You are Here : Home / News Plus

ബിഷപ്പിന്റെ അറസ്റ്റ് എല്‍ഡിഎഫ് സര്‍ക്കാരിന്റെ വിജയമെന്ന് കോടിയേരി

Text Size  

Story Dated: Sunday, September 23, 2018 07:19 hrs UTC

കന്യാസ്ത്രീയെ ബലാത്സംഗം ചെയ്‌തെന്ന കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് എല്‍ഡിഎഫ് സര്‍ക്കാരിന്റെ സ്വതന്ത്രവും ധീരവുമായ പോലീസ് നയത്തിന്റെ വിളംബരമാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഫേസ്ബുക്കിലൂടെയാണ് കോടിയേരിയുടെ പ്രതികരണം.

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ കന്യാസ്ത്രീകള്‍ നടത്തുന്ന സമരത്തിനെ വിമര്‍ശിച്ച്‌ കോടിയേരി നേരത്തെ രംഗത്ത് എത്തിയിരുന്നു. സമരം നടത്തുന്നതിലൂടെ സഭകളെ അവഹേളിക്കാനുള്ള ശ്രമമാണ് കന്യാസ്ത്രീകള്‍ നടത്തുന്നതെന്നും ഇതിന് പിന്നില്‍ വര്‍ഗീയ ലക്ഷ്യമാണെന്നും കോടിയേരി ആരോപിച്ചിരുന്നു. പാര്‍ട്ടി മുഖപത്രത്തിലെ ലേഖനത്തിലായിരുന്നു കോടിയേരി ഇത്തരത്തിലുള്ള പരാമര്‍ശം നടത്തിയത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

കന്യാസ്‌ത്രീയെ ബലാത്സംഗം ചെയ്‌തെന്ന കേസില്‍ ബിഷപ്പ്‌ ഫ്രാങ്കോ മുളയ്‌ക്കലിന്റെ അറസ്റ്റ്‌ എല്‍ഡിഎഫ്‌ സര്‍ക്കാരിന്റെ സ്വതന്ത്രവും ധീരവുമായ പോലീസ്‌ നയത്തിന്റെ വിളംബരമാണ്.

സ്‌ത്രീകളേയും കുട്ടികളേയും മാനഭംഗപ്പെടുത്തുകയോ അപമാനിക്കുകയോ ചെയ്യുന്ന സംഭവങ്ങളില്‍ ഇരയ്‌ക്ക്‌ നീതി കിട്ടാനുള്ള നിയമപരവും ഭരണപരവുമായ നടപടികളില്‍ ഒരു വിട്ടുവീഴ്‌ചയും എല്‍ഡിഎഫ്‌ സര്‍ക്കാര്‍ കാട്ടില്ലെന്നത്‌ ആവര്‍ത്തിച്ച്‌ ബോധ്യപ്പെടുകയാണ്.

ബലാത്സംഗ കേസില്‍ ഒരു ബിഷപ്പിനെ അറസ്റ്റു ചെയ്യുന്നത്‌ രാജ്യത്ത്‌ ഇതാദ്യമാണ്‌. പരാതിയ്‌ക്ക്‌ അടിസ്ഥാനം നാല്‌ വര്‍ഷം മുമ്ബുള്ള സംഭവമായതിനാല്‍ നിയമപരമായ മുന്‍കരുതലും തെളിവെടുപ്പും നടത്താനുള്ള ഉത്തരവാദിത്തം പോലീസ്‌ ജാഗ്രതയോടെ നിറവേറ്റി. കന്യാസ്‌ത്രീയുടെ പരാതിയിന്മേല്‍ തെളിവുകളുടെ ബലത്തിലാണ്‌ ബിഷപ്പിനെ അറസ്റ്റു ചെയ്‌തത്‌. ബാഹ്യസമ്മര്‍ദ്ദങ്ങളുടെ ഫലമായി ഉണ്ടായതല്ല പോലീസ്‌ നടപടി. സ്വതന്ത്രമായ അന്വേഷണ അധികാരം പോലീസിന്‌ എല്‍ഡിഎഫ്‌ സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്‌. അതിന്റെ ഗുണഫലമായാണ്‌ ജാതിയുടെയും മതത്തിന്റെയും പണത്തിന്റെയും സ്വാധീനം നോക്കാതെ സ്‌ത്രീ പീഡകരെ അഴിക്കുള്ളിലാക്കാന്‍ ഇന്ന്‌ കേരള പോലീസിന്‌ കഴിയുന്നത്‌.

ബിഷപ്പിനെതിരെ സമരം ചെയ്യാന്‍ ഏതാനും കന്യാസ്‌ത്രീകള്‍ രംഗത്തു വന്നത്‌ ക്രൈസ്‌തവ സഭയ്‌ക്കുള്ളില്‍ സംഭവിച്ചിരിക്കുന്ന മാറ്റത്തിന്റെ സൂചനയാണെന്നും അതിന്റെ അര്‍ത്ഥം മനസ്സിലാക്കി പ്രവര്‍ത്തിക്കാനുള്ള ആര്‍ജ്ജവം സഭാ നേതൃത്വത്തിനുണ്ടെന്ന്‌ കരുതുന്നതായും ഞാന്‍ നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്‌. കന്യാസ്‌ത്രീകള്‍ സമരം നടത്തിയതില്‍ തെളിഞ്ഞത്‌ അവരുടെ ഇച്ഛാശക്തിയാണ്‌. സമരത്തില്‍ ഏര്‍പ്പെട്ട കന്യാസ്‌ത്രീകള്‍ നിയമലംഘനം നടത്തിയവരെ നിയമത്തിന്‌ മുന്നില്‍ എത്തിക്കുകയെന്ന ഉദ്ദേശത്തോടു കൂടിയായിരുന്നു രംഗത്ത്‌ വന്നത്‌. എന്നാല്‍, ആ സമരത്തെ ഹൈജാക്ക്‌ ചെയ്‌ത്‌ സര്‍ക്കാര്‍ വിരുദ്ധവും സിപിഐ എം വിരുദ്ധവുമാക്കാന്‍ നടത്തിയ രാഷ്‌ട്രീയ-വര്‍ഗ്ഗീയ കരുനീക്കങ്ങളെയാണ്‌ സിപിഐ എം തുറന്നു കാണിച്ചത്‌. സമരകേന്ദ്രത്തില്‍ വച്ച്‌ പലരും നടത്തിയ പ്രതികരണങ്ങളില്‍ ഇക്കാര്യം വ്യക്തമായിരുന്നു.

കന്യാസ്‌ത്രീകള്‍ നടത്തിയ സമരം സമൂഹത്തില്‍ പ്രതികരണം സൃഷ്ടിച്ചതാണ്‌. ഇരകളെ സംരക്ഷിക്കാനും, വേട്ടക്കാരെ പിടികൂടാനും എല്ലാ പ്രശ്‌നത്തിലും ഇടപെട്ടുകൊണ്ടിരിക്കുന്ന സര്‍ക്കാര്‍ ഈ പ്രശ്‌നത്തിലും പ്രതിബദ്ധത തെളിയിക്കുകയാണ്‌ ചെയ്‌തത്‌. ഇതിന്‌ മുമ്ബ്‌ പല കേസുകളിലും എല്‍ഡിഎഫ്‌ സര്‍ക്കാര്‍ നിയമലംഘകരെ പിടികൂടിയത്‌ ഏതെങ്കിലും പ്രക്ഷോഭസമരങ്ങള്‍ക്ക്‌ വിധേയമായിക്കൊണ്ടായിരുന്നില്ല.

എല്‍ഡിഎഫ്‌ ഭരണമായതിനാല്‍ സ്‌ത്രീപീഡകര്‍ ഇരുമ്ബഴിക്കുള്ളിലാകുമെന്നതില്‍ മാറ്റമുണ്ടാകില്ല.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.