You are Here : Home / Readers Choice

ബോബി ജിന്‍ഡാള്‍ ജനുവരി 12ന് ഗവര്‍ണ്ണര്‍ പദവി ഒഴിഞ്ഞു

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Saturday, January 16, 2016 02:26 hrs UTC

ലൂസിയാന: രണ്ടുതവണ തുടര്‍ച്ചയായി ലൂസിയാന ഗവര്‍ണ്ണറായിരുന്ന ബോബി ജിന്‍ഡാള്‍ ജനുവരി 12ന് ഗവര്‍ണ്ണര്‍ പദവി ഒഴിഞ്ഞു. നാല്പത്തിനാലുക്കാരനായ ബോബി അമേരിക്കയില്‍ ഗവര്‍ണ്ണറായി തിരഞ്ഞെടുക്കപ്പെട്ട ആദ്യ ഇന്ത്യന്‍ വംശജന്‍ കൂടിയാണ്. 2008 ല്‍ ലൂസിയാന ഗവര്‍ണ്ണര്‍ പദവിയിലെത്തിയ ബോബി 2011ല്‍ വീണ്ടും ഗവര്‍ണ്ണറായി തിരഞ്ഞെടുക്കപ്പെട്ടു. ലൂസിയാന സംസ്ഥാനത്തിന്റെ സാമ്പത്തിക അടിത്തറ ഉറപ്പാക്കുന്നതിന് ശക്തമായ നടപടികളാണ് ബോബി സ്വീകരിച്ചത്. ഓരോ വര്‍ഷവും ബോബി ജിന്‍ഡാള്‍ അവതരിപ്പിച്ച ബഡ്ജറ്റ് പ്രത്യേക പ്രശംസ പിടിച്ചു പറ്റിയിരുന്നു. വന്‍കിട വ്യവസായികളെ ആകര്‍ഷിക്കുന്ന വ്യവസായ നയം നടപ്പാക്കിയത്. ഗവണ്‍മെന്റിന്റെ ഖജനാവിലേക്ക് വില്പന നികുതിയിനത്തില്‍ വന്‍ വര്‍ദ്ധനവാണ് ഉണ്ടാക്കിയത്.

2015 ല്‍ ജിന്‍ഡാന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചുവെങ്കിലും പിന്നീട് പിന്‍മാറുകയായിരുന്നു. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ശക്തനായ നേതാവായി ഉയര്‍ന്നുവെങ്കിലും പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിത്വം നിലനിര്‍ത്തുന്നതിന് ആവശ്യമായ പിന്തുണ ജിന്‍ഡാളിന് ലഭിച്ചില്ല. റിപ്പബ്ലിക്കന്‍ ഗവര്‍ണേഴ്‌സ് അസ്സോസിയേഷന്‍ വൈസ് ചെയര്‍മാനായി പ്രവര്‍ത്തിച്ചിരുന്നു. 2009 ല്‍ പ്രസിഡന്റ് ഒബാമ നടത്തിയ യൂണിയന്‍ അഡ്രസ്സിന് റിപ്പബ്ലിക്കന്‍ പാര്‍ട്ടി മറുപടി നല്‍കുന്നതിനായി ജിന്‍ഡാളിനെയാണ് തിരഞ്ഞെടുത്തത്. 2016 ല്‍ ഇതേ സ്ഥാനം നിലനിര്‍ത്തിയത് ഇന്ത്യന്‍ വംശജയായ ഗവര്‍ണ്ണര്‍ നിക്കിഹെയ്‌ലിയാണ്. ഇന്ത്യന്‍ മാതാപിതാക്കളുടെ മകനായി അമേരിക്കയില്‍ ജനിച്ചുവളര്‍ന്ന ജിന്‍ഡാള്‍ ഉറച്ച കത്തോലിക്കാ വിശ്വാസിയാണ്. 1977 ല്‍ വിവാഹിതനായ ബോബിയുടെ ഭാര്യ സുപ്രിയായും, മക്കള്‍ സ്ലേയ്ഡ്, സീലിയ, ഷാന്‍ എന്നിവരാണ്. ഇനിയും തിരഞ്ഞെടുപ്പു രംഗത്തേക്ക് തിരിച്ചുവരുമോ എന്ന ചോദ്യത്തിന് തീരുമാനിച്ചില്ല എന്നായിരുന്നു മറുപടി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.