You are Here : Home / News Plus

ഏച്ചൂര്‍ വയലില്‍ പഞ്ചായത്തിന്റെയും കര്‍ഷകരുടെയും കൂട്ടായ്മയില്‍ വിളവെടുത്തു

Text Size  

Story Dated: Sunday, February 11, 2018 04:15 hrs UTC

ദീര്‍ഘകാലം തരിശായിക്കിടന്ന ഏച്ചൂര്‍ വയലിലെ 133 ഹെക്ടര്‍ സ്ഥലത്ത് മുണ്ടേരി പഞ്ചായത്തിന്റെയും കര്‍ഷകരുടെയും നാട്ടുകാരുടെയും ചക്കരക്കല്‍ പൊലീസിന്റെയും കൂട്ടായ്മയില്‍ വിളഞ്ഞ നെല്‍കൃഷി വിളവെടുത്തു. മുണ്ടേരി കൃഷിഭവന്റെ മേല്‍നോട്ടത്തിലായിരുന്നു വിശാലമായ പാടത്ത് നെല്‍കൃഷി ആരംഭിച്ചത്. 'ഉമ' നെല്‍വിത്താണ് ഇവിടെ വിതച്ചത്. തോടിന് തടയണ കെട്ടി മോട്ടോര്‍ ഉപയോഗിച്ചാണ് 77 ഏക്കര്‍ കൃഷിയിടത്തിലും വെള്ളമെത്തിച്ചത്. രാസകീടനാശിനികള്‍ ഒന്നും ഉപയോഗിക്കാതെയുണ്ടായ വിളവ് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ തവിട് കളഞ്ഞതും അല്ലാത്തതുമായ അരിയാക്കി പാക്ക് ചെയ്ത് മാര്‍ക്കറ്റ് ചെയ്യാനാണ് പദ്ധതി.

നാടിന്റെ പച്ചപ്പും ജലസ്രോതസ്സുകളും വീണ്ടെടുക്കുന്നതിലൂടെ വരും തലമുറക്കു കൂടി ജീവിക്കാന്‍ പറ്റുന്ന ഇടമായി മണ്ണിനെ സംരക്ഷിക്കുകയെന്നതാണ് സമൂഹത്തിന്റെ ഉത്തരവാദിത്തമെന്ന് ഹരിത കേരളം മിഷന്റെ ഭാഗമായി മുണ്ടേരി പഞ്ചായത്തിലെ എച്ചൂര്‍വയലില്‍ കൊയ്ത്തുല്‍സവവും മിനി റൈസ് മില്‍ ഉദ്ഘാടനവും നിര്‍വഹിച്ച്‌ കൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. .

ഹരിത കേരള മികച്ച മാതൃകയാണ് ഏച്ചൂര്‍ വയലില്‍ തരിശു കൃഷിഭൂമിയില്‍ നെല്ല് വിളയിച്ചതിലൂടെ ഇവിടുത്തെ ജനങ്ങള്‍ സൃഷ്ടിച്ചതെന്നും അദ്ദേഹം പറഞ്ഞു. നാടൊന്നിച്ചാല്‍ ഏത് നല്ല കാര്യവും സാധിക്കുമെന്നതിന്റെ തെളിവ് കൂടിയാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കൈമോശം വന്ന കാര്‍ഷിക സംസ്കാരം തിരിച്ചുപിടിക്കാന്‍ നാടെങ്ങും ഇത്തരം കൂട്ടായ്മകള്‍ രൂപപ്പെടുകയാണ്. മനുഷ്യരുടെ തെറ്റായ ഇടപെടലുകളാണ് നമ്മുടെ പച്ചപ്പുകള്‍ ഇല്ലാതാക്കിയത്. ഇത് തിരിച്ചുപിടിക്കാനുള്ള ഇടപെടലുകളാണ് സര്‍ക്കാര്‍ നടത്തുന്നത്. ഇന്ന് ഭൂമിയില്‍ ജീവിക്കുന്ന നമ്മള്‍ ഈ മണ്ണ് ഇതുപോലെ തന്നെ ഭാവി തലമുറയെ ഏല്‍പ്പിക്കണം. അവര്‍ നമ്മെ കുറ്റം പറയാന്‍ ഇടവരരുത്. കൃഷിയില്‍ പുതുതലമുറയടക്കം പങ്കാളികളാവുന്ന കാഴ്ചകളാണ് ഹരിതകേരളമിഷന്റെ ഭാഗമായി കാണുന്നത്. ചെറിയ പ്രായത്തിലേ കൃഷിയോട് ആഭിമുഖ്യമുള്ളവരായി അവര്‍ വളരേണ്ടത് നാടിന്റെ ആവശ്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ചടങ്ങില്‍ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ അധ്യക്ഷനായി. എം പിമാരായ പി കെ ശ്രീമതി ടീച്ചര്‍, കെ കെ രാഗേഷ് എന്നിവര്‍ മുഖ്യാതിഥികളായി. പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ കെ ഓമന പദ്ധതി വിശദീകരിച്ചു. ചക്കരക്കല്‍ എസ്.ഐ പി ബിജു റിപ്പോര്‍ട്ട് അവതരിപ്പിച്ചു. തരിശ് പച്ചക്കറി കൃഷിക്കുള്ള വിത്തും നടീല്‍ വസ്തുക്കളും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ് വിതരണം ചെയ്തു. എടക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം സി മോഹനനും എസ്.പി ജി ശിവവിക്രമും കര്‍ഷകരെ ആദരിച്ചു. പി കെ ശബരീഷ് കുമാര്‍, എം കെ പത്മം, കെ മഹിജ, കണ്ണൂര്‍ ഡിവൈഎസ്പി പി പി സദാനന്ദന്‍, സിറ്റി സിഐ ഒ വി പ്രമോദന്‍, ടി കെ രത്നകുമാര്‍, പി വി രാജേഷ്, പി കെ പ്രമീള, പി സി അഹമ്മദ്കുട്ടി, വി അജിത, ഇ കെ സോമശേഖരന്‍ തുടങ്ങിയവര്‍ സംസാരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എ പങ്കജാക്ഷന്‍ സ്വാഗതവും സി പി സജീവന്‍ നന്ദിയും പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.