ന്യൂഡൽഹി: കേന്ദ്രമന്ത്രി ശശി തരൂരിൽ നിന്നു വിവാഹമോചനം തേടാൻ പോകുന്നുവെന്ന് പറഞ്ഞ സുനന്ദ പുഷ്കർ മലക്കം മറിഞ്ഞു. തരൂരുമായുള്ളത് സന്തുഷ്ടമായ ദാമ്പത്യ ജീവിതമാണെന്ന് സുനന്ദ ട്വിറ്ററിലൂടെ തന്നെ വ്യക്തമാക്കി. തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സമയത്തുള്ള വിവാദത്തിനു പിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങളാണെന്നും സുനന്ദ പറഞ്ഞു.
പാകിസ്ഥാനിലെ മാദ്ധ്യമ പ്രവർത്തകയെ ഉപയോഗിച്ച് ശശി തരൂരിനെ കരിതേച്ചു കാണിക്കാനാണ് ആളുകളുടെ ശ്രമം.ജോലി നഷ്ടപ്പെട്ടതിനെ തുടർന്നാണ് പാക് മാദ്ധ്യമ പ്രവർത്തക മെഹർ തരാർ ഇത്തരം വേലകളുമായി ഇറങ്ങിയിരിക്കുന്നത്. ഒമറിനോടും (കാശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയെ ആണോ സുനന്ദ ഉദ്ദേശിച്ചതെന്ന് വ്യക്തമല്ല) ഇതുപോലെ അവർ കാണിച്ചിട്ടുണ്ടാകാം- സുനന്ദ എഴുതി.
അതേസമയം സുനന്ദയ്ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് മെഹർ തരാർ പറഞ്ഞു. തന്നെ ഐ.എസ്.ഐ ഏജന്റ് എന്നു വിളിച്ചതിന്റെ പേരിലാണിതെന്ന് അവർ വ്യക്തമാക്കി.
Comments