You are Here : Home / Readers Choice

ദുഖവുമായി കുഞ്ഞുങ്ങള്‍ എങ്ങനെ പൊരുത്തപ്പെടും: മനോജ് ഏബ്രഹാം എഴുതിയ പുസ്തകം വന്‍ഹിറ്റ്

Text Size  

ജോര്‍ജ്ജ് തുമ്പയില്‍

thumpayil@aol.com

Story Dated: Friday, August 21, 2015 06:22 hrs UTC

 
ഒരു കൊച്ചുകുട്ടിയോടെങ്ങനെ മരണത്തെക്കുറിച്ച് വിശദീകരിക്കും. പ്രിയപ്പെട്ടവരുടെ വേര്‍പാടാണെങ്കിലും ഓമനിച്ചുവളര്‍ത്തിയ വളര്‍ത്തുമൃഗങ്ങളുടെ വിയോഗമാണെങ്കിലും നഷ്ടപ്പെടുന്നതിന്റെ വേദന മുതിര്‍ന്നവര്‍ക്കൊപ്പം ഏത് കൊച്ചുകുഞ്ഞിന്റെയും മനം തകര്‍ക്കുന്നതുതന്നെ. ഇവിടെയാണ് മനോജ് എസ് ഏബ്രഹാം ഏബ്രഹാം എഴുതിയ Where the Tomorrows Go എന്ന പുസ്തകത്തിന്റെ പ്രസക്തി. ഇത്തരം വിഷമവേളകളില്‍ വേദനിക്കുന്ന കുഞ്ഞുങ്ങള്‍ക്കും അവരുടെ കുഞ്ഞുമനസിനെ എന്തുപറഞ്ഞാശ്വസിപ്പിക്കുമെന്ന് വിഷമിക്കുന്ന മുതിര്‍ന്നവര്‍ക്കും ഏറെ ആശ്വാസമാകുമെന്ന് പ്രതീക്ഷയുണര്‍ത്തുന്നു മനോജ് ഏബ്രഹാമിന്റെ പുസ്തകം Where the Tomorrows Go.
തനിക്ക് വളര്‍ത്തുമൃഗങ്ങളായി കുറെയേറെ പട്ടികളുണ്ടായിരുന്നുവെന്ന് പറയുന്നു മനോജ്. മകന്‍ പിച്ച വച്ചതിന് പിന്നാലെ വളര്‍ത്തുപട്ടികളില്‍ ചിലതിനെ നഷ്ടമായി. കുട്ടി ആ സമയത്ത് വളരെ ചെറുതായിരുന്നെങ്കിലും പട്ടിയെ നഷ്ടമായതിലെ മകന്റെ വിഷമം കണ്ട് മനോജിന്റെ മനസും വേദനിച്ചു, കുട്ടിയുടെ വിഷമം എങ്ങനെ തീര്‍ക്കുമെന്നും കുഞ്ഞിന്റെ ചോദ്യങ്ങള്‍ക്ക് എങ്ങനെ ഉത്തരം നല്‍കുമെന്നുള്ള ആധിയിലായിരുന്നു താനെന്ന് അദ്ദേഹം പറയുന്നു. പട്ടിയെ കാണാഞ്ഞുള്ള കുട്ടിയുടെ വിഷമവും മോര്‍ട്ടാലിറ്റിയെകുറിച്ച കുഞ്ഞിന്റെ സംശയങ്ങളും എങ്ങനെ വിശദീകരിക്കുമെന്നോര്‍ത്ത് മനോജ് തല പുകച്ചു.

മകനെ ആശ്വസിപ്പിക്കുന്നതിനൊപ്പം ഇതേ സ്ഥിതിവിശേഷം നേരിടുന്ന മറ്റ് മാതാപിതാക്കളെ കൂടി മുന്നില്‍കണ്ട് മനോജ് ഒരു കഥയെഴുതി പുസ്തകരൂപത്തിലാക്കി പ്രസിദ്ധീകരിക്കുകയായിരുന്നു. ബെല്ല എന്നൊരു കൊച്ചുപെണ്‍കുട്ടിയുടെ ഇക്കഥ പ്രതിസന്ധിഘട്ടങ്ങളില്‍ മറ്റ് മാതാപിതാക്കള്‍ക്കും പ്രയോജനപ്പെടുമെന്ന് മനോജ് പറയുന്നു. ബെല്ലയ്ക്ക് ഓമനയായിരുന്നു ജോജോ എന്ന പട്ടി. പെട്ടെന്നൊരുനാള്‍ പട്ടിയെ അവള്‍ക്ക് നഷ്ടമായി. പട്ടിയുടെ വേര്‍പാടുമായി പൊരുത്തപ്പെടാനാകാതെ ആദ്യമൊക്കെ അവള്‍ വല്ലാതെ ദുഖിച്ചു. അഛനമ്മമാരോട് സംസാരിച്ചും ജോജോയ്‌ക്കൊപ്പം നടന്ന നല്ല നിമിഷങ്ങളെ വീണ്ടെടുത്തും ബെല്ല ദുഖവുമായി പൊരുത്തപ്പെടുന്നതിന്റെ കഥയാണീ പുസ്തകത്തിലൂടെ മനോജ് ഏബ്രഹാം പറയുന്നത്. വളര്‍ത്തുമൃഗത്തിന്റെ വേര്‍പാടിനെ ഇതിവൃത്തമാക്കി വേര്‍പാടിന്റെ ദുഖത്തെ അല്ലെങ്കില്‍ നഷ്ടപ്പെടലിന്റെ ദുഖത്തെ എങ്ങനെ അതിജീവിക്കാനാവുമെന്ന് പുസ്തകം പറഞ്ഞുവെക്കുന്നു. പട്ടിയുടെ വേര്‍പാടിന് ശേഷം എന്തു സംഭവിക്കുന്നു എന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് മനോജിന്റെ തൂലിക ചലിക്കുന്നത് മരണം , വിയോഗം, അല്ലെങ്കില്‍ നഷ്ടം എന്നിങ്ങനെ സമാനമായ സാഹചര്യങ്ങളെ നാം എങ്ങനെ മറികടക്കുമെന്നതിലേക്കാണ്. ഏത് രാജ്യക്കാരെയും വംശത്തെയും സംബന്ധിച്ചും ഈ സന്ദേശം പ്രസക്തമാണന്ന് മനോജ് കൂട്ടിച്ചേര്‍ക്കുന്നു.

പ്രതിസന്ധിഘട്ടങ്ങളെ അതിജീവിക്കാന്‍ പോസിറ്റീവായി പല കാര്യങ്ങളും തങ്ങളുടെ മക്കള്‍ പഠിച്ചതായി പുസ്തകം വായിച്ചശേഷം പല മാതാപിതാക്കളും പറഞ്ഞുവെന്ന് മനോജ് പറയുന്നു. ദുഖത്തിലൂടെ കടന്നുപോകുന്ന കുട്ടികള്‍ക്ക് വായിക്കാനായി നാഷണല്‍ അസോസിയേഷന്‍ ഓഫ് സ്‌കൂള്‍ സൈക്കോളജിസ്റ്റ്‌സ് നിര്‍ദേശിക്കുന്ന പുസ്തകങ്ങളില്‍ Where the Tomorrows Go യും ഉള്‍പ്പെടുത്താന്‍ ആലോചനയുള്ളതായി മനോജ് പറഞ്ഞു.

തന്റെ പ്രൊഫഷണല്‍ ജീവിതത്തിലെ ആദ്യ 20 വര്‍ഷങ്ങളോളം സോഫ്റ്റ്‌വേര്‍ കമ്പനികളുടെ മാര്‍ക്കറ്റിംഗും മാനേജിംഗും മറ്റുമായി ബന്ധപ്പെട്ട് ടെക്കി എന്ന നിലയില്‍ പ്രവര്‍ത്തിച്ച മനോജ് ഏബ്രഹാം 2011ല്‍ ആദ്യകുട്ടിയുടെ ജനനത്തിനുശേഷം മുമ്പൊക്കെ ഒരു ഹോബിയായി മാത്രം ചെയ്തിരുന്ന എഴുത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു. അതേ വര്‍ഷം തന്നെ സര്‍ഫേസിംഗ് എന്ന പേരിലൊരു ബ്ലോഗിനും തുടക്കമിട്ടു. 2012 ഡിസംബറില്‍ മനോജ് തന്റെ ആദ്യ പുസ്തകം 'SAM’S   3   WHAT- IF’S സ്വയം പ്രസിദ്ധീകരിച്ചത് വന്‍ വിജയമായിരുന്നു. അമേരിക്കന്‍ സമൂഹത്തില്‍ ഇന്ന് നഷ്ടമായിക്കൊണ്ടിരിക്കുന്ന മൂല്യങ്ങളെകുറിച്ച് കുട്ടികളെ ബോധവല്‍കരിക്കാനുദ്ദേശിച്ച് എഴുതിയ പുസ്തകത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. 2013 ല്‍ ‘'സോള്‍ ക്രോസിംഗ്'എന്ന പേരില്‍ മനോജ് ബ്ലോഗില്‍ എഴുതിയ നോവലിനും മികച്ച പ്രതികരണമാണ് ലഭിച്ചത്. പുതിയ പുസ്തകമായ Where the Tomorrows Go യില്‍ കുട്ടികള്‍ക്ക് മനസിലാകുന്ന ഭാഷയില്‍ മനോജ് കാര്യങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നു.

സാംസ്‌കാരിക സാമുദായിക പ്രവര്‍ത്തകനും മുണ്ടക്കയംകാരനുമായ സാമുവല്‍ പി ഏബ്രഹാമിന്റെയും മറിയാമ്മ ഏബ്രഹാമിന്റെയും മകനായ മനോജ് സ്‌പെഷലൈസ്ഡ് ഹെല്‍ത്ത്‌കെയറില്‍ പ്രോജക്ട് മാനേജരായി ജോലിചെയ്യുന്നു. ചെറുപ്പം മുതലേ എഴുത്തില്‍ തന്നെ പ്രോത്സാഹിപ്പിച്ചതിന് പിതാവിനോട് താന്‍ കടപ്പെട്ടിരിക്കുന്നുവെന്ന് പറയുന്ന മനോജ്, ജീവിതമൂല്യങ്ങളുടെ പ്രസക്തി പകര്‍ന്നുതന്നതും മാതാപിതാക്കളാണന്ന് കൂട്ടിച്ചേര്‍ക്കുന്നു.

നോര്‍ത്ത് ജഴ്‌സിയിലെ ഹാസ്‌ക്കലില്‍ ഭാര്യ ക്രിസ്റ്റനും മക്കള്‍ സാം, മായ എന്നിവര്‍ക്കും അവരുടെ വളര്‍ത്തുനായ ഷെര്‍പ്പയ്ക്കുമൊപ്പമാണ് മനോജിന്റെ താമസം. കുട്ടിക്കാലം മുതലേ തന്റെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും പ്രോത്സാഹനങ്ങള്‍ നല്‍കിയ മാതാപിതാക്കളോട് താനേറെ കടപ്പെട്ടിരിക്കുന്നതായി മനോജ് പറഞ്ഞു.

Book Details for Where the Tomorrows Go
Title: Where the Tomorrows Go
Author: Manoj S. Abraham
Illustrator: Liz Urso
Audience: Ages 3 & Up
ISBN: 978-0-9887965-7-7
Available formats: Hardcover, Electronic (Apple iBook, Amazon Kindle, Google Play, EPUB)
Book website: http://wherethetomorrowsgo.com/

Author Website/Social Media
http://manojabraham.com/
https://facebook.com/ManojAbrahamBooks/
http://twitter.com/manojabraham/
ആമസോണില്‍ പുസ്തകം ലഭ്യമാണ്.

email: manojabraham77@gmail.com

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.