You are Here : Home / News Plus

കരുണാനിധി അന്തരിച്ചു

Text Size  

Story Dated: Tuesday, August 07, 2018 01:43 hrs UTC

തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായ എം. കരുണാനിധി (94) അന്തരിച്ചു. ചെന്നൈ കാവേരി ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് കഴിഞ്ഞ 10 ദിവസങ്ങളായി കരുണാനിധി ചികിത്സയിലായിരുന്നു. ചൊവ്വാഴ്ച ഉച്ചയോടെ ഇദ്ദേഹത്തിന്റെ നില അതീവ ഗുരുതരമാകുകയായിരുന്നു.

മരുന്നുകളോട് പ്രതികരിക്കുന്നില്ലെന്നും അവയവങ്ങള്‍ തകരാറിലാണെന്നും വൈകിട്ട് 4.30 ന് ഇറങ്ങിയ മെഡിക്കല്‍ ബുള്ളറ്റിനില്‍ വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് വൈകിട്ട് 6.30നാണ് അന്ത്യം സംഭവിച്ചത്. കരുണാധിയുടെ മരണത്തെതുടര്‍ന്ന് അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാന്‍ ചെന്നൈയിലും തമിഴ്‌നാട്ടിലെ വിവിധ നഗരങ്ങളിലും പോലീസിനെ വിന്യസിച്ചിട്ടുണ്ട്. രണ്ട് ദിവസങ്ങള്‍ക്ക് മുമ്ബ് കരുണാനിധിയുടെ ആരോഗ്യനില മെച്ചപ്പെട്ടെങ്കിലും വീണ്ടും വഷളാകുകയായിരുന്നു.

രാഷ്ട്രപതി റാംനാഥ് കോവിന്ദ്, ഉപരാഷ്ട്രപതി എം.വെങ്കയ്യനായിഡു, കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍‌ ഗാന്ധി, കേരള മുഖ്യമന്ത്രി പിണറായി വിജയന്‍, ചലച്ചിത്രതാരങ്ങളായ രജനീകാന്ത്, കമല്‍ഹാസന്‍, വിജയ്, അജിത് തുടങ്ങിയവര്‍ അദ്ദേഹത്തെ ആശുപത്രിയില്‍ സന്ദര്‍ശിച്ചിരുന്നു.

നാഗപട്ടണം ജില്ലയിലെ തിരുകുവളെയില്‍ 1924 ജൂണ്‍ മൂന്നിന് പിന്നാക്ക സമുദായമായ ഇശയ വെള്ളാള വിഭാഗത്തില്‍ ജനിച്ച മുത്തുവേല്‍ കരുണാനിധി ഇ.വി. രാമസ്വാമിയുടെ (പെരിയോര്‍) ശിഷ്യനായാണ് പൊതുപ്രവര്‍ത്തനം തുടങ്ങിയത്. ദക്ഷിണാമൂര്‍ത്തി എന്നായിരുന്നു അദ്ദേഹത്തിന്റെ ആദ്യപേര്. 1949 ല്‍ സി.എന്‍.അണ്ണാദുരൈ ഡിഎംകെ സ്‌ഥാപിച്ചപ്പോള്‍ ഒപ്പം ചേര്‍ന്ന അദ്ദേഹം 1957 ല്‍ കുളിത്തലൈയിലെ ആദ്യ പോരാട്ടത്തില്‍ വിജയിച്ച്‌ എംഎല്‍എയായി. 1961 ല്‍ പാര്‍ട്ടി ട്രഷററായ അദ്ദേഹം 1962 ല്‍ നിയമസഭയിലെ പ്രതിപക്ഷ ഉപനേതാവായി. 1967 ല്‍ ഡിഎംകെ സര്‍ക്കാര്‍ അധികാരമേറിയപ്പോള്‍ പൊതുമരാമത്ത് മന്ത്രിയായി. 1969 ല്‍ അണ്ണാദുരെയുടെ നിര്യാണത്തെത്തുടര്‍ന്ന് ഡിഎംകെ അധ്യക്ഷനും അതേവര്‍ഷം തന്നെ മുഖ്യമന്ത്രിയുമായി.

സിനിമയിലും രാഷ്ട്രീയത്തിലും സുഹൃത്തുക്കളായിരുന്ന കരുണാനിധിയും എംജിആറും 1972 ല്‍ വഴി പിരിഞ്ഞു. 1977 ല്‍ ഇന്ദിരാഗാന്ധി സര്‍ക്കാര്‍ പിരിച്ചുവിടുന്നതുവരെ കരുണാനിധി അധികാരത്തില്‍ തുടര്‍ന്നു. എഐഎഡിഎംകെയിലൂടെ എംജിആറിന്റെ രാഷ്ട്രീയമുന്നേറ്റം കണ്ട തമിഴകത്ത് എംജിആറിന്റെ മരണശേഷം 1989 ലാണ് കരുണാനിധിയെ തേടി പിന്നീട് മുഖ്യമന്ത്രി സ്ഥാനമെത്തുന്നത്. 1996 - 2001 കാലഘട്ടത്തിലും 2006 മുതല്‍ 2011 വരെയുള്ള കാലഘട്ടത്തിലും വീണ്ടും മുഖ്യമന്ത്രിയായി.

കേവലം രാഷ്ട്രീയത്തില്‍ മാത്രം ഒതുങ്ങുന്നതല്ല കരുണാനിധിയുടെ വ്യക്തിപ്രഭാവം. കവിയും ചലച്ചിത്രകാരനുമായ അദ്ദേഹം തമിഴ് ഭാഷയുടെ ആഴമറിയുന്ന ഉജ്വല പ്രഭാഷകന്‍ കൂടിയായിരുന്നു. തിരുക്കുറള്‍ ഉള്‍പ്പെടെ തമിഴ്ക്ലാസിക്കുകള്‍ മിക്കതും മനഃപാഠം. മാക്‌സിം ഗോര്‍ക്കിയുടെ ' മദറി'ന്റെ തമിഴ് പരിഭാഷ ഉള്‍പ്പെടെ ഇരുനൂറോളം പുസ്തകങ്ങള്‍ രചിച്ചു. ഇരുപതാം വയസ്സില്‍ ആദ്യ ചിത്രമായ 'രാജകുമാരി'ക്കു തിരക്കഥയെഴുതി. തുടര്‍ന്ന് എഴുപതോളം തിരക്കഥകളും നൂറോളം പുസ്‌തകങ്ങളും ആ തൂലികയില്‍ നിന്നു പിറന്നു. തമിഴകം ആദരപൂര്‍വം അദ്ദേഹത്തെ 'കലൈജ്ഞര്‍' (കലാകാരന്‍) എന്നു വിളിച്ചു.

മൂന്നു ഭാര്യമാര്‍: പരേതയായ പത്മാവതി അമ്മാള്‍, രാജാത്തി അമ്മാള്‍, ദയാലു അമ്മാള്‍. മകന്‍ എം.കെ.സ്‌റ്റാലിനെ രാഷ്‌ട്രീയ പിന്‍ഗാമിയായി കണ്ട അദ്ദേഹം മറ്റൊരു മകനായ അഴഗിരിയുമായി ഇടക്കാലത്ത് അകല്‍ച്ചയിലായിരുന്നു. മകള്‍ കനിമൊഴിയും രാഷ്ട്രീയത്തില്‍ സജീവം. മറ്റു മക്കള്‍: എം.കെ. മുത്തു, എം.കെ. തമിഴരശ്, എം.കെ. സെല്‍വി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.