You are Here : Home / News Plus

ക്രിസ്പിന്റെ അറസ്റ്റ് ഇന്ന് തന്നെ ഉണ്ടായേക്കും

Text Size  

Story Dated: Tuesday, May 01, 2018 12:41 hrs UTC

കൊച്ചി: വരാപ്പുഴയിലെ ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തില്‍ സിഐ ക്രിസ്പിന്‍ സാമിനെ ചോദ്യം ചെയ്യുന്നു. ആലുവ പോലീസ് ക്ലബിലാണ് ചോദ്യം ചെയ്യല്‍ നടക്കുന്നത്. ഐജിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് ചോദ്യം ചെയ്യുന്നത്. ക്രിസ്പിന്റെ അറസ്റ്റ് ഇന്ന് തന്നെ ഉണ്ടായേക്കും. ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്തത് പറവൂര്‍ സിഐയുടെ നിര്‍ദേശപ്രകാരമായിരുന്നു. വ്യാജ രേഖ ചമച്ചതുള്‍പ്പെടെയുള്ള കുറ്റങ്ങളാണ് സിഐയ്ക്ക് മേല്‍ ചുമത്തുക. ശ്രീജിത്തിനെ മര്‍ദിച്ചവരുടെ കൂട്ടത്തില്‍ ഇല്ലാതിരുന്നതിനാല്‍ ക്രിസ്പിനെതിരെ കൊലക്കുറ്റം ചുമത്താന്‍ സാധ്യതയില്ല. അന്യായ തടങ്കല്‍, രേഖകളിലെ തിരിമറി എന്നിവയ്ക്കാകും സിഐ പ്രതിയാകുക. ശ്രീജിത്തിനെ രാത്രിയാണു വീട്ടിലെത്തി കൊണ്ടുപോയതെങ്കിലും പിറ്റേന്നു രാവിലെയാണ് അറസ്റ്റ് ചെയ്തതെന്ന മട്ടില്‍ രേഖകളില്‍ തിരിമറിക്കു ശ്രമിച്ചു എന്നാണ് സിഐയ്‌ക്കെതിരെയുള്ള പരാതികളിലൊന്ന്.

 

കേസില്‍ നിന്ന് ക്രിസ്പിന്‍ സാമിനെ ഒഴിവാക്കാന്‍ ശ്രമം നടക്കുന്നതായി ആരോപണം ഉണ്ടായിരുന്നു. തുടര്‍ന്ന് സിഐയെ കേസില്‍ പ്രതിചേര്‍ക്കുന്നതിനെ കുറിച്ച് അന്വേഷണസംഘം നിയമോപദേശം തേടി. സിഐയെ പ്രതി ചേര്‍ക്കാമെന്ന നിയമോപദേശമാണ് അഡ്വക്കേറ്റ് ജനറല്‍ നല്‍കിയത്. കൊലപാതകക്കുറ്റം ചുമത്താനാകില്ലെന്നും അന്യായമായി തടങ്കലില്‍ വെക്കുക, രേഖകളില്‍ കൃത്രിമം കാട്ടുക എന്നീ കുറ്റങ്ങളെ സിഐയ്ക്കെതിരെ നിലനില്‍ക്കൂ എന്നാണ് ലഭിച്ചിരിക്കുന്ന നിയമോപദേശം. വ്യാജരേഖ ചമച്ചു എന്നതടക്കമുള്ള ആരോപണങ്ങളാണ് ക്രിസ്പിന്‍ സാമിനെതിരെ ഉയര്‍ന്നിരിക്കുന്നത്. ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തെത്തുടര്‍ന്ന് നിലവില്‍ സസ്‌പെന്‍ഷനിലാണ് ക്രിസ്പിന്‍.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.