You are Here : Home / News Plus

ബി.ടി.എച്ചിലെ മൂന്നാംനമ്പര്‍ മുറിയില്‍ ജനിച്ച സേതുരാമയ്യര്‍

Text Size  

Story Dated: Friday, March 21, 2014 10:20 hrs UTC

എറണാകുളത്തെ ബി.ടി.എച്ച് എന്ന ഭാരത് ടൂറിസ്റ്റ്‌ഹോം മലയാള സിനിമയുടെ തറവാടാണ്. സിനിമയുടെ ഈറ്റില്ലം മദ്രാസായിരുന്ന കാലത്ത് കൊച്ചിയിലെത്തുന്ന താരങ്ങള്‍ ആദ്യമെത്തുന്നത് ഈ ഹോട്ടലിലായിരിക്കും. ഇവിടെ മുറിയെടുത്താല്‍ ഒരുപാടു ഗുണങ്ങളുണ്ട്. കൊച്ചിക്കായല്‍ കാണാം. കപ്പലുകള്‍ കാണാം. ചീനവല കാണാം. ഒക്കെക്കൂടി പ്രകൃതിരമണീയമായ അന്തരീക്ഷം.
മലയാളത്തിലെ പ്രധാന താരങ്ങളുടെയൊക്കെ വീടും കുടുംബവും അന്ന് മദ്രാസിലാണ്. പിന്നീട് സിനിമയുടെ കേന്ദ്രം മദ്രാസില്‍ നിന്നുമാറി കൊച്ചിയായി. അതോടെ താരങ്ങളും കൂടുമാറി.


തിരക്കഥാകൃത്ത് എസ്.എന്‍.സ്വാമിക്ക് ബി.ടി.എച്ചിലെ മുറികള്‍ ഒരിക്കലും മറക്കാനാവില്ല. അഞ്ചുവര്‍ഷം മുമ്പുവരെ അദ്ദേഹം ഇവിടുത്തെ സ്ഥിരം എഴുത്തുകാരനായിരുന്നു. പതിനെട്ട് തിരക്കഥകളെഴുതി. മൂന്നാം നമ്പര്‍ മുറിയില്‍ വച്ചാണ് ഒരു സി.ബി.ഐ ഡയറിക്കുറിപ്പ് എഴുതിയത്. അത് സൂപ്പര്‍ഹിറ്റായി. ഒരു തരംഗത്തിനുതന്നെ വഴിവച്ചു. പിന്നീട് 105ാം നമ്പര്‍ സ്വാമിയുടെ ഇഷ്ടമുറിയായി. കാലമേറെക്കഴിഞ്ഞപ്പോള്‍ ഹോട്ടലില്‍ അറ്റകുറ്റപ്പണികള്‍ വരുത്തിയപ്പോള്‍ നൂറ്റിയഞ്ചാംനമ്പര്‍ ഒഴിയേണ്ടിവന്നു. അതോടെ 456 ലേക്ക് മാറി. അതായി പിന്നീടുള്ള സ്വാമിയുടെ ഭാഗ്യമുറി.


''കഴിഞ്ഞ നാലഞ്ചുവര്‍ഷമായി ബി.ടി.എച്ചിലേക്ക് പോകാറില്ല. അടുത്ത സുഹൃത്തിന്റെ ഫ്‌ളാറ്റുണ്ട്, എറണാകുളം സൗത്തില്‍. അവിടെയാവുമ്പോള്‍ വാടക വേണ്ട. ഏറ്റവുമൊടുവില്‍ സി.ബി.ഐ ശ്രേണിയുടെ അഞ്ചാംഭാഗം പൂര്‍ത്തിയാക്കിയത് ഫ്‌ളാറ്റില്‍ വച്ചാണ്. രാവിലെ ഒന്‍പതു മുതല്‍ ഉച്ചവരെ ഒറ്റയെഴുത്താണ്. പിന്നീട് രവിപുരത്തെ വീട്ടില്‍ പോയി ഭക്ഷണം കഴിക്കും. വൈകുന്നേരത്തോടെ വീണ്ടുമെത്തി എഴുത്ത് തുടരും.''


ആദ്യകാലത്ത് ഒരു കഥ മനസിലേക്ക് കടന്നുവന്നാല്‍ സ്വാമി പോയിരിക്കുന്നത് ബി.ടി.എച്ചിലാണ്. കുറച്ചുദിവസം താമസിക്കുമ്പോഴേക്കും കഥയ്ക്ക് ഏകദേശരൂപമാവും. പിന്നീട് ചര്‍ച്ചകള്‍ക്കുശേഷം എഴുതാനിരിക്കുന്നതാണ് രീതി.
തിരക്കഥാകൃത്തുക്കള്‍ക്ക് മാത്രമല്ല, സംവിധായകര്‍ക്കും താരങ്ങള്‍ക്കും നിര്‍മ്മാതാക്കള്‍ക്കും ബി.ടി.എച്ച് ഇഷ്ടകേന്ദ്രമാണ്. സിനിമാ സുഹൃത്തുക്കളെ എളുപ്പം കാണാന്‍ വേണ്ടിയാണ് നടന്‍ ടി.പി.മാധവന്‍ ബി.ടി.എച്ചിന് തൊട്ടടുത്തുള്ള ലോട്ടസ് അപ്പാര്‍ട്ട്‌മെന്റിലേക്ക് താമസം മാറ്റിയത്.


സ്വാമിക്ക് ബി.ടി.എച്ചാണെങ്കില്‍ കലൂര്‍ ഡെന്നീസിന് എറണാകുളം നോര്‍ത്തിലെ മാതാ ടൂറിസ്റ്റ്‌ഹോമിനോടാണ് പ്രിയം. ഡെന്നീസിന്റെ ഇരുപതോളം സൂപ്പര്‍ഹിറ്റ് തിരക്കഥകള്‍ ആദ്യം ജന്മംകൊണ്ടത് മാതയിലെ മുറിയിലാണ്.
''മാതാ ടൂറിസ്റ്റ്‌ഹോം എനിക്കൊരിക്കലും മറക്കാന്‍ കഴിയില്ല. മമ്മൂട്ടിയും മോഹന്‍ലാലും ബേബിശാലിനിയുമൊക്കെ അഭിനയിച്ചുതകര്‍ത്ത എന്റെ സൂപ്പര്‍ഹിറ്റുകള്‍ എഴുതാന്‍ മാസങ്ങളോളം അവിടെയാണ് ഇരുന്നത്. ഏതു മുറിയായാലും പ്രശ്‌നമല്ല. വല്ലാത്തൊരു ശാന്തതയാണവിടെ. എഴുത്തും സീനും തനിയെ മനസിലേക്ക് വന്നുകൊള്ളും.''


കലൂര്‍ ഡെന്നീസിന്റെ സാക്ഷ്യപത്രം. പക്ഷെ കഴിഞ്ഞ കുറച്ചുകാലമായി ഡെന്നീസ് മാതയിലേക്കു പോകാറില്ല. എതിര്‍പ്പൊന്നുമുണ്ടായിട്ടല്ല. എങ്കിലും ഒരു ചേഞ്ച്.


 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.