You are Here : Home / News Plus

ശ്രീദേവിയുടെ മൃതദേഹം ഉച്ചയോടെ ബന്ധുകള്‍ക്ക് വിട്ടുകൊടുക്കും

Text Size  

Story Dated: Monday, February 26, 2018 07:48 hrs UTC

അന്തരിച്ച നടി ശ്രീദേവിയുടെ മൃതദേഹം അല്‍പസമയത്തിനകം ബന്ധുകള്‍ക്ക് വിട്ടുകൊടുക്കും. ദുബായ് സമയം ഉച്ചയ്ക്ക് രണ്ട് മണിയോടെ മൃതദേഹവും വഹിച്ചുള്ള പ്രത്യേക വിമാനം ദുബായില്‍ നിന്നും പുറപ്പെടും എന്ന് ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റിനെ ഉദ്ധരിച്ച് ഖലീജ് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ശനിയാഴ്ച്ച രാത്രി ദുബായില്‍ അന്തരിച്ച നടിയുടെ ഭൗതികദേഹം എപ്പോള്‍ ഇന്ത്യയിലെത്തുമെന്ന കാര്യത്തില്‍ അവ്യക്തത നിലനിന്നിരുന്നു. ആശുപത്രിയിലെത്തിക്കും മുന്‍പേ മരണപ്പെട്ടതിനാല്‍ ഫോറന്‍സിക് പരിശോധനകള്‍ വേണ്ടി വന്നതാണ് കാര്യങ്ങള്‍ സങ്കീര്‍ണമാക്കിയത്. ദുബായ് എമറൈറ്റ്‌സ് ടവറിലെ ഹോട്ടല്‍ മുറിയില്‍ വച്ചാണ് ശനിയാഴ്ച്ച രാത്രി ശ്രീദേവി കുഴഞ്ഞു വീഴുന്നത്. ഇവിടെ നിന്നും ആശുപത്രിയിലെത്തിക്കും മുന്‍പ് അവര്‍ മരണപ്പെടുകയും ചെയ്തു. ആശുപത്രിയലെത്തും മുന്‍പേ മരിച്ചതിനാല്‍ തന്നെ ഫോറന്‍സിക് പരിശോധനകള്‍ നടത്തി മരണകാരണത്തില്‍ വ്യക്തത വരുത്തിയാല്‍ മാത്രമേ മൃതദേഹം ബന്ധുകള്‍ക്ക് വിട്ടുകൊടുക്കൂ. ഇപ്പോള്‍ പോലീസ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുള്ള മൃതദേഹം ഫോറന്‍സിക് വിദഗ്ദ്ധരുടെ നേതൃത്വത്തില്‍ ഞായറാഴ്ച്ച പോസ്റ്റ്‌മോര്‍ട്ട് ചെയ്യുകയും ആന്തരികാവയവങ്ങളുടെ ശാസ്ത്രീയ പരിശോധന നടത്തുകയും രക്തസാമ്പിളുകള്‍ ശേഖരിക്കുകയും ചെയ്തിരുന്നു. ഇവയുടെയെല്ലാം റിപ്പോര്‍ട്ട് ലഭിക്കാന്‍ വൈകുന്നതാണ് മറ്റു നടപടികള്‍ വൈകാന്‍ കാരണം. ഫോറന്‍സിക് റിപ്പോര്‍ട്ട് ലഭിച്ചാല്‍ പിന്നെ അടുത്ത 5-6 മണിക്കൂറില്‍ ഭൗതികദേഹം നാട്ടിലെത്തിക്കാന്‍ സാധിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. ഹൃദയാഘാതമാണോ അതോ വീഴ്ച്ചയിലുണ്ടായ പരിക്കാണോ ശ്രീദേവിയുടെ മരണകാരണം എന്ന കാര്യത്തില്‍ ഇപ്പോഴും അവ്യക്തതയുണ്ട്. കുഴഞ്ഞുവീണപ്പോള്‍ ഉണ്ടായ രക്തസ്രവത്തെ തുടര്‍ന്നാണ് മരണമെന്ന രീതിയിലും അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നുണ്ട്. ഫോറന്‍സിക് പരിശോധനാഫലം ലഭിക്കുന്നതോടെ ഇക്കാര്യത്തില്‍ വ്യക്തത വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.