You are Here : Home / News Plus

രക്തസാക്ഷിത്വദിനത്തില്‍ മഹാത്മാഗാന്ധിയെ വീണ്ടും 'വെടിവച്ച്‌കൊന്നു'

Text Size  

Story Dated: Wednesday, January 30, 2019 01:53 hrs UTC

മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തില്‍ ഗാന്ധിക്കെതിരെ പ്രതീകാത്മകമായി വെടിയുതിര്‍ത്ത് ഹിന്ദു മഹാസഭ. ഹിന്ദു മഹാസഭ ദേശീയ സെക്രട്ടറി പൂജ ശകുന്‍ പാണ്ഡെയാണ് അലിഗഡില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ഗാന്ധിയുടെ കോലത്തിന് നേരെ വെടിയുതിര്‍ത്തത്. വെടിയേറ്റ് കോലത്തില്‍ നിന്ന് ചോര ഒഴുകുന്നതായും ചടങ്ങില്‍ പ്രദര്‍ശിപ്പിച്ചു.
 
ഗാന്ധിയ്ക്കുനേരെ വെടിയുതിര്‍ക്കുന്നതായി അഭിനയിച്ച ശേഷം ഹിന്ദു മഹാസഭ നേതാവ് കൊലയാളിയായ ഗോഡ്‌സെയുടെ പ്രതിമയില്‍ ഹാരാര്‍പ്പണവും നടത്തി. രാജ്യം ഗാന്ധിജിയുടെ രക്തസാക്ഷിത്വ ദിനം ആചരിക്കുന്നതിനിടെയാണ് ഹിന്ദുമഹാസഭ പ്രകോപനപരമായ പരിപാടി സംഘടിപ്പിച്ചത്. പരിപാടിയില്‍ പങ്കെടുത്തവര്‍ക്ക് മധുരപലഹാരവും വിതരണംചെയ്തു. ചടങ്ങിന്റെ ദൃശ്യങ്ങള്‍ ടൈംസ് നൗ ചാനലാണ് പുറത്ത് വിട്ടത്.
 
മഹാത്മാ ഗാന്ധി കൊല്ലപ്പെട്ട ജനുവരി 30 നെ നേരത്തെ ശൗര്യ ദിവസ് എന്ന പേരിലായിരുന്നു ഹിന്ദുമഹാ സഭ ആചരിച്ചിരുന്നത്. ഇതിന്റെ ഭാഗമായി മധുരവിതരണവും നാഥൂറാം വിനായക് ഗോഡ്‌സെയുടെ പ്രതിമയില്‍ ഹാരാര്‍പ്പണവും നേരത്തെ സംഘടന നടത്തിവന്നിരുന്നു. ഇതിന് പിറകെയാണ് ഇത്തവണ ഗാന്ധിജിയുടെ കോലത്തെ വെടിവയ്ക്കുന്നതുള്‍പ്പെടെയുള്ള പരിപാടികളുമായി സംഘടന രംഗത്തെത്തിയത്. ഇന്ത്യാ വിഭജനത്തിന്റെ കാരണക്കാരനായാണ് ഗാന്ധിജിയെ ഹിന്ദു മഹാസഭ കണക്കാക്കുന്നത്.
 
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.