You are Here : Home / News Plus

മഴക്കെടുതി: ജനങ്ങളുടെ സഹായം തേടി മുഖ്യമന്ത്രി

Text Size  

Story Dated: Thursday, August 09, 2018 11:36 hrs UTC

സമാനതകളില്ലാത്ത മഴക്കെടുതിയാണ് കേരളം ഇപ്പോള്‍ നേരിടുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ശക്തമായ മഴയാണ് രണ്ട് ദിവസമായി സംസ്ഥാനത്ത് നേരിടുന്നത്.  ദുരിതബാധിതര്‍ക്ക് എല്ലാ സഹായങ്ങളുമെത്തിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഈ ഘട്ടത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കണമെന്ന് മുഖ്യമന്ത്രി പൊതുസമൂഹത്തോട് ആവശ്യപ്പെട്ടു. 

മഴക്കെടുതിയില്‍ ഇരുപത് മരണങ്ങള്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു. ഇടുക്കിയില്‍ 11 പേരും മലപ്പുറത്ത് ആറ് പേരും മരിച്ചു. കോഴിക്കോട് രണ്ട് പേരും വയനാട്ടില്‍ ഒരാളും മഴക്കെടുതിയില്‍ മരണപ്പെട്ടു. സമീപകാലത്തൊന്നും നേരിടാത്തവിധം ശക്തമായ പ്രകൃതിദുരന്തത്തിനാണ് ഇപ്പോള്‍ സംസ്ഥാനം സാക്ഷ്യം വഹിക്കുന്നത്. സംസ്ഥാനത്തെ മിക്ക ഡാമുകളും ഇപ്പോള്‍ തുറന്നിരിക്കുകയാണ്. 

22 ഡാമുകള്‍  ഒരുമിച്ചു തുറക്കേണ്ട അവസ്ഥ ഇതിനുമുന്‍പ് ഉണ്ടായിട്ടില്ല. ചെറുതോണി ഡാമിന്‍റെ ഒരു ഷട്ടര്‍ തുറന്നത് കൂടാതെ കക്കി ഡാമും ഉടനെ തുറക്കും. മറ്റു ഡാമുകളിലേക്കും ശക്തമായ നീരൊഴുക്ക് തുടരുക്കയാണെന്നും അദ്ദേഹം അറിയിച്ചു. 
അപകടസാധ്യത മുന്‍നിര്‍ത്തി ഡാമുകളിലേക്കും പുഴയോരങ്ങളിലേക്കും പൊതുജനങ്ങള്‍ പോകരുതെന്ന് മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു. രക്ഷാപ്രവര്‍ത്തകര്‍ മാത്രമേ ഇവിടേയ്ക്ക് പോകാവൂ. വെള്ളം പൊങ്ങുന്ന സ്ഥലങ്ങളിലേക്ക് വിനോദസഞ്ചാരികളും പോകരുത്. നിലവില്‍ ഹൈറേഞ്ചിലും മറ്റുമുള്ളവര്‍ ജാഗ്രത പാലിക്കണം. 

കര്‍ക്കിടകവാവ്വുബലി ചടങ്ങുകളില്‍ പങ്കെടുക്കുന്നവരും ജാഗ്രത പാലിക്കണം. അത്യാഹിതങ്ങള്‍ ഒഴിവാക്കാന്‍ കര്‍ശനനടപടി സ്വീകരിക്കണമെന്ന് പൊലീസിനോടും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. നാശനഷ്ടങ്ങള്‍ വിലയിരുത്താനെത്തിയ കേന്ദ്രസംഘവുമായി ചര്‍ച്ചനടത്തിയെന്നും നിലവിലെ പ്രശ്നങ്ങള്‍ അവരുടെ ശ്രദ്ധയില്‍പ്പെടുത്തിയെന്നും മുഖ്യമന്ത്രി അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.