You are Here : Home / News Plus

ജലന്ധര്‍ ബിഷപ്പിനെ രക്ഷിക്കാന്‍ വിലപേശി രൂപത

Text Size  

Story Dated: Sunday, July 29, 2018 07:27 hrs UTC

ബലാത്സംഗക്കേസില്‍ ജലന്ധര്‍ ബിഷപ്പിനെ രക്ഷിക്കാന്‍ വിലപേശി രൂപത. പീഡനമേറ്റുവെന്ന് പരാതി നല്‍കിയ കന്യാസ്ത്രീക്ക് 10 ഏക്കര്‍ സ്ഥലവും പുതിയ മഠവും പണിത് നല്‍കാമെന്നാണ് വാഗ്ദാനം. ഒത്തുതീര്‍പ്പിനെത്തിയ വൈദികന്റെ ടെലിഫോണ്‍ സംഭാഷണം പുറത്തായി.

സിഎംഐ സഭയിലെ ഫാദര്‍ ജെയിംസ് എര്‍ത്തയിലാണ് സിസ്റ്റര്‍ അനുപമയെ വിളിച്ച്‌ സ്വാധീനിക്കാന്‍ ശ്രമിച്ചിരിക്കുന്നത്. 
മോനിപ്പള്ളി കുര്യനാട് ആശ്രമത്തിലെ വൈദികനാണ് ഫാദര്‍ ജെയിംസ് എര്‍ത്തയില്‍. ഭീഷണിയും പ്രലോഭനവും എല്ലാം അടങ്ങുന്ന പതിനൊന്ന് മിനിട്ട് ദൈര്‍ഘ്യമുള്ളതാണ് ഫോണ്‍ സംഭാഷണം.

സിസ്റ്ററിന് കാഞ്ഞിരപ്പള്ളിയിലോ റാന്നിയിലോ വീടും വസ്തുവുമാണ് ഫാദര്‍ ജെയിംസ് എര്‍ത്തയില്‍ വാഗ്ദാനം ചെയ്തത്. കൂടാതെ ആവശ്യപ്പെടുന്നിടത്ത് മഠം പണിയാന്‍ സ്ഥലം നല്‍കാമെന്നും വാഗ്ദാനം ചെയ്യുന്നുണ്ട്. ജലന്ധര്‍ രൂപത നേരിട്ടാണ് ഈ വാഗ്ദാനം നല്‍കിയിരിക്കുന്നത് എന്നതാണ് പ്രത്യേകത.

ജലന്ധര്‍ രൂപതയുടെ ഭാഗത്ത് നിന്ന് എല്ലാ സഹായങ്ങളും നല്‍കാനുള്ള നടപടികള്‍ ഉണ്ടാകുമെന്നാണ് സംഭാഷണത്തില്‍ പറയുന്നത്. പരാതിയില്‍ നിന്ന് പിന്‍മാറണമെന്നും പ്രശ്‌നങ്ങളില്‍ ചെന്ന് ചാടേണ്ടെന്നും പറയുന്നു. പരാതി പിന്‍വലിക്കുന്നതിലൂടെ നിലവിലുള്ള ഭീഷണികളില്‍ നിന്ന് രക്ഷപെടാമെന്നും ജെയിംസ് എര്‍ത്തയില്‍ പറയുന്നു.

ഫോണ്‍ സംഭാഷണം പൊലീസിന് കൈമാറുമെന്ന് സിസ്റ്ററുടെ വീട്ടുകാര്‍ പറഞ്ഞു. ഫാ. ജെയിംസ് എര്‍ത്തലയില്‍ മൂന്നുതവണ കുറവിലങ്ങാട്ടെ കന്യാസ്ത്രീ മഠത്തിലെത്തിയിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ജൂലായ് 5, 13, 28 ദിവസങ്ങളിലാണ് വൈദികനെത്തിയത്. 28 ന് എത്തിയപ്പോള്‍ ബിഷപ്പിനെതിരെ പരാതി നല്‍കിയ കന്യാസ്ത്രീയേയും ഇവര്‍ക്ക് പിന്തുണ നല്‍കുന്ന മറ്റ് കന്യാസ്ത്രീകളെയും നേരിട്ട് കാണണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കന്യാസ്ത്രീകള്‍ കാണാന്‍ കൂട്ടാക്കിയില്ല.

അതേസമയം, ബിഷപ്പിന്റെ മൊഴിയെടുക്കുന്നതിനായി പൊലീസ് സംഘം അടുത്തയാഴ്ച ജലന്ധറിലേക്ക് പോകുമെന്ന് കോട്ടയം എസ്.പി ഹരിശങ്കര്‍ പറഞ്ഞു. കേരളത്തിലെ അന്വേഷണം പൂര്‍ത്തിയായെന്നും അദ്ദേഹം വ്യക്തമാക്കി. കേസിലെ സാക്ഷികളായ സ്ത്രീകളുടെ മൊഴിയെടുക്കുന്നത് വൈകുന്നത് സ്വാഭാവികമാണ്. പുതിയ നിയമം അനുസരിച്ച്‌ സ്ത്രീകളുടെ സൗകര്യവും സമയവും നോക്കി മാത്രമെ മൊഴി രേഖപ്പെടുത്താനാകൂ. മുന്‍കാലങ്ങളിലെ പോലെ നോട്ടീസ് അയച്ച്‌ വിളിച്ചു വരുത്തുന്നതിന് നിയമപ്രശ്‌നങ്ങളുണ്ടെന്നും എസ്.പി വ്യക്തമാക്കി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.