You are Here : Home / News Plus

സുനന്ദയുടെ പോസ്റ്റ്മോര്‍ട്ടം വിദഗ്ധ സംഘത്തിന്‍റെ മേല്‍നോട്ടത്തില്‍

Text Size  

Story Dated: Saturday, January 18, 2014 07:33 hrs UTC

 

ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കാണപ്പെട്ട സുനന്ദ പുഷ്കറിന്‍റെ  പോസ്റ്റ്മോര്‍ട്ടം മൂന്നു മുതിര്‍ന്ന ഡോക്ടര്‍മാരുടെ മേല്‍നോട്ടത്തില്‍ എയിംസില്‍ നടക്കും. ഇതിനായി പ്രത്യേക മുറി സജ്ജീകരിച്ചു. നടപടികള്‍ കാമറയില്‍ പകര്‍ത്തും. രാവിലെ പത്തു മണിയോടെ പോസ്റ്റ്മോര്‍ട്ടം നടക്കുമെന്നായിരുന്നു നേരത്തെയുള്ള വിവരം. എന്നാല്‍, മൃതദേഹത്തില്‍ കൂടുതല്‍ പരിശോധനകള്‍ ആവശ്യമായതിനാല്‍ പോസ്റ്റ്മോര്‍ട്ടം വൈകുമെന്നാണ് ഇപ്പോഴത്തെ സൂചന.

സംസ്കാരം ഡല്‍ഹിയില്‍ നടക്കുമെന്നാണ് വിവരം. ശശി തരൂരിന്‍റെ  അമ്മയും സഹോദരിയും ഡല്‍ഹിയിലേക്ക് തിരിച്ചു. അതിനിടെ, ശാരീരികാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ശശി തരൂരിനെ രാവിലെ എയിംസിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. നെഞ്ചുവേദയയെ തുടര്‍ന്നാണ് ഇത്. എന്നാല്‍, അപകടനില തരണം ചെയ്തതിനെ തുടര്‍ന്ന് പിന്നീട് ഡിസ്ചാര്‍ജ് ചെയ്തു.

സുനന്ദ മരിച്ചതായി അറിഞ്ഞതു മുതല്‍ വളരെ വികാരധീനനായാണ് തരൂര്‍ കാണപ്പെട്ടത്. നിരവധി തവണ കരഞ്ഞ അദ്ദേഹം വിവരമറിഞ്ഞ് അമ്മ വിളിച്ചപ്പോള്‍ നിലവിട്ട് പൊട്ടിക്കരഞ്ഞതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

പ്രാഥമിക വിവരങ്ങള്‍ തരൂര്‍ പൊലീസിനു നല്‍കിയിട്ടുണ്ട്. ഇവര്‍ കഴിഞ്ഞിരുന്ന ലീലാ ഹോട്ടല്‍ ജീവനക്കാരില്‍ നിന്നും പൊലീസ് വിവരങ്ങള്‍ ശേഖരിച്ചു. സുനന്ദ രണ്ടു ദിവസമായി ഭക്ഷണം കഴിച്ചിരുന്നില്ളെന്നും അമിതമായി മദ്യവും ഉറക്കഗുളികയും കഴിച്ചിരുന്നതായും ജീവനക്കാര്‍ പറയുന്നു.

വിശദമായ റിപ്പോര്‍ട്ട് കിട്ടിയ ശേഷമായിരിക്കും സംഭവത്തില്‍ കേസ് എടുക്കുന്നത് പരിഗണിക്കുക.

അമ്മയുടെ മരണ വിവരമറിഞ്ഞ് സുനന്ദയുടെ മകന്‍ ശിവ് മേനോന്‍ ആശുപത്രിയില്‍ എത്തി. മലയാളിയായ മുന്‍ ഭര്‍ത്താവ് സുജിത് മേനോനിലുള്ള മകന്‍ ആണ് ശിവ് മേനോന്‍.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.