You are Here : Home / News Plus

സുരേഷ് ഗോപിക്കും, അമല പോളിനുമെതിരെ ഉടന്‍ കുറ്റപത്രം

Text Size  

Story Dated: Sunday, June 17, 2018 07:36 hrs UTC

പുതുച്ചേരിയില്‍ വാഹനം രജിസ്റ്റര്‍ ചെയ്‌തെന്ന കേസില്‍ നടനും എംപിയുമായ സുരേഷ് ഗോപിക്കും നടി അമല പോളിനുമെതിരെയുള്ള കുറ്റപത്രം ഉടന്‍ നല്‍കുമെന്ന് ക്രൈംബ്രാഞ്ച്. ഇരുവര്‍ക്കുമെതിരെ ഒരു മാസത്തിനകം കുറ്റപത്രം സമര്‍പ്പിക്കുമെന്നാണ് ക്രൈംബ്രാഞ്ച് വൃത്തങ്ങള്‍ അറിയിച്ചത്. 

അതേസമയം നികുതി ഒഴിവാക്കാന്‍ വാഹനം പുതുച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്‌തെങ്കിലും പിഴയടച്ചതിനെ തുടര്‍ന്ന് നടന്‍ ഫഹദ് ഫാസിലിനെതിരെ എന്തു നടപടി സ്വീകരിക്കണമെന്ന കാര്യത്തില്‍ തീരുമാനമെടുക്കുന്നത് സര്‍ക്കാരായിരിക്കും എന്നും ക്രൈംബ്രാഞ്ച് അറിയിച്ചു. വെട്ടിപ്പു നടത്തിയതു കണ്ടെത്തിയതിനെ തുടര്‍ന്നു 17.68 ലക്ഷം രൂപ നടന്‍ ഫഹദ് നികുതി അടച്ചിരുന്നു. 

അതിനിടെ രജിസ്‌ട്രേഷനു വേണ്ടി സുരേഷ് ഗോപിയും അമല പോളും നല്‍കിയ തെളിവുകള്‍ വ്യാജമാണെന്നു കണ്ടെത്തിയിട്ടുണ്ട്. ഇരുവരും പുതുച്ചേരിയില്‍ വാഹനം രജിസ്റ്റര്‍ ചെയ്തത് നികുതി വെട്ടിക്കാനാണെന്നതും വ്യക്തമാണ്. ഈ സാഹചര്യത്തിലാണ് വ്യാജരേഖ ചമയ്ക്കല്‍, നികുതി വെട്ടിപ്പ് എന്നിവ ചുമത്തി കുറ്റപത്രത്തിനു ക്രൈംബ്രാഞ്ച് ഒരുങ്ങുന്നത്. 

അതേസമയം നികുതി വെട്ടിപ്പിനു കൂട്ടു നിന്ന ഒന്‍പതു ഷോറൂം ഏജന്‍സികള്‍ക്കെതിരെയും കുറ്റപത്രം സമര്‍പ്പിക്കും. പിഴയടയ്ക്കാന്‍ സമയം നല്‍കിയിട്ടും അതു ചെയ്യാതിരുന്ന പുതുച്ചേരി രജിസ്‌ട്രേഷന്‍ വാഹന ഉടമകള്‍ക്കു നേരെയും നടപടി ഉണ്ടാകുമെന്നും ക്രൈംബ്രാഞ്ച് അന്വേഷണ സംഘം വ്യക്തമാക്കി. 

നേരത്തേ കേസില്‍ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം സുരേഷ് ഗോപിയെ ഒരു ലക്ഷം രൂപ ബോണ്ടും രണ്ട് ആള്‍ജാമ്യത്തിലും വിട്ടയച്ചിരുന്നു. 2010ല്‍ രാജ്യസഭാ എംപിയായ ശേഷവും വാങ്ങിയ രണ്ടു കാറുകള്‍ പുതുച്ചേരിയിലെ വ്യാജ മേല്‍വിലാസത്തില്‍ രജിസ്റ്റര്‍ ചെയ്ത് 30 ലക്ഷത്തോളം രൂപയുടെ നികുതി വെട്ടിച്ചെന്നാണ് സുരേഷ് ഗോപിക്കെതിരായ കേസ്. 

പുതുച്ചേരിയില്‍ സ്വന്തമായി കൃഷിയിടമുണ്ടെന്നും വാടക വീട്ടിലെ മേല്‍വിലാസത്തിലാണ് കാര്‍ രജിസ്റ്റര്‍ ചെയ്തതെന്നുമായിരുന്നു സുരേഷ് ഗോപിയുടെ മൊഴി. എന്നാല്‍ ഇതു തെറ്റാണെന്ന് ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ തെളിഞ്ഞു.

കേസില്‍ നടി അമല പോളിനെയും ക്രൈംബ്രാഞ്ച് സംഘം നേരത്തേ ചോദ്യം ചെയ്തിരുന്നു. സ്വന്തം പേരിലുള്ള ആഡംബരകാര്‍ കേരളത്തില്‍ രജിസ്റ്റര്‍ ചെയ്യുമ്ബോള്‍ ഒടുക്കേണ്ടിയിരുന്ന വന്‍തുകയുടെ നികുതി ഒഴിവാക്കാന്‍, പുതുച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്യുകയായിരുന്നു അമലയെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍. വ്യാജവിലാസം ഉണ്ടാക്കിയാണ് ഇതു ചെയ്തതെന്നും കണ്ടെത്തി. സിനിമാ ഷൂട്ടിങ്ങിനായി പോകുമ്ബോള്‍ താമസിക്കാനായി പുതുച്ചേരിയില്‍ സ്ഥിരമായി വാടകവീടുണ്ടെന്നും ആ മേല്‍വിലാസത്തിലാണ് കാര്‍ രജിസ്റ്റര്‍ ചെയ്തതെന്നുമായിരുന്നു അമലയുടെ മൊഴി. 

എന്നാല്‍ അമല പറയുന്ന വീട്ടില്‍ ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തില്‍ പറഞ്ഞ കാര്യങ്ങള്‍ വ്യാജമാണെന്ന് തെളിഞ്ഞു. പല കുടുംബങ്ങള്‍ താമസിക്കുന്ന മൂന്നു നില അപാര്‍ട്‌മെന്റാണത്. ഇതേ വീടിന്റെ മേല്‍വിലാസത്തില്‍ മറ്റു പലരും കാറുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുമുണ്ട്. അതുകൊണ്ടു തന്നെ അത് അമല പോള്‍ സ്ഥിരമായി ഉപയോഗിക്കുന്ന വാടകവീടല്ലെന്ന നിഗമനത്തിലാണ് ക്രൈംബ്രാഞ്ച് . മൊഴി സ്ഥിരീകരിക്കുന്ന രേഖകളൊന്നും അമല ഹാജരാക്കിയിട്ടുമില്ല. അതിനാല്‍ അമല പോളിന്റെ മൊഴി കളവെന്ന് അന്വേഷണസംഘം ഉറപ്പിക്കുകയായിരുന്നു.

അതിനിടെ നികുതിവെട്ടിപ്പു നടത്തിയ വാഹന ഉടമകള്‍ക്ക് പിഴ അടച്ച്‌ കേരള രജിസ്‌ട്രേഷനിലേക്ക് മാറ്റാനുള്ള അവസരം ഗതാഗത വകുപ്പ് നല്‍കിയിരുന്നു. എന്നാല്‍ അത് അനുസരിക്കാത്തവര്‍ക്കെതിരെയാണ് ഇപ്പോള്‍ നടപടി എടുക്കുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.