You are Here : Home / News Plus

‘‘ആഭ്യന്തരവകുപ്പ് മികച്ച പ്രകടനം കാഴ്ചവെച്ചു’’- തിരുവഞ്ചൂര്‍

Text Size  

Story Dated: Tuesday, December 31, 2013 07:26 hrs UTC

ഒരു പൊലീസ് വെടിവെപ്പുപോലുമില്ലാത്ത ഭരണമാണ് ഒരു വര്‍ഷമായി ആഭ്യന്തരവകുപ്പ് കാഴ്ചവെച്ചതെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. ആഭ്യന്തരവകുപ്പിന്‍്റെയും ജയില്‍ ഉള്‍പ്പെടെയുള്ള അനുബന്ധ വകുപ്പുകളുടെയും പ്രവര്‍ത്തനം മികവുറ്റതാക്കാന്‍ കഴിഞ്ഞത് കീഴുദ്യോഗസ്ഥരുടെ സഹകരണം കൊണ്ടാണ്. സംസ്ഥാനത്തെ സേനാവിഭാഗത്തിന്‍്റെ ഭാഗത്തുനിന്നും മികച്ച സഹകരണം തനിക്കു ലഭിച്ചു. രമേശ് ചെന്നിത്തലക്ക് ആഭ്യന്തര വകുപ്പ് കൈമാറാന്‍ കോണ്‍ഗ്രസ് തീരുമാനിച്ച സാഹചര്യത്തിലാണ് തിരുവഞ്ചൂര്‍ വാര്‍ത്താസമ്മേളനം നടത്തിയത്. പാര്‍ട്ടിക്കെതിരായ നിലപാട് ഒരിക്കലും സ്വീകരിക്കില്ലെന്നും  ഏല്‍പ്പിക്കുന്ന ഉത്തരവാദിത്വം പൂര്‍ണമായും നിര്‍വഹിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ വര്‍ഷങ്ങളിലായി ക്രിമിനല്‍ കേസുകള്‍ ഗണ്യമായി കുറഞ്ഞതായി തിരുവഞ്ചൂര്‍ അവകാശപ്പെട്ടു. 2012 ല്‍ ഒരു പൊലീസ് വെടിവെപ്പുപോലും ഉണ്ടായിട്ടില്ല. 2012 ല്‍ രണ്ടു പ്രാവശ്യമാണ് പൊലീസിന്‍്റെ ഭാഗത്തു നിന്ന് ആകാശത്തേക്ക് വെടിവെപ്പുണ്ടായത്. കഴിഞ്ഞ ആറു മാസങ്ങളായി പൊലീസ് ലാത്തിചാര്‍ജ് ഉണ്ടായിട്ടേയില്ല. പൊലീസ് ചെയ്സിങ്ങും ലോക്കപ്പ് മരണങ്ങളും ഉണ്ടായില്ല. കസ്റ്റഡിമരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ക്രമസമാധാന രംഗത്ത് പൂര്‍ണമായ സഹകരണമാണ് ജനങ്ങളുടെയും സേനയുടെയും ഭാഗത്തു നിന്നുണ്ടായത്. ആഭ്യന്തരവകുപ്പില്‍ തന്‍്റെ കാലഘട്ടം സുവര്‍ണലിപികളില്‍ എഴുതേണ്ടതാണെന്നും മന്ത്രി പറഞ്ഞു.
വകുപ്പ് ഏറ്റെടുക്കുമ്പോള്‍ 2200 കേസുകളാണ് കെട്ടികിടന്നിരുന്നത്. അതില്‍ 340 എണ്ണം മാത്രമാണ് തീര്‍പ്പാക്കാന്‍ ബാക്കിയുള്ളത്. മറ്റുള്ളവയെല്ലാം സമയബന്ധിതമായി തീര്‍പ്പാക്കാന്‍ കഴിഞ്ഞു. നാലായിരത്തിലധികം വിജിലന്‍സ് അന്വേഷണങ്ങളും ഉണ്ടായിരുന്നു. അതില്‍ 293 അന്വേഷണങ്ങളാണ് ഇനി പൂറത്തിയാക്കാനുള്ളത്. ഇതിനായി സഹകരിച്ച എല്ലാ ഉദ്യോഗസ്ഥര്‍ക്കും നന്ദിയുണ്ട്.
പാര്‍ട്ടി തന്നെ ഏല്‍പ്പിച്ച കാര്യം ഏറ്റവും നന്നായി ചെയ്യാന്‍ കഴിഞ്ഞിട്ടുണ്ട്. 2011 ല്‍ റവന്യൂ വകുപ്പ് ഏല്‍പ്പിച്ചപ്പോഴും നന്നായി പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞിരുന്നു.
ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ കൊന്നവരെയും കൊല്ലിച്ചവരെയും പിടികൂടി. അടുത്ത 22 ന് കേസില്‍ കോടതി വിധി പറയും. സോളാര്‍ കേസ് അന്വേഷണവും സുതാര്യമായിരുന്നു. കേരളത്തില്‍ പ്രതിപക്ഷം നടത്തിയ രണ്ടു ബഹുജനസമരങ്ങള്‍ ഒരു തുള്ളി ചോരപോലും ചിന്താതെ തീര്‍പ്പാക്കാന്‍ കഴിഞ്ഞതും ആഭ്യന്തരവകുപ്പിന്‍റെ  നേട്ടമാണ്. പ്രതിപക്ഷ വിമര്‍ശനം രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്നും തിരുവഞ്ചൂര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.