You are Here : Home / News Plus

'ചക്ക' ഇന്ന് മുതല്‍ കേരളത്തിന്‍റെ ഔദ്യോഗിക ഫലം

Text Size  

Story Dated: Wednesday, March 21, 2018 11:59 hrs UTC

'ചക്ക' ഇന്ന് മുതല്‍ കേരളത്തിന്‍റെ ഔദ്യോഗിക ഫലം എന്ന പദവിയിലേക്ക്. മന്ത്രി വി എസ് സുനിൽകുമാർ നിയമസഭയിലാണ് ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. 30 കോടി മുതൽ 60 കോടി ചക്ക വരെ കേരളത്തിൽ ഉത്പാദിപ്പിക്കുന്നുണ്ടെന്നും, വാണിജ്യപരമായി ചക്കയെ ഉപയോഗപ്പെടുത്തിയാൽ 30000 കോടി രൂപയുടെ വരുമാനം ഉണ്ടാക്കാൻ കഴിയുമെന്നും വിഎസ്  സുനിൽകുമാർ പറഞ്ഞു.

കാർഷിക വകുപ്പാണ് ഇത് സംബന്ധിച്ച റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചത്.ഔദ്യോഗിക ഫലമായി പ്രഖ്യാപിക്കുന്നതിലൂടെ കേരള ബ്രാൻഡ് ചക്കയെ ലോക വിപണിയിൽ അവതരിപ്പിക്കാനാണ് സംസ്ഥാന സർക്കാരിന്റെ നീക്കം. മൂല്യവര്‍ദ്ധിത ഉത്പ്പന്നങ്ങളിലൂടെ പ്രതിവര്‍ഷം 1500 കോടി രൂപയുടെ വരുമാനമാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. ചക്കയിൽ നിന്നും അതിന്റെ അനുബന്ധ ഉൽപന്നങ്ങളിൽ നിന്നുമായിരിക്കും ഈ വരുമാനമുണ്ടാക്കുക. ചക്ക സംസ്ഥാനത്തു വൻതോതിൽ ഉണ്ടെങ്കിലും അതിന്റെ ഗുണം പൂർണമായും ഇതുവരെ ഉപയോഗപ്പെടുത്താനായിട്ടില്ല.

പ്രതിവർഷം 32 കോടി ചക്ക ഉൽപ്പാദിപ്പിക്കപ്പെടുന്ന കേരളത്തിൽ അതിന്റെ 30% നശിച്ചു പോകുന്നുവെന്നാണു കണക്കുകൾ. സംസ്ഥാനത്ത് ഉപയോഗിക്കാതെ വര്‍ഷം തോറും നശിക്കുന്നത് 600 കോടി രൂപയുടെ ചക്കയാണെന്നാണ് കണക്ക്. എന്നാൽ, ചക്ക ഉണ്ടാവാത്ത അമേരിക്കയിലും ഗള്‍ഫ് രാജ്യങ്ങളിലുമെല്ലാം ഇവയ്ക്ക് പ്രിയമേറിവരികയാണ്. ഈ സാഹചര്യത്തില്‍ സംസ്കരണസാധ്യതകള്‍ പരമാവധി ഉപയോഗപ്പെടുത്തി ചക്കയില്‍ നിന്ന് ലാഭം കണ്ടെത്താനുളള ഒരുക്കത്തിലാണ് സര്‍ക്കാര്‍.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.