You are Here : Home / News Plus

പത്മനാഭസ്വാമി ക്ഷേത്രഭരണം തിരുവനന്തപുരം ജില്ലാ ജഡ്ജിക്ക് : സുപ്രീംകോടതി

Text Size  

Story Dated: Thursday, April 24, 2014 11:43 hrs UTC

തിരുവനന്തപുരം ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിന്‍റെ ഭരണം തിരുവനന്തപുരം ജില്ലാ ജഡ്ജിയെ ഏല്‍പിച്ചുകൊണ്ട് സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവ്. ജില്ലാ ജഡ്ജി അധ്യക്ഷനായ അഞ്ചംഗ സമിതിക്കാണ് ഭരണ ചുമതല. നിലവറകളുടെ താക്കോല്‍ ജില്ലാ ജഡ്ജി ആയിരിക്കും സൂക്ഷിക്കുക.കെ.എന്‍ സതീഷ് ഐ.എ.എസ് പുതിയ എക്സിക്യൂട്ടിവ് ഓഫീസര്‍ ആവും. മുമ്പ് തിരുവനന്തപുരം ജില്ലാ കളക്ടര്‍ ആയിരുന്ന സതീഷ് ഇപ്പോള്‍ ഹയര്‍ സെക്കന്‍ററി ഡയറക്ടര്‍ ആണ്. ഗുരുവായൂര്‍ ദേവസ്വം കമ്മീഷണര്‍ ആയി പ്രവര്‍ത്തിച്ചിട്ടുണ്ട്. ആന്ധ്രപ്രദേശില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നിരീക്ഷകന്‍ ആയി പോയിരിക്കുകയാണ് ഇദ്ദേഹം.അമികസ് ക്യൂറി ഗോപാല്‍ സുബ്രഹ്മണ്യം നല്‍കിയ അടിയന്തിര പ്രാധാന്യമുള്ള റിപ്പോര്‍ട്ട് പരിഗണിച്ചാണ് ജസ്റ്റിസ് ആര്‍.എം ലോധ,എ.കെ പട്നായിക് എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്‍റെ ഉത്തരവ്. ക്ഷേത്രഭരണം കയ്യാളിയിരുന്ന തിരുവിതാംകൂര്‍ രാജകുടുംബത്തിന് തിരിച്ചടിയാണ് കോടതി വിധി.

             ക്ഷേത്രത്തിന്‍റെ 25 വര്‍ഷത്തെ വരവ് ചെലവു കണക്കുകള്‍ പരിശോധിക്കാന്‍ മുന്‍ സി.എ.ജി വിനോദ് റായിയെ ചുമതലപ്പെടുത്തി. ഇതിലേക്കുള്ള അംഗങ്ങളെ വിനോദ് റായിക്ക് നിര്‍ദേശിക്കാം. എല്ലാ ശനിയാഴ്ചയും ക്ഷേത്രത്തിലെ കാണിക്കകളുടെ കണക്കെടുക്കണം. ജില്ലാ ജഡ്ജിയുടെ സാന്നിധ്യത്തില്‍ ആയിരിക്കണം ഈ കണക്കെടുപ്പ്. ഇനിയൊരു ഉത്തരവുണ്ടാവുന്നതുവരെ ക്ഷേത്രത്തിന്‍റെ ഉടമ്സഥതയില്‍ ഉള്ള സ്ഥലം വില്‍ക്കാനോ കൈമാറാനോ പാടില്ലെന്നും  സുപ്രീംകോടതിയുടെ ഉത്തരവില്‍ പറയുന്നു. സംസ്ഥാന സര്‍ക്കാര്‍ ക്ഷേത്ര ഭരണത്തില്‍ പങ്കാളിത്തം ആവശ്യപ്പെട്ടെങ്കിലും തല്‍ക്കാലം അത് പരിഗണിക്കാനാവില്ലെന്ന്  കോടതി പറഞ്ഞു. ജഡ്ജിക്കു പുറമെ, ക്ഷേത്രം തന്ത്രിയും നമ്പിയും ഭരണസമിതിയില്‍ അംഗങ്ങള്‍ ആയിരിക്കും. ബാക്കിയുള്ള രണ്ടു അംഗങ്ങളെ സര്‍ക്കാറിനും രാജ കുടംബത്തിനും നിര്‍ദേശിക്കാം. എന്നാല്‍, ഈ അംഗങ്ങളെ നിയമിക്കുന്നതില്‍ അന്തിമ തീരുമാനം ജില്ലാ ജഡ്ജിയുടേതായിരിക്കും.നിലവില്‍ തിരുവനന്തപുരം ജില്ലാ ജഡ്ജി കൃസ്ത്യന്‍ മത വിശ്വാസിയായതിനാല്‍ അഡീഷണല്‍ ജില്ലാ ജഡ്ജ് കെ.പി ഇന്ദിരക്കായിരിക്കും ക്ഷേത്രത്തിന്‍റെ ഭരണ ചുമതല.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.