You are Here : Home / News Plus

മൂവാറ്റുപുഴ കെ.എസ്.ആര്‍.ടി.സി ഡിപ്പോ നിര്‍മ്മാണം പുനരാരംഭിക്കുന്നു

Text Size  

Story Dated: Sunday, July 15, 2018 08:39 hrs UTC

മൂവാറ്റുപുഴ കെ.എസ്.ആര്‍.ടി.സി ഡിപ്പോ നിര്‍മ്മാണം പുനരാരംഭിക്കുന്നു. 80ശതമാനം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായ മൂവാറ്റുപുഴ കെ.എസ്.ആര്‍.ടി.സി ഡിപ്പോയുടെ അന്തിമഘട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഈമാസം 30ന് ആരംഭിക്കുമെന്ന് എല്‍ദോ എബ്രഹാം എം.എല്‍.എ പറഞ്ഞു. യാഡ് നിര്‍മ്മാണത്തിനായി കെ.എസ്.ആര്‍.ടി.സി.അനുവദിച്ച 1.80കോടി രൂപയുടെ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായി. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഈമാസം 30ന് ആരംഭിക്കും. കട്ടയും, കോണ്‍ഗ്രീറ്റും ഉപയോഗിച്ചാണ് യാഡ് നിര്‍മ്മാണം നടത്തുന്നത്. യാഡ് നിര്‍മ്മാണം പൂര്‍ത്തിയാകുന്നതോടെ ഡിപ്പോ പൊതുജനങ്ങള്‍ക്കായി തുറന്ന് കൊടുക്കും. 

ഇതോടൊപ്പം ഡിപ്പോയിലെ ഷോപ്പിംഗ് കോംപ്ലക്‌സിലെ മുറികളുടെ താക്കോലും കൈമാറും. 16മുറികള്‍ ലേലത്തിലൂടെ 3.48കോടി രൂപയാണ് കെ.എസ്.ആര്‍.ടി.സിയ്ക്ക് ലഭിച്ചത്. മുറികള്‍ ലേലത്തിലെടുത്തവര്‍ നാല് ഘട്ടത്തിലായിട്ടാണ് കെ.എസ്.ആര്‍.ടി.സിയ്ക്ക് പണം കൈമാറേണ്ടത്. പലരും മൂന്ന് ഘട്ടംവരെ പണം കൈമാറി കഴിഞ്ഞു. കെ.എസ്.ആര്‍.ടി.സി.ഡിപ്പോ തുറന്ന് നല്‍കി താക്കോല്‍ കൈമാറുന്നതോടെ 1.98ലക്ഷം രൂപയും ഈയിനത്തില്‍ കെ.എസ്.ആര്‍.ടി.സിയ്ക്ക് ലഭിക്കും. നിലവില്‍ ഡിപ്പോയിലെ മാലിന്യ സംസ്‌കരണ പ്ലാന്റിന്റെയും ഫയര്‍ വര്‍ക്കുകളുടെ നിര്‍മ്മാണവും പൂര്‍ത്തിയായി വരികയാണ്.

കെ.എസ്.ആര്‍.ടി.സി.ഗ്യാരേജിനായി നേരത്തെ നിര്‍മിച്ച്‌ ഉദ്ഘാടനം ചെയ്ത കെട്ടിടത്തിന് കെട്ടിട നമ്ബര്‍ ലഭിച്ചിരുന്നില്ല. ഇതിനായി തദ്ദേശസ്വയം ഭരണ വകുപ്പ് ഡയറക്ടറുടെ ഇടപടലിനെ തുടര്‍ന്ന് അടുത്തിടയാണ് നമ്ബര്‍ ലഭിച്ചത്. നമ്ബര്‍ ലഭിക്കാത്തതിനെ തുടര്‍ന്ന് ഇവിടേയ്ക്ക് വൈദ്യുതി കണക്ഷനും ലഭിച്ചിരുന്നില്ല. വൈദ്യുതി കണക്ഷന്‍ അടക്കമുള്ള ഇലക്‌ട്രിക് വര്‍ക്കുകള്‍ പൂര്‍ത്തിയാക്കാന്‍ കെ.എസ്.ആര്‍.ടി.സി.യില്‍ നിന്നും 48000രൂപയും അനുവദിച്ചിട്ടുണ്ട്. പഴയ ഗ്യാരേജ് കെ.എസ്.ടി.പി.റോഡ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് പൊളിച്ച്‌ മാറ്റണം. ഗ്യാരേജ് ഏറ്റെടുത്ത വകയില്‍ കെ.എസ്.ആര്‍.ടി.യ്ക്ക് കെ.എസ്.ടി.പി.യില്‍ നിന്നും 1.91ലക്ഷം രൂപയും ലഭിച്ചിട്ടുണ്ട്.

പഴയ ഗ്യാരേജില്‍ നിന്നും ഉപകരണങ്ങള്‍ പുതിയ ഗ്യാരേജിലേയ്ക്ക് മാറ്റുന്നതിന് ലേബര്‍ ചാര്‍ജായി 25000രൂപയും കെ.എസ്.ആര്‍.ടി.സിയില്‍ നിന്നും അനുവദിച്ചിട്ടുണ്ട്. കെ.എസ്.ആര്‍.ടി.സി.ഡിപ്പോ തുറന്ന് കൊടുക്കുന്നതോടെ നിലവില്‍ ഡിപ്പോയില്‍ ബാലന്‍സുള്ള 11ഓളം മുറികളും ലേലം ചെയ്ത് നല്‍കും. ഇതോടൊപ്പം തന്നെ അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കിന്റെ നിര്‍മ്മാണവും ആരംഭിക്കും. ഇതിനായി എല്‍ദോ എബ്രഹാം എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും അനുവദിച്ച 1.52കോടി രൂപ അനുവദിച്ചിട്ടുണ്ട്. രണ്ട് പ്രാവശ്യം ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കിയെങ്കിലും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ കരാറുകാര്‍ ഏറ്റെടുത്തിട്ടില്ല.

എസ്റ്റിമേറ്റില്‍ പ്രദിപാതിക്കുന്ന പൈലിംഗ് ജോലികള്‍ക്ക് ഭീമമായ തുക ചെലവ് വരുമെന്നതാണ് നിര്‍മ്മാണ പ്രവര്‍ത്തികളില്‍ നിന്നും കാരാറുകാരെ പിന്നോട്ടടിക്കാന്‍ കാരണം. അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കിന്റെ നിര്‍മ്മാണത്തിനായി അംഗീകൃത സര്‍ക്കാര്‍ ഏജന്‍സിയെ ചുമതലപ്പെടുത്താനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി വരികയാണന്നും എല്‍ദോ എബ്രഹാം എം.എല്‍.എ പറഞ്ഞു.സംസ്ഥാനത്തെ മറ്റ് കെ.എസ്.ആര്‍.ടി.സി. ഡിപ്പോകളെ അപേക്ഷിച്ച്‌ മൂവാറ്റുപുഴ ഡിപ്പോ നിര്‍മ്മാണത്തിനുള്ള ഫണ്ടിന്റെ അധികവും ഇവിടെ നിര്‍മിച്ച മുറികളുടെ അഡ്വാന്‍സ് ഇനത്തില്‍ ലഭിച്ചിട്ടും ഡിപ്പോ നിര്‍മ്മാണം വൈകുന്നത് വന്‍പ്രതിഷേധത്തിന് കാരണമായിരുന്നു. യാഡിന്റെ നിര്‍മ്മാണോദ്ഘാടനം ഈമാസം 30ന് രാവിലെ എല്‍ദോ എബ്രഹാം എം.എല്‍.എ നിര്‍വ്വഹിക്കും. നഗരസഭ ചെയര്‍പേഴ്‌സണ്‍ ഉഷ ശശീധരന്‍ അധ്യക്ഷത വഹിക്കും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.