You are Here : Home / News Plus

മത്സ്യത്തൊഴിലാളികളെ പ്രശംസിച്ച്‌ മന്ത്രി തോമസ് ഐസക്

Text Size  

Story Dated: Sunday, August 19, 2018 08:26 hrs UTC

കേരളത്തില്‍ പ്രളയക്കെടുതിയെ തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനത്തിനെത്തിയ മത്സ്യത്തൊഴിലാളികളെ പ്രശംസിച്ച്‌ മന്ത്രി തോമസ് ഐസക്. മലയാളികളുടെ മനസ്സില്‍ എന്നും തെളിഞ്ഞു നില്‍ക്കുന്നവരായിരിക്കും കടലുമായി മല്ലിട്ട് ജീവിക്കുന്ന മത്സ്യത്തൊഴിലാളികള്‍.

മത്സ്യതൊഴിലാളികളെയാണ് ഇതുപോലുള്ള ദുരന്ത നിവാരണപ്രവര്‍ത്തനങ്ങള്‍ക്കായി സജ്ജരാക്കേണ്ടത് എന്നതാണ് കേരളത്തിന് നല്‍കുന്ന ഏറ്റവും വലിയ പാഠമെന്നും തോമസ് ഐസക് ഫേസ്ബുക്കില്‍ കുറിച്ചു.

തോമസ് ഐസകിന്റെ ഫേസ്ബുക്ക് പോസ്റ്റ്:

ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളില്‍ എല്ലാ വിഭാഗം ആളുകളും കൈകോര്‍ത്തു.പക്ഷെ ഒരു വിഭാഗത്തിന്‍റെ പ്രവര്‍ത്തനം മലയാളികളുടെ മനസ്സില്‍ എന്നും തെളിഞ്ഞു നില്‍ക്കും. കടലുമായി മല്ലിട്ട് ജീവിതം കരുപിടിപ്പിക്കുന്ന മത്സ്യ തൊഴിലാളികള്‍, കേരളത്തിന്‍റെ തീരദേശത്ത് വിഴിഞ്ഞം മുതല്‍ മുനമ്ബം വരേയുള്ള ഇടങ്ങളില്‍ നിന്ന് ആയിരക്കണക്കിന് പേരാണ് സന്നദ്ധരായി വന്നത്. സ്വന്തം ചെലവില്‍ വള്ളവും വണ്ടിയില്‍ കയറ്റി നാലഞ്ച് തൊഴിലാളികള്‍ ഒരുമിച്ച്‌ പോന്നിരിക്കുയാണ്. ഒരു പേടിയുമില്ല. ആറ്റിലെ ഒഴുക്കും കാലാവസ്ഥയും ഒന്നും അവര്‍ക്ക് ഒരു പ്രശ്നമായിരുന്നില്ല.

കുട്ടനാട്ടുകാര്‍ കണ്ടിട്ടുള്ളത് ചുണ്ടന്‍വള്ളത്തിന്‍റെ പിന്നിലെ അമരത്ത് നിന്ന് പങ്കായമെറിയുന്ന അമരക്കാരനെ ആണ്. എന്നാല്‍ ഫിഷിംഗ് ബോട്ടുകളില്‍ അണിയത്ത് പൊന്തി നില്‍ക്കുന്ന കൊമ്ബില്‍ പിടിച്ചു മീന്‍ നോക്കി ടൈറ്റാനിക്കില്‍ നില്‍ക്കുന്നത് പോലെ വള്ളത്തെ നയിക്കുന്നത് കുട്ടനാട്ടുകാര്‍ക്ക് ഇതൊരു പുതുമയായിരുന്നു .

സേനകള്‍ ഒന്നുമല്ല, ഇവരാണ് കുട്ടനാട്ടിലെ ഉള്‍പ്രദേശങ്ങളില്‍ അകപ്പെട്ടുപോയ ഭൂരിപക്ഷത്തെയും അതിസാഹസികമായി രക്ഷിച്ചത്. ഇത് കേരളത്തിനു നല്‍കുന്ന ഏറ്റവും വലിയ പാഠം , മത്സ്യതൊഴിലാളികളെയാണ് ഇതുപോലുള്ള ദുരന്ത നിവാരണപ്രവര്‍ത്തനങ്ങള്‍ക്കായി സജ്ജരാക്കേണ്ടത് എന്നാണ്. കടലിലും കരയിലുമൊക്കെ ദുരന്തനിവാരണത്തിന് ഇവര്‍ ഫലപ്രദമാണെന്ന് ഇതിനകം തെളിയിച്ചു കഴിഞ്ഞു. കേരള സര്‍ക്കാര്‍ നേരത്തെ തന്നെ തീരുമാനിച്ചിരുന്നതാണ്, ഇരുന്നൂറ് മത്സ്യതൊഴിലാളികളെ സീ റസ്ക്യൂ ഓപ്പറേഷനില്‍ പരിശീലനം നല്‍കുവാന്‍. അവരുടെ എണ്ണം കൂട്ടണം . കേരളത്തിനു സ്വന്തമായി സുസജ്ജമായ ദുരന്തനിവാരണത്തിനായി ഒരു സന്നദ്ധസേന ഉണ്ടാവണം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.