സൗദി അറേബ്യയിലെ റിയാദ് തായിഫ് എക്സ്പ്രസ് ഹൈവേയിലെ റദ്വാനിയിലുണ്ടായ വാഹനാപകടത്തില്‍ മലപ്പുറം ജില്ലക്കാരായ അഞ്ചുപേര്‍ മരിച്ചു. മേല്‍മുറി അധികാരിത്തൊടി കുഴിമാട്ടിക്കളത്തില്‍ മുഹമ്മദ് സലിം(32), തിരൂര്‍ കോട്ട തങ്ങള്‍സ് റോഡിലെ ചന്ദ്രച്ചാത്ത് നവാസ് (27), ചന്ദ്രച്ചാത്ത് നൗഷാദ് (23), കുറ്റിപ്പാല തൊണ്ടിയില്‍ ശ്രീധരന് (48), തിരൂര്‍ തെക്കന്‍ കുറ്റൂര്‍ കോട്ടിയാട്ടില്‍ ജനാര്ദനന് (43) എന്നിവരാണ് മരിച്ചത്.
ഒപ്പം യാത്ര ചെയ്തിരുന്ന തിരൂര്‍ വൈലത്തൂര്‍ പൊന്മുണ്ടം സ്വദേശി കടലായില്‍ ജംഷീര്‍, ബംഗ്ലാദേശുകാരനായ മുലായിംഖാന് എന്നിവര്‍ ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്. ഞായറാഴ്ച പുലര്‍ച്ചെ നാലരമണിയോടെയാണ് അപകടം നടന്നത്. ദമാം ആസ്ഥാനമായ സാദ് അല്‍ ഉസ്മാന് കാറ്ററിങ് സ്ഥാപനത്തിലെ ജീവനക്കാരാണ് അപകടത്തില്‍പ്പെട്ടത്. റാബഗ് ശാഖയില്‍ ജോലിക്കാരായ ഇവര്‍ റിയാദില്‍ അടുത്തിടെ തുടങ്ങിയ ശാഖയിലേക്ക് പോകുംവഴിയാണ് അപകടം. വാഹനത്തിന്റെ ടയര്‍ പൊട്ടി മറിയുകയായിരുന്നെന്നാണ് നാട്ടില്‍ ലഭിച്ചിട്ടുള്ള വിവരം. മൃതദേഹങ്ങള്‍ തായിഫിലെ കിംഗ് ഫൈസല്‍ ആസ്പത്രിയിലാണ് സൂക്ഷിച്ചിരിക്കുന്നത്. സൗദിയിലുള്ള സുഹൃത്തുക്കള്വഴി ഉച്ചയോടെയാണ് ദുരന്തവാര്‍ത്ത ബന്ധുക്കള്‍ അറിഞ്ഞത്
Comments