You are Here : Home / News Plus

ജേക്കബ് തോമസിനെ അതേ നാണയത്തില്‍ തിരിച്ചടിച്ച്‌കടകംപള്ളി

Text Size  

Story Dated: Sunday, November 25, 2018 08:19 hrs UTC

ശബരിമലയിലെ നിരോധനാജ്ഞയെ പരിഹസിച്ച ഡിജിപി ജേക്കബ് തോമസിനെതിരെ അതേ നാണയത്തില്‍ തിരിച്ചടിച്ച്‌ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍.രാധാകൃഷ്ണന്റെ പോലീസിലെ പതിപ്പാണ് ജേക്കബ് തോമസെന്ന് കടകംപള്ളി പരിഹസിച്ചു.

ശബരിമല വിഷയത്തില്‍ പ്രതിഷേധം തുടരുന്ന ബിജെപിയേയും സുരേന്ദ്രന്‍ രൂക്ഷമായി വിമര്‍ശിച്ചു. ഭയപ്പെടുത്തി തീര്‍ഥാടകരെ ശബരിമലയിലേക്ക് വരുത്താതിരിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് മന്ത്രി കുറ്റപ്പെടുത്തി. മുദ്രവാക്യങ്ങളായാണ് ശരണം വിളിക്കുന്നത്.

ശരണം വിളിക്കേണ്ടത് മുദ്രാവാക്യങ്ങളായല്ല. അവിടെ കലാപമുണ്ടെന്ന് വരുത്തേണ്ടത് ബിജെപിയുടെയും ആര്‍എസ്‌എസിന്റെയും ആവശ്യമാണ്. അത് നടപ്പിലാക്കാന്‍ അവര്‍ ശ്രമിക്കുന്നു. ഇന്നലെ അവിടെ നിന്ന് അറസ്റ്റിലായത് ക്രിമിനലുകളാണ്. അവര്‍ക്ക് മാത്രമാണ് നിരോധനാജ്ഞ ബാധകമാകുന്നതെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ, ശബരിമലയിലെ നിരോധനാജ്ഞയെ പരിഹസിച്ച്‌ ഡിജിപി ജേക്കബ് തോമസ് രംഗത്തെത്തിയിരുന്നു. ഗതാഗതക്കുരുക്കുള്ള കുണ്ടന്നൂരില്‍ നിരോധനാജ്ഞ ആദ്യം നടപ്പാക്കണമെന്നാണ് എറണാകുളം വഴി യാത്ര ചെയ്യുമ്ബോള്‍ തനിക്ക് തോന്നിയിട്ടുള്ളതെന്നു ജേക്കബ് തോമസ് പറഞ്ഞു.

നാലില്‍ കൂടുതല്‍ അംഗങ്ങളുള്ള വീട്ടിലും ഒരു നിരോധനാജ്ഞ നടപ്പാക്കണമെന്നാണ് തന്റെ മറ്റൊരു അഭിപ്രായമെന്നായിരുന്നു അദ്ദേഹത്തിന്റെ അടുത്ത പരിഹാസം. സുപ്രീം കോടതി വിധികള്‍ എല്ലാം നടപ്പാക്കിയിട്ടുണ്ടോ എന്നും ജേക്കബ് തോമസ് ചോദിച്ചു.

താന്‍ വിശ്വാസികള്‍ക്കൊപ്പമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ശബരിമല സന്ദര്‍ശനത്തിനെത്തിയപ്പോള്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ഡിജിപി ജേക്കബ് തോമസ്. ശബരിമലയിലെ നിരോധനാജ്ഞയുടെ കാലാവധി നവംബര്‍ 26 വരെ നീട്ടിയതായി കളക്ടര്‍ പ്രഖ്യാപിച്ചിരുന്നു.

ഇലവുങ്കല്‍, നിലയ്ക്കല്‍, സന്നിധാനം എന്നിവിടങ്ങളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുള്ളത്. നിരോധനാജ്ഞ പിന്‍വലിക്കണമെന്ന് പ്രതിപക്ഷം ഉള്‍പ്പെടെയുള്ളവര്‍ ആവശ്യപ്പെട്ടിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.