You are Here : Home / News Plus

മജ്ജ മാറ്റിവെക്കല്‍ പദ്ധതി (കാസ്പ്) യുടെ പരിധിയില്‍

Text Size  

Story Dated: Sunday, September 01, 2019 06:37 hrs UTC

മജ്ജ മാറ്റിവെക്കല്‍ ശസ്ത്രക്രിയ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി (കാസ്പ്) യുടെ പരിധിയില്‍ ഉള്‍പ്പെടുത്താന്‍ പരിശ്രമിക്കുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചര്‍ പറഞ്ഞു. നിര്‍ധനരായ ബിപിഎല്‍ വിഭാഗത്തില്‍ പെടുന്ന രോഗികള്‍ അപേക്ഷ തരുന്ന പക്ഷം മജ്ജ മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയ ചെയ്യുന്നതിനുള്ള ചെലവുകള്‍ സര്‍ക്കാര്‍ വഹിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. മലബാര്‍ ക്യാന്‍സര്‍ സെന്ററില്‍ അര്‍ബുദത്തെ അതിജീവിച്ചവരുടെ കൂട്ടായ്മ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
 
പ്രതിവര്‍ഷം 50000 ക്യാന്‍സര്‍ രോഗികളാണ് കേരളത്തില്‍ പുതുതായി രജിസ്റ്റര്‍ ചെയ്യുന്നത്. ക്യാന്‍സറിനെതിരെ ശക്തമായ പോരാട്ടം അനിവാര്യമാണ്. നൂതനമായ ഒട്ടേറെ കാര്യങ്ങള്‍ ക്യാന്‍സര്‍ ചികിത്സാ രംഗത്ത് നടപ്പാക്കുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് ക്യാന്‍സര്‍ രജിസ്ട്രി തയ്യാറാക്കുന്നത്. മജ്ജ മാറ്റിവെയ്ക്കല്‍ ശസ്്ത്രക്രിയക്കായി ദാതാക്കളെ കണ്ടെത്തി ഡോണര്‍ രജിസ്ട്രി തയ്യാറാക്കുക എന്നത് മഹത്തരമായ കാര്യമാണ്. എംസിസിയുടെ നേതൃത്വത്തില്‍ നടക്കുന്ന ഇത്തരം പ്രവര്‍ത്തനങ്ങള്‍ പ്രശംസനീയമാണെന്നും ആവശ്യമായ എല്ലാ പിന്തുണയും സര്‍ക്കാര്‍ ഉറപ്പാക്കുമെന്നും മന്ത്രി അറിയിച്ചു. എംസിസിയില്‍ പുതിയ ബ്ലോക്കിന്റെ നിര്‍മ്മാണ പ്രവൃത്തികള്‍ ഈ വര്‍ഷം തന്നെ ഏറ്റെടുക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
 
 
 
മജ്ജ മാറ്റിവെക്കല്‍ ചികിത്സ വിജയകരമായി പൂര്‍ത്തിയാക്കിയവരുടേയും അര്‍ബുദത്തെ അതിജീവിച്ചവരുടേയും കുടുംബ സംഗമമാണ് നവജീവന്‍ എന്ന പേരില്‍ മലബാര്‍ ക്യാന്‍സര്‍ സെന്ററില്‍ സംഘടിപ്പിച്ചത്. മലബാര്‍ ക്യാന്‍സര്‍ സെന്റര്‍ സെമിനാര്‍ ഹാളില്‍ നടന്ന ചടങ്ങില്‍ എ എന്‍ ഷംസീര്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. തലശ്ശേരി നഗരസഭാ ചെയര്‍മാന്‍ സി കെ രമേശന്‍, എംസിസി ഡയറക്ടര്‍ ഡോ. സതീശന്‍ ബാലസുബ്രഹ്മണ്യന്‍, ക്ലിനിക്കല്‍ ഹെമറ്റോളജി ആന്റ് മെഡിക്കല്‍ ഓങ്കോളജി വിഭാഗം മേധാവി ഡോ. ചന്ദ്രന്‍ കെ നായര്‍, എംസിസി നഴ്‌സിംഗ് സൂപ്രണ്ട് പി ശ്രീലത, നവജീവന്‍ പ്രസിഡണ്ട് ഹരിദാസന്‍ തുടങ്ങിയവര്‍ സംസാരിച്ചു. അര്‍ബുദത്തെ അതിജീവിച്ച നവജീവന്‍ അംഗങ്ങളുടെ അനുഭവങ്ങളും ചടങ്ങില്‍ പങ്കുവെച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.