You are Here : Home / News Plus

മോദി ഇന്ന് അബുദാബിയിലെ ആദ്യ ഹിന്ദു ക്ഷേത്രത്തിന് തറക്കല്ലിടും

Text Size  

Story Dated: Sunday, February 11, 2018 04:18 hrs UTC

പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ സന്ദര്‍ശനം നടത്തുന്ന ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് അബുദാബിയിലെ ആദ്യ ഹിന്ദു ക്ഷേത്രത്തിന് തറക്കല്ലിടും.

നിരവധി ഇന്ത്യക്കാര്‍ താമസിക്കുന്ന സ്ഥലമാണ് യുഎഇയുടെ തലസ്ഥാനമായ അബുദാബി. ദുബായിലെ ഒപേര ഹൗസില്‍ നിന്ന് വീഡിയോ കോണ്‍ഫറന്‍സിങ്ങ് വഴിയാണ് പ്രധാനമന്ത്രി ചടങ്ങ് നിര്‍വഹിക്കുക. 2022-ഓടെ ക്ഷേത്രത്തിന്റെ പണി പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷ. യുഎഇയില്‍ നിലവില്‍ ദുബായില്‍ മാത്രമാണ് ഒരു ഹിന്ദു ക്ഷേത്രമുളളത്.

പലസ്തീന്‍ സന്ദര്‍ശനത്തിനുശേഷമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎഇയിലെത്തിയത്. അബുദാബി കിരീടാവകാശിയും യുഎഇ ഉപ സര്‍വസൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനും രാജകുടുംബാംഗങ്ങളും പ്രധാനമന്ത്രിയെ സ്വീകരിച്ചു. മൂന്നു വര്‍ഷത്തിനിടയില്‍ ഇത് രണ്ടാം തവണയാണ് മോദി യുഎഇയില്‍ എത്തുന്നത്.

രാവിലെ അബുദാബിയിലെ രക്തസാക്ഷി മണ്ഡപമായ വാഹത് അല്‍ കരാമയില്‍ പ്രണാമം അര്‍പ്പിക്കുന്ന നരേന്ദ്രമോദി ദുബായിലേക്ക് പുറപ്പെടും. ദുബായില്‍ നടക്കുന്ന എട്ടാമത് ലോക സര്‍ക്കാര്‍ ഉച്ചകോടിയില്‍ മുഖ്യാതിഥിയായി പങ്കെടുക്കുന്ന മോദി, സാങ്കേതിക വിദ്യയും വികസന സാധ്യതകളും എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തും. തുടര്‍ന്നു യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമുമായി കൂടിക്കാഴ്ച നടത്തും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.