You are Here : Home / News Plus

ബാറുകള്‍ തുറക്കുന്നത് എല്‍ഡിഎഫ് ബാറുടമകള്‍ക്ക് നല്‍കിയ വാക്ക് പാലിക്കാന്‍: ചെന്നിത്തല

Text Size  

Story Dated: Saturday, March 17, 2018 12:13 hrs UTC

കേരളത്തില്‍ പൂട്ടിയ മദ്യശാലകളെല്ലാം തുറക്കുന്നത് വഴി യു.ഡി.എഫ് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ബാറുടമകള്‍ക്ക് നല്‍കിയ വാഗ്ദാനം ഇടതു മുന്നണി നിറവേറ്റിക്കൊടുക്കുകയാണ് ചെയ്തിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. 
സുപ്രീംകോടതി വിധി ഇതിന് സൗകര്യമായി ഉപയോഗിക്കുകയാണ്. 

മുന്‍ധനകാര്യ മന്ത്രി കെ.എം.മാണിക്കെതിരെ കേസ് നടത്തിയാല്‍ ഇടതു മുന്നണി അധികാരത്തിലേറിയാല്‍ പൂട്ടിക്കിടക്കുന്ന ബാറുകളെല്ലാം തുറന്നു തരാമെന്ന് സി.പി.എം നേതാക്കള്‍ ഉറപ്പു നല്‍കിയിരുന്നതായി  ബാറുടമകളുടെ അസോസിയേഷന്‍ നേതാവ് ബിജു രമേശ് കഴിഞ്ഞ മാസം  വെളിപ്പെടുത്തിയിരുന്നു. ആ വാഗ്ദാനം നിറവേറ്റുകയാണ് ഇപ്പോള്‍ ചെയ്തിരിക്കുന്നത്. 

പട്ടണ സ്വഭാവമുള്ള പഞ്ചായത്തുകളിലും ദൂരപരിധിയില്‍ നിന്ന് ഇളവ് നല്‍കാമെന്ന് സുപ്രീംകോടതി വിധി ദുരുപയോഗപ്പെടുത്തുകയാണ് സര്‍ക്കാര്‍ ചെയ്തിരിക്കുന്നത്. ജനസംഖ്യ പതിനായിരം കടന്നാല്‍ നഗരസ്വഭാവമാകുമെന്ന്  കണക്കാക്കാമെന്നാണ് സര്‍ക്കാര്‍ ഉത്തരവ്. ഇതോടെ കേരളത്തിലെ കുഗ്രാമങ്ങളില്‍പ്പോലും ദൂരപരിധി നോക്കാതെ മദ്യശാലകള്‍ തുറക്കാമെന്ന അവസ്ഥയാണ് വന്ന് ചേര്‍ന്നിരിക്കുന്നത്. കാരണം സംസ്ഥാനത്ത് ഏത് പഞ്ചായത്തിലും പതിനായിരത്തതിന് മുകളില്‍ ജനസംഖ്യ ഉണ്ടാവും. 

ഘട്ടം ഘട്ടമായാണ് സര്‍ക്കാര്‍ കേരളത്തെ മദ്യാലയമാക്കി മാറ്റിയിരിക്കുന്നത്. മദ്യശാലകള്‍ തുറക്കുന്നതിന് തദ്ദേശ സ്ഥാപനങ്ങളുടെ അനുമതി വേണമെന്ന നിബന്ധന സര്‍ക്കാര്‍ നേരത്തെ തന്നെ എടുത്തു കളഞ്ഞിരുന്നു. കേരളത്തെ മദ്യത്തില്‍ മുക്കിക്കൊല്ലാനുള്ള സര്‍ക്കാര്‍ നീക്കത്തെ ശക്തമായി ചെറുക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.