You are Here : Home / News Plus

ബി.ജെ.പി മാപ്പ് പറയണമെന്ന് കോണ്‍ഗ്രസ്

Text Size  

Story Dated: Friday, October 17, 2014 04:33 hrs UTC

ന്യൂഡല്‍ഹി: സ്വിസ് ബാങ്കുകളില്‍ കള്ളപ്പണമുള്ളവരുടെ പേരുകള്‍ പുറത്തുവിടില്ലെന്ന സര്‍ക്കാറിന്‍െറ നിലപാടിനെതിരെ കോണ്‍ഗ്രസ്. കള്ളപ്പണക്കാരുടെ പേരുവിവരം പുറത്തുവിടണം. ഇല്ലെങ്കില്‍ ഇതിന്‍െറ പേരില്‍ കോണ്‍ഗ്രസിനെ വിമര്‍ശിച്ച ബി.ജെ.പിയും സഖ്യകക്ഷികളും മാപ്പുപറയണമെന്ന് കോണ്‍ഗ്രസ് നേതാവും മുന്‍ വിദേശകാര്യ മന്ത്രിയുമായ സല്‍മാന്‍ ഖുര്‍ശിദ് ആവശ്യപ്പെട്ടു.
മുന്‍ സര്‍ക്കാറുകളാണ് ഇത്തരമൊരു നിയമത്തിന് പിന്നിലെന്ന് പറഞ്ഞ് രക്ഷപ്പെടാന്‍ സാധിക്കില്ല. പേരുവിവരം പുറത്തുവിടാതിരിക്കാനുള്ള കരാറില്‍ നിന്ന് ഈ സര്‍ക്കാര്‍ പിന്തിരിയണം. അല്ലെങ്കില്‍ രാജ്യത്തെ ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനം പാലിക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്നും ഖുര്‍ശിദ് പറഞ്ഞു.
1995ലെ കരാറിനാണ് കുറ്റമെങ്കില്‍ എന്തുകൊണ്ട് 1998 മുതല്‍ 2004 വരെ അധികാരത്തിലിരുന്ന വാജ്പേയ് സര്‍ക്കാര്‍ കരാറില്‍ ഭേദഗതി വരുത്തിയില്ലെന്ന് മുന്‍ കേന്ദ്ര വാണിജ്യമന്ത്രി ആനന്ദ് ശര്‍മ ചോദിച്ചു.
വിദേശ രാജ്യങ്ങളില്‍ കള്ളപ്പണം നിക്ഷേപിച്ച ഇന്ത്യക്കാരുടെ പേരുവിവരങ്ങള്‍ പുറത്തുവിടാന്‍ സാധിക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചിരുന്നു. കള്ളപ്പണം നിക്ഷേപിച്ച ഇന്ത്യക്കാരുടെ വിവരങ്ങള്‍ പുറത്തുവിടാന്‍ നിര്‍ദേശിക്കണമെന്ന് ചൂണ്ടിക്കാട്ടി മുതിര്‍ന്ന അഭിഭാഷകന്‍ രാം ജത്മലാനി സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയാണ് സര്‍ക്കാര്‍ നിലപാടറിയിച്ചത്. നിക്ഷേപകരുടെ വിവരങ്ങള്‍ വെളിപ്പെടുത്തില്ലെന്ന് ഉറപ്പുനല്‍കി വിദേശ രാജ്യങ്ങളുമായി കേന്ദ്രസര്‍ക്കാര്‍ കരാറിലേര്‍പ്പെട്ടിട്ടുണ്ട്. വിവരങ്ങള്‍ പുറത്തുവിട്ടാല്‍ അത് കരാര്‍ ലംഘനമാകുമെന്നും സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.