You are Here : Home / News Plus

ബി.ജെ.പി. രണ്ടാം ഘട്ട പ്രക്ഷോപത്തിന്

Text Size  

Story Dated: Sunday, December 02, 2018 10:29 hrs UTC

ശബരിമല വിഷയത്തോടൊപ്പം സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രനെ ജാമ്യം നല്‍കാത്ത കേസില്‍ക്കുടുക്കി ജയിലാക്കിയതുള്‍പ്പെടെയുള്ള വിഷയങ്ങളും ഉയര്‍ത്തി ശക്തമായ രണ്ടാം ഘട്ട പ്രക്ഷോഭത്തിനൊരുങ്ങി ബി.ജെ.പി.

അഞ്ചു സംസ്ഥാനങ്ങളിലെ വോട്ടെടുപ്പ് കഴിയുന്ന ഡിസംബര്‍ ഏഴിനുശേഷം സമരം തുടങ്ങാനാണ് കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദേശം എന്നാണ് അറിയുന്നത്. ബി ജെ പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ അടക്കമുള്ള ദേശീയ നേതാക്കളും സമരം പൊലിപ്പിക്കാന്‍ കേരളത്തിലെത്തുന്നുണ്ട്.

അതേസമയം ശബരിമലയില്‍ നിന്ന് സമരവേദി മാറ്റിയത് ബി.ജെ.പിക്ക് മുന്‍തൂക്കം നഷ്ടപ്പെടുത്തിയെന്ന വിലയിരുത്തലിലാണ് കേന്ദ്രനേതൃത്വം. സന്നിധാനത്തുനിന്നും ബി ജെ പി പ്രക്ഷോഭ പരിപാടികള്‍ മാറ്റിയത് ആര്‍ എസ് എസിന്റെ നിര്‍ദേശപ്രകാരമാണെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. ബി ജെ പി പിന്‍മാറിയെങ്കിലും കര്‍മസമിതി സമരപരിപാടികളുമായി ഇപ്പോഴും സന്നിധാനത്ത് നിലയുറപ്പിച്ചിട്ടുണ്ട്. 

അതുകൊണ്ടുതന്നെ ആധിപത്യം തിരിച്ചു പിടിക്കാനും സി.പി.എമ്മിനെയും സര്‍ക്കാരിനെയും പ്രതിരോധത്തിലാക്കാനും ഹര്‍ത്താല്‍, മാര്‍ച്ച്‌, ഉപവാസം തുടങ്ങിയ സമര മാര്‍ഗങ്ങള്‍ ആവിഷ്‌കരിക്കാന്‍ കേന്ദ്രം നിര്‍ദേശം നല്‍കിയതായും അറിയുന്നു.

പാര്‍ട്ടിയില്‍ ഒരു പക്ഷത്തെ പ്രമുഖനായ സുരേന്ദ്രനെ ജയിലിലടച്ച ശേഷം സംസ്ഥാന നേതൃത്വം തണുപ്പന്‍ സമീപനം പുലര്‍ത്തിയെന്നും ശക്തമായ പ്രതിഷേധം നടത്തിയില്ലെന്നുമാണ് കേന്ദ്രത്തിന്റെ വിലയിരുത്തല്‍. വരും ദിവസങ്ങളില്‍ സുരേന്ദ്രന്‍ വിഷയത്തില്‍ സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കാനാണ് നിര്‍ദേശം.

ജയിലില്‍ കഴിയുന്ന സുരേന്ദ്രനെ വിവിധ കേസുകളില്‍ ഉള്‍പ്പെടുത്തി പ്രതിയാക്കിയതിനാല്‍ ഓരോ ദിവസവും ഓരോ കോടതിയില്‍ എത്തിക്കുകയാണ് പോലീസുകാര്‍ ചെയ്യുന്നത്. ചില കേസുകളില്‍ ജാമ്യം കിട്ടുന്നുണ്ടെങ്കിലും ചിത്തിര ആട്ട വിശേഷദിവസത്തില്‍ ചെറുമക്കളുടെ ചോറൂണിനെത്തിയ 52കാരിയായ തൃശൂര്‍ സ്വദേശിനിയെ ആക്രമിച്ച കേസില്‍ സുരേന്ദ്രന്‍ പെടുകയായിരുന്നു. ഈ കേസാണ് സുരേന്ദ്രന് ജയില്‍ മോചിതനാകാന്‍ ഇപ്പോള്‍ തടസമായിരിക്കുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.