം വര്‍ധിപ്പിക്കുക എന്ന യു.പി.എ സര്‍ക്കാര്‍ നയമായിരുന്നു ഇതു വരെ രാജ്യത്ത് നടപ്പാക്കിയിരുന്നത്.
സര്‍ക്കാറിന്‍െറ പുതിയ പാചകവാതക നയവും മന്ത്രിസഭ പ്രഖ്യാപിച്ചു. നവംബര്‍ ഒന്നു മുതല്‍ നയം നിലവില്‍ വരും. പാചകവാതക വില വര്‍ഷത്തില്‍ രണ്ടു തവണ പുതുക്കുന്നത് പുതിയ നയത്തിലുണ്ട്. ബാങ്കു വഴി പാചകവാതക സബ്സിഡികള്‍ നല്‍കുന്ന യു.പി.എ സര്‍ക്കാറിന്‍െറ പദ്ധതി പുതിയ രീതിയില്‍ അവതരിപ്പിക്കും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.