You are Here : Home / News Plus

രാഹുലിന് പരാതി നല്‍കാനുള്ള തീരുമാനം ഉചിതം

Text Size  

Story Dated: Sunday, June 10, 2018 07:03 hrs UTC

രാജ്യസഭ സീറ്റ് കേരള കോണ്‍ഗ്രസിന് വിട്ടുനല്‍കിയതുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാവ് പി.ജെ കുര്യന്‍ ഹൈക്കമാന്‍ഡിന് പരാതി നല്‍കിയത് നന്നായെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ഉമ്മന്‍ചാണ്ടി. തനിക്കെതിരെയുള്ള പരാതി കൊടുക്കുന്നതോടെ പി.ജെ കുര്യന് കാര്യം മനസ്സിലായിക്കോളുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

പി.ജെ കുര്യന് എതിരെ യുവ എം.എല്‍.എമാരെ തിരിച്ചു എന്ന ആരോപണത്തിന് മറുപടി പറയേണ്ടത് യുവ എം.എല്‍.എമാരാണ്. അവര്‍ ആരുടെയെങ്കിലും ചട്ടുകമായിരുന്നോ എന്ന് അവര്‍ തന്നെ വിശദീകരിക്കണം. രാജ്യസഭ സീറ്റ് നല്‍കുന്ന കാര്യത്തില്‍ ഗൂഢാലോചന ഉണ്ടായി എന്ന കുര്യന്റെ ആരോപണത്തിന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസനും മറുപടി നല്‍കട്ടെയെന്നും ഉമ്മന്‍ചാണ്ടി വ്യക്തമാക്കി.

ഉമ്മന്‍ ചാണ്ടി പേഴ്‌സണല്‍ അജണ്ട നടപ്പാക്കുന്നുവെന്നും രാജ്യസഭാ ഉപാധ്യക്ഷ സ്ഥാനത്തു നിന്നുപോലും തന്നെ നീക്കാന്‍ ശ്രമിച്ചുവെന്നും അതിനായി യുവ നേതാക്കളെ കൂട്ടുപിടിച്ചെന്നും കുര്യന്‍ ആരോപിച്ചിരുന്നു.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മാപ്പു പറഞ്ഞു. എന്നാല്‍, ഉമ്മന്‍ചാണ്ടി ഫോണില്‍ പോലും വിളിച്ച്‌ സംസാരിച്ചില്ലെന്നും കുര്യന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു. 2005ല്‍ സീറ്റ് നല്‍കാന്‍ ഇടപ്പെട്ടെന്ന ഉമ്മന്‍ചാണ്ടിയുടെ വാദം തെറ്റാണെന്നും ഉമ്മന്‍ചാണ്ടി കാര്യങ്ങള്‍ വളച്ചൊടിച്ച്‌ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നുവെന്നും പറഞ്ഞു.

ഘടകകക്ഷികളെ ഉപയോഗിച്ച്‌ ഉമ്മന്‍ചാണ്ടി ഹൈക്കമാന്റിനെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. വൃദ്ധനെന്ന് വിളിച്ച്‌ രണ്ട് ഗ്രൂപ്പുകാരും അധിക്ഷേപിച്ചു. രാഹുല്‍ ഗാന്ധിക്ക് കത്തയച്ചത് സീറ്റ് കിട്ടാനില്ലെന്നും കുര്യന്‍ പറഞ്ഞു. കൂടാതെ, വ്യക്തിപരമായ ഒരാവശ്യത്തിനും ഉമ്മന്‍ചാണ്ടിയോട് സഹായം ചോദിച്ചിട്ടില്ല. എന്ത് സഹായമാണ് ചെയ്ത് തന്നതെന്ന് ഉമ്മന്‍ചാണ്ടി വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.