You are Here : Home / News Plus

മധുവിനെ തല്ലിക്കൊന്ന കേസ് കൂടുതൽ കുരുക്കിലേക്കു നീങ്ങുന്നു

Text Size  

Story Dated: Sunday, February 25, 2018 10:36 hrs UTC

ആദിവാസി യുവാവ് മധുവിനെ തല്ലിക്കൊന്ന കേസില്‍ അറസ്റ്റിലായ 16 പ്രതികളെയും മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കി. വൈദ്യപരിശോധന പൂര്‍ത്തിയാക്കിയ ശേഷം ഞായറാഴ്ച രാവിലെയാണ് മുഴുവന്‍ പ്രതികളെയും മണ്ണാര്‍ക്കാട് മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയത്.

കൊലപാതകത്തിന് പുറമേ, വനത്തില്‍ അതിക്രമിച്ച്‌ കടക്കല്‍, എസ്ടി എസ് സി ആക്‌ട്, ഐടി ആക്‌ട് എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് പ്രതികള്‍ക്കെതിരെ പോലീസ് കേസെടുത്തിരിക്കുന്നത്. പ്രതികളെ കസ്റ്റഡിയില്‍ വാങ്ങാന്‍ ഞായറാഴ്ച തന്നെ മജിസ്ട്രേറ്റിന് അപേക്ഷ നല്‍കും. അതേസമയം, പ്രതികളെ കസ്റ്റഡിയില്‍ വിട്ടുകിട്ടിയാലും ഉടന്‍ തെളിവെടുപ്പിന് കൊണ്ടുപോകില്ലെന്നാണ് സൂചന.

പ്രതികള്‍ക്ക് നേരെ ആക്രമണ സാദ്ധ്യത നിലനില്‍ക്കുന്നതിനാല്‍ രണ്ട് ദിവസം കഴിഞ്ഞ് തെളിവെടുപ്പ് നടത്തിയാല്‍ മതിയെന്നാണ് പോലീസിന്റെ തീരുമാനം. ഈ ദിവസങ്ങളില്‍ പോലീസ് പ്രതികളെ വിശദമായി ചോദ്യം ചെയ്യും. കൊല്ലപ്പെട്ട മധു നല്‍കിയ മൊഴിയുടെയും ദൃശ്യങ്ങളുടെയും അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ കഴിഞ്ഞദിവസമാണ് മുഴുവന്‍ പ്രതികളെയും പോലീസ് അറസ്റ്റ് ചെയ്തത്.

ഫെബ്രുവരി 22 വ്യാഴാഴ്ച ഉച്ചയോടെ ചിണ്ടക്കിയിലെ തേക്ക് കൂപ്പില്‍ നിന്നാണ് മധുവിനെ അക്രമികള്‍ പിടികൂടിയത്. അരിയും മറ്റു സാധനങ്ങളും മോഷ്ടിച്ചെന്ന് ആരോപിച്ച്‌ അക്രമിസംഘം മധുവിനെ ക്രൂരമായി മര്‍ദ്ദിച്ചു. തുടര്‍ന്ന് മധുവിനെ കൈകള്‍ കെട്ടിയിട്ട് മുക്കാലി കവല വരെ ഉന്തിത്തള്ളി നടത്തിച്ചു. ഇതിനുപിന്നാലെ പോലീസ് ജീപ്പില്‍ കയറ്റിയപ്പോഴാണ് മധു മരണപ്പെട്ടത്. ആക്രമണത്തിന്റെ ദൃശ്യങ്ങളും പ്രതികള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. ഈ ദൃശ്യങ്ങളും കേസ് അന്വേഷണത്തില്‍ പോലീസിനെ സഹായിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.