You are Here : Home / News Plus

അമ്മയുടെ പ്രസിഡന്റായി മോഹന്‍ലാല്‍ ചുമതലയേറ്റു

Text Size  

Story Dated: Sunday, June 24, 2018 12:29 hrs UTC

മലയാള ചലചിത്ര താരസംഘടനയായ അമ്മയുടെ പ്രസിഡന്റായി മോഹന്‍ലാല്‍ ചുമതലയേറ്റു. ജനറല്‍ സെക്രട്ടറിയായി ഇടവേള ബാബുവും ചുമതലയേറ്റു. മോഹന്‍ലാലിന്റെ നേതൃത്വത്തില്‍ പുതിയ ഭരണസമിതിയുടെ ആദ്യജനറല്‍ ബോഡി യോഗമാണ് ഇന്ന് ചേര്‍ന്നത്. മുകേഷാണ് വൈസ് പ്രസിഡന്റ്. ജോയിന്റ് സെക്രട്ടറി ട്രഷറര്‍ സ്ഥാനത്തേക്ക് യഥാക്രമം സിദ്ദിഖ്, ജഗദീഷ് എന്നിവരും ചുമതലയേറ്റു.

11 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയെയാണ് പുതുതായി തെരഞ്ഞെടുത്തത്. അജു വര്‍ഗീസ്, ആസിഫ് അലി, ബാബു രാജ്, ഹണി റോസ്, ഇന്ദ്രന്‍സ്, ജയസൂര്യ, ടിനി ടോം, സുധീര്‍ കരമന, രചന നാരായണന്‍ കുട്ടി, ശ്വേത മേനോന്‍, ഉണ്ണി ശിവപാല്‍ എന്നിവര്‍ ചേര്‍ന്നതാണ് എക്സിക്യൂട്ടീവ് കമ്മിറ്റി.

നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ടതിന് പിന്നാലെ അമ്മയില്‍ നിന്ന് പുറത്താക്കപ്പെട്ട നടന്‍ ദിലീപിനെ സംഘടനയില്‍ തിരിച്ചെടുക്കാന്‍ യോഗത്തില്‍ ധാരണയായി. തിരിച്ചെടുക്കാന്‍ തീരുമാനിച്ച വിവരം ദിലീപിനെ അറിയിക്കുകയും അദ്ദേഹത്തിന്റെ തീരുമാനം കൂടി അറിഞ്ഞശേഷമാകും അന്തിമതീരുമാനമെന്നുമാണ് പുറത്തുവരുന്ന വിവരം.

ഇന്നസെന്റ് സ്ഥാനമൊഴിഞ്ഞ് പകരം മോഹന്‍ലാല്‍ പ്രസിഡന്റാകുകയും മമ്മൂട്ടിക്കം പകരം ഇടവേള ബാബു ജനറല്‍ സെക്രട്ടറിയാകുകയും ചെയ്ത ശേഷമുള്ള ആദ്യജനറല്‍ ബോഡി യോഗത്തില്‍ അംഗങ്ങളുടെ പങ്കാളിത്തം കുറവായിരുന്നു. യുവതാരങ്ങള്‍ പലരും യോഗത്തില്‍ നിന്ന് വിട്ടുനിന്നു.

നടി ആക്രമിക്കപ്പെട്ട സംഭവത്തിന് ശേഷം രൂപീകരിക്കപ്പെട്ട ഡബ്ല്യുസിസി സംഘടനയില്‍ അംഗങ്ങളായ വനിതാ താരങ്ങളും ഇന്നത്തെ യോഗത്തിന് എത്തിയില്ല. ഇതിനാല്‍ ദിലീപിന് അനുകൂലമായ തീരുമാനമെടുക്കുന്നതിന് ജനറല്‍ബോഡി യോഗത്തിന് ഏറെ വിഷമിക്കേണ്ടിവന്നില്ല.

യോഗത്തില്‍ അംഗങ്ങളുടെ എണ്ണം കുറഞ്ഞതില്‍ പ്രസിഡന്റ് മോഹന്‍ലാല്‍ ഖേദം പ്രകടിപ്പിച്ചു. പൊതുയോഗത്തിലേക്ക് മാധ്യമങ്ങള്‍ക്ക് പ്രവേശനമില്ലായിരുന്നു. പതിവ് വാര്‍ത്താസമ്മേളനവും നടത്തിയിരുന്നില്ല. ഫെയ്‌സ്ബുക്ക് ലൈവിലൂടെയാണ് കാര്യങ്ങള്‍ അറിയിച്ചത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.