You are Here : Home / News Plus

ശബരിമല കര്‍മസമിതി ഗവർണറെ കാണും

Text Size  

Story Dated: Sunday, November 18, 2018 08:16 hrs UTC

ശബരിമല സന്നിധാനത്ത് പോലീസ് ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങള്‍ അവസാനിപ്പിക്കണമെന്ന് ആവശ്യവുമായി ശബരിമല കര്‍മസമിതി ഗവര്‍ണര്‍ പി.സദാശിവത്തെ കാണും. സന്നിധാനത്ത് നെയ്യഭിഷേകം നടത്തുന്നതിന് ഉള്‍പ്പെടെയുള്ള നിയന്ത്രണങ്ങള്‍ നീക്കണമെന്നാണ് ആവശ്യം.

ഔദ്യോഗിക പരിപാടികള്‍ക്കായി ഇടുക്കിയിലുള്ള ഗവര്‍ണര്‍ ഞായറാഴ്ച്ച രാത്രിയോടെ കോട്ടയം നാട്ടകം ഗസ്റ്റ് ഹൗസിലെത്തും. ഇവിടെ വച്ച്‌ രാത്രി എട്ട് മണിക്ക് കര്‍മസമിതിയുമായി കൂടിക്കാഴ്ച നടത്താന്‍ ഗവര്‍ണര്‍ അനുമതി നല്‍കിയെന്നാണ് വിവരം.

അതേസമയം, ഭക്തര്‍ക്ക് ബുദ്ധിമുട്ടുണ്ടാകുന്ന നടപടികള്‍ പോലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടാകരുതെന്ന് ഡി.ജി.പിയോട് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദ്ദേശിച്ചു. സുരക്ഷാ ക്രമീകരണങ്ങളിലെ ശ്രദ്ധയ്‌ക്കൊപ്പം ഭക്തരുടെ കാര്യവും ശ്രദ്ധിക്കണം.

നെയ്യഭിഷേകം ചെയ്യാനെത്തുന്ന അയ്യപ്പഭക്തര്‍ക്ക് രാത്രി ശബരിമല പരിസരത്ത് തങ്ങാനുള്ള അനുവാദം നല്‍കണമെന്നതാണ് ബോര്‍ഡിന്റെ നിലപാട്. മാത്രമല്ല. ഇങ്ങനെ വരുന്നവര്‍ക്ക് തങ്ങാന്‍ ഗസ്റ്റ് ഹൗസ് നല്‍കാന്‍ കഴിയുന്ന സാഹചര്യം വേണമെന്നും ബോര്‍ഡ് ആവശ്യപ്പെടുന്നു. ഗസ്റ്റ് ഹൗസ് ബോര്‍ഡിന്റെ വരുമാന മാര്‍ഗങ്ങളിലൊന്നാണ്. ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്താണ് അയ്യപ്പഭക്തര്‍ ശബരിമലയിലേക്ക് എത്തുന്നത്. നിലവില്‍ പോലീസ് നിര്‍ദേശ പ്രകാരം ഗസ്റ്റ് ഹൗസുകള്‍ അടച്ചിട്ടിരിക്കുകയാണ്. രാത്രി എത്തുന്നവര്‍ക്ക് വിരി വയ്ക്കാനുള്ള സൗകര്യവും ഒരുക്കണമെന്ന കാര്യവും മുഖ്യമന്ത്രിയുമായി നടക്കുന്ന ചര്‍ച്ചയില്‍ ബോര്‍ഡ് പ്രസിഡന്റും അംഗങ്ങളും മുന്നോട്ടു വയ്ക്കുമെന്നാണ് വിവരം.

ശബരിമലയില്‍ പോലീസ് വരുത്തുന്ന ക്രമീകരണത്തില്‍ ദേവസ്വം ബോര്‍ഡിനും കടുത്ത അതൃപ്തിയുണ്ട് ഇക്കാര്യം കഴിഞ്ഞ ദിവസം തന്നെ ദേവസ്വം ബോര്‍ഡ് മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ശ്രദ്ധയില്‍പെടുത്തിയിരുന്നു. നിയന്ത്രണങ്ങള്‍ ഈ രീതിയില്‍ തുടര്‍ന്നാല്‍ ഭക്തരുടെ വരവില്‍ വന്‍ കുറവുണ്ടാകുകയും വരുമാനത്തില്‍ ഇടിവുവരികയും ചെയ്യുമെന്നാണ് ബോര്‍ഡിന്റെ ആശങ്ക.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.