You are Here : Home / News Plus

ആറ് മുതല്‍ എട്ടുവരെ യുപി സ്കൂള്‍; ക്ലാസുകളിലെ ഘടനാമാറ്റത്തിന് ഹൈക്കോടതി അംഗീകാരം

Text Size  

Story Dated: Wednesday, July 10, 2019 07:11 hrs UTC

കേരളത്തിലെ പ്രാഥമിക വിദ്യാഭ്യാസ ഘടനയിൽ മാറ്റം വരുത്തണമെന്ന് ഹൈക്കോടതി ഫുൾ ബഞ്ച് ഉത്തരവ്. കേന്ദ്ര വിദ്യാഭ്യാസ അവകാശ നിയമത്തിന്‍റെ അടിസ്ഥാനത്തിൽ ഘടനാമാറ്റം വേണമെന്ന് ജസ്റ്റിസ് ചിദംബരേഷ് അടങ്ങുന്ന ഫുൾ ബഞ്ച് ഉത്തരവിട്ടു. 2009 ലെ കേന്ദ്ര വിദ്യാഭ്യാസ അവകാശ നിയമത്തിന് അനുസൃതമായി കേരളത്തിലെ സ്കൂളുകൾക്ക് ഘടന മാറ്റം വരുത്തണമെന്നാവശ്യപ്പെട്ട് നാൽപതോളം സ്കൂൾ മാനേജ്മെൻറുകളാണ് ഹൈക്കോടതിയെ സമീപിച്ചത്. പ്രാഥമിക വിദ്യാഭ്യാസം കുട്ടികളുടെ അവകാശമാക്കുന്ന കേന്ദ്രനിയമം ഉണ്ടായിട്ടും സംസ്ഥാനത്തെ സർക്കാർ എയ്ഡഡ് സ്കൂളുകൾ പ്രവർത്തിക്കുന്നത് 60വർഷം മുൻപുള്ള കെഇആര്‍ പ്രകാരം ആണെന്നും ഹർജിക്കാർ ആരോപിച്ചു. ഈ ഹർജി പരിഗണിച്ചാണ് ഘടനാ മാറ്റം നടപ്പാക്കാൻ ജസ്റ്റിസുമാരായ വി ചിദംബരേഷ്, അലക്സാണ്ടർ തോമസ് , അശോക് മേനോൻ എന്നിവർ ഉത്തരവിട്ടത്. ഇക്കാര്യത്തിൽ ഹൈക്കോടതിയുടെരണ്ട് ഡിവിഷൻ ബഞ്ചുകൾ നേരത്തെ പുറപ്പെടുവിച്ച വിധിയും ഫുൾബഞ്ച് ദുർബലപ്പെടുത്തി. സൗജന്യ -നിർബന്ധിത- പ്രാഥമിക വിദ്യാഭ്യാസം ഉറപ്പാക്കുന്ന കേന്ദ്ര വിദ്യാഭ്യാസ നിയമം ഉള്ളപ്പോൾ കേരളത്തിൽ മറ്റൊരു നിയമം നടപ്പാക്കുന്നത് ചട്ട വിരുദ്ധമാണെന്നും അത്തരം ഒരു ഘടന നിലനിൽക്കില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടുന്നു. എയ്ഡഡ് -സർക്കാർ സ്കൂളുകളിൽ പ്രാഥമിക സൗജന്യ വിദ്യാഭ്യാസത്തിന്‍റെ ഭാഗമായി ഒന്നുമുതൽ എട്ട് വരെ ക്ലാസുകൾ വേണമെന്ന് കേന്ദ്ര നിയമത്തിലെ 6(2) ഭാഗത്ത് പറയുന്നുണ്ട്. ഇതിനെ ദുർബലപ്പെടുത്തുന്നത് നിയമത്തിന്‍റേയും ചട്ടത്തിന്‍റേയും ലംഘനമാണെന്നും കോടതി വിലയിരുത്തി. ഘടനാമാറ്റമില്ലെങ്കിലും ഒന്ന് മുതൽ 8 വരെ ക്ലാസുകളിലെ കുട്ടികൾക്ക് പ്രാഥമിക വിദ്യാഭ്യാസത്തിന് തടസ്സമില്ലെന്ന് സംസ്ഥാന സർക്കാർ വാദിച്ചു. ഓരോ പ്രൈമറി സ്കൂളിനും അടുത്ത് ഹൈസ്കൂളുകൾ ഉണ്ടെന്നും തുടർപഠനത്തിന് കുട്ടികൾക്ക് അസൗകര്യമില്ലെന്നുമായിരുന്നു വാദം. ഡിവിഷനുകൾ വേർപെടുത്തുന്നത് സ്കൂളുകളെ ദോഷകരമായി ബാധിക്കുമെന്ന സർക്കാർ വാദം കോടതി തള്ളി. പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കാൻ കുട്ടികൾക്ക് ഒന്നിലേറെ സ്കൂളുകളിൽ അലഞ്ഞുതിരിയേണ്ട സാഹചര്യമുണ്ടാക്കരുതെന്ന് ഹൈക്കോടതി വിധിയിൽ ചൂണ്ടിക്കാട്ടുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.