You are Here : Home / News Plus

ഋഷിരാജ് സിങ് രാജിക്കൊരുങ്ങുന്നതായി സൂചന

Text Size  

Story Dated: Saturday, June 14, 2014 10:15 hrs UTC

വാഹനങ്ങളില്‍ പിന്‍സീറ്റിലിരിക്കുന്നവരും സീറ്റ് ബെല്‍റ്റ് ധരിക്കണമെന്ന ഉത്തരവ് തന്നോട് ആലോചിക്കാതെ പിന്‍വലിച്ചതില്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ഋഷിരാജ് സിങ്ങിന് പ്രതിഷേധം. ഗതാഗത കമ്മീഷണര്‍ സ്ഥാനത്തുനിന്നും ഋഷിരാജ് സിംഗ് ഒഴിയുന്നതായി റിപ്പോര്‍ട്ടുകളുണ്ട് ‍.അവധിയിലായിരുന്ന ഋഷിരാജ് സിംഗ് ഒരു മാസത്തേക്ക് കൂടി അവധി ദീര്‍ഘിപ്പിച്ചിട്ടുണ്ട്. ഇക്കാര്യം അറിയിച്ച് അദ്ദേഹം സര്‍ക്കാരിന് കത്തു നല്കി. ഗതാഗത കമ്മീഷണര്‍ സ്ഥാനത്തു തുടരാന്‍ താല്പര്യമില്ലെന്ന് അദ്ദേഹം സഹപ്രവര്‍ത്തകരെ അറിയിച്ചു.

പിന്‍സീറ്റിലെ സീറ്റ് ബെല്‍റ്റ് അനാവശ്യമാണെന്നും ഉത്തരവ് പിന്‍വലിക്കണമെന്നും എം.എല്‍.കെ ശിവദാന്‍ നായര്‍ നിയമസഭയില്‍ സബ്മിഷനിലൂടെ ആവശ്യപ്പെട്ടിരുന്നു.പിന്‍സീറ്റ് യാത്രക്കാര്‍ സീറ്റ് ബെല്‍റ്റ് ഉപയോഗിക്കണമെന്ന ഉത്തരവ് പിന്‍വലിക്കുമെന്ന് വെള്ളിയാഴ്ച ഗതാഗത മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നിയമസഭയില്‍ വ്യക്തമാക്കുകയും ഉത്തരവ് പിന്‍വലിക്കുകയും ചെയ്തിരുന്നു.

സര്‍ക്കാര്‍ ഗതാഗത കമ്മീഷണറുമായി യാതൊരു കൂടിയാലോചനകളും നടത്താതെ ഒറ്റയടിക്ക് സര്‍ക്കുലര്‍ പിന്‍വലിച്ചത് ശരിയായില്ലെന്നാണ് ഋഷിരാജ് സിംഗിന്റെ നിലപാട്. വകുപ്പ് മന്ത്രിയും ഋഷിരാജ് സിംഗും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങളും അദ്ദേഹത്തെ ഗതാഗത കമ്മീഷണര്‍ സ്ഥാനത്ത് നിന്നും ഒഴിയാന്‍ പ്രേരിപ്പിച്ചിട്ടുള്ളതായാണ് അദ്ദേഹത്തിന്റെ ഓഫീസുമായി ബന്ധപ്പെട്ട വൃത്തങ്ങളില്‍ നിന്നും ലഭിക്കുന്ന സൂചന.
എന്നാല്‍ സ്ഥാനമൊഴിയുന്ന കാര്യം ഋഷിരാജ് സിംഗ് തന്നോടു പറഞ്ഞിട്ടില്ലെന്ന് ഗതാഗത മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. പിന്‍സീറ്റില്‍ സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കിക്കൊണ്ടുള്ള സര്‍ക്കുലര്‍ പ്രായോഗികമല്ലെന്ന നിലപാടില്‍ ഉറച്ചുനില്ക്കുന്നതായും അദ്ദേഹം അറിയിച്ചു. ആളുകളെ ബുദ്ധിമുട്ടിക്കുന്ന നടപടിയോടു താല്പര്യമില്ല. കേരളത്തില്‍ 80 ശതമാനം വാഹനങ്ങള്‍ക്കും പിന്‍സീറ്റില്‍ സീറ്റ് ബെല്‍റ്റില്ല. ഇല്ലാത്ത കാര്യങ്ങള്‍ പാലിക്കണമെന്നു നിര്‍ബന്ധിക്കാനാകില്ലെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.
അതേസമയം ഋഷിരാജ് സിംഗിനെ പുകഴ്ത്തി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല രംഗത്തെത്തി. മികച്ച ഉദ്യോഗസ്ഥനാണ് സിംഗെന്നു പറഞ്ഞ ചെന്നിത്തല ഏല്പിക്കുന്ന കാര്യങ്ങള്‍ ഭംഗിയായി നിര്‍വഹിക്കുന്നയാളാണ് അദ്ദേഹമെന്നും പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.