You are Here : Home / Readers Choice

ഡാക്ക റദ്ദാക്കല്‍: നിയമപോരാട്ടത്തിനൊരുങ്ങി ഡ്രീമേഴ്‌സ്

Text Size  

ഏബ്രഹാം തോമസ്

raajthomas@hotmail.com

Story Dated: Thursday, September 07, 2017 06:38 hrs EDT

വാഷിംഗ്ടണ്‍: ഒരു മോഹനസുന്ദര ഭൂമി സ്വപ്‌നം കണ്ട് കുടിയേറിയവര്‍ നിയമം പാലിച്ചോ എന്ന് ചിന്തിച്ചിട്ടുണ്ടാവില്ല. നിയമ വിരുദ്ധമായി അമേരിക്കയിലേയ്ക്ക് കുടിയേറിയ ഇവരുടെ കുട്ടികള്‍ക്ക് അമേരിക്കയിലെ വാസം ഉറപ്പാക്കുവാന്‍ 2001 ല്‍ ദ ഡ്രീം ആക്ട് നിയമ നിര്‍ദ്ദേശം കോണ്‍ഗ്രസിന് മുന്നിലെത്തി. പാസ്സാക്കാതെ 11 വര്‍ഷം പിന്നിട്ടു. 2012 ല്‍ പ്രസിഡന്റ് ബരാക്ക് ഒബാമ ഡിഫേര്‍ഡ് ആക്ഷന്‍ ഫോര്‍ ചൈല്‍ഡ്ഹുഡ് അറൈവല്‍സിലൂടെ ഈ കുട്ടികളെ നാട് കടത്തുന്നതിനുള്ള നടപടികള്‍ തടഞ്ഞു. ജോലി ചെയ്യുവാനുള്ള അനുവാദം രണ്ടുവര്‍ഷം വീതം പുതുക്കി നല്‍കുകയും ചെയ്തു. പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രചരണകാലത്ത് പ്രസിഡന്റ് ഡോണള്‍ഡ് ട്രമ്പ് ഡിഫേര്‍ഡ് ആക്ഷന്‍ ഫോര്‍ ചൈല്‍ഡ് ഹുഡ് അറൈവല്‍സ്(ഡാക്ക) തുടരുവാന്‍ അനുവദിക്കുകയില്ല എന്ന് പ്രഖ്യാപിച്ചു.

 

 

 

 

പ്രചരണത്തിലെ വാഗ്ദാനങ്ങള്‍ ഓരോന്നായി നടപ്പാക്കുവാന്‍ ശ്രമിക്കുന്ന ട്രമ്പ് നയം നടപ്പാക്കുന്നത് ആറ്മാസം താമസിപ്പിക്കുന്നതായും കോണ്‍ഗ്രസിനോട് ഇതിനോടകം നിയമം ക്രോഡീകരിക്കുവാന്‍ നിര്‍ദ്ദേശിക്കുന്നതായും പ്രഖ്യാപിച്ചു. നിയമവിരുദ്ധമായി അമേരിക്കയില്‍ കൊണ്ടുവന്ന കുട്ടികള്‍ക്ക് 16 വയസ് തികയുന്നതിന് മുന്‍പ് അവരെ സംരക്ഷിക്കുന്ന നിയമം കോണ്‍ഗ്രസ് പാസ്സാക്കണം, അതിര്‍ത്തി മതില്‍ നിര്‍മ്മിക്കുവാന്‍ ഉടനെ 1.6 ബില്യണ്‍ ഡോളറും തുടര്‍ വര്‍ഷങ്ങളില്‍ ബില്യണുകളും നല്‍കാന്‍ അനുമതിക്ക് കോണ്‍ഗ്രസ് തയ്യാറാവണം തുടങ്ങിയ ആവശ്യങ്ങളും ട്രമ്പ് മുന്നോട്ടു വച്ചു. വാര്‍ത്ത പുറത്തു വന്നതോടെ നിയമവിരുദ്ധ കുടിയേറ്റക്കാരും കുട്ടികളും പരിഭ്രാന്തരായി. ഒരു ഫെഡറല്‍ നിയമത്തിലൂടെ തങ്ങള്‍ക്ക് പൗരത്വം ഉറപ്പാക്കണം എന്നിവര്‍ ആവശ്യപ്പെടുന്നു. ഇതിനായി നിയമപോരാട്ടം നടത്തുവാനും തയ്യാറാണെന്ന് ഇവര്‍ പറഞ്ഞു. മന്‍ഹാട്ടനില്‍ ട്രമ്പ് ടവറിന് മുന്നില്‍ പ്രതിഷേധക്കാര്‍ പ്രകടനം നടത്തി. ടെക്‌സസിന്റെ നേതൃത്വത്തില്‍ ചില സംസ്ഥാനങ്ങള്‍ ഫെഡറല്‍ കോടതികളെ സമീപിക്കുവാനുള്ള നീക്കത്തിലാണ്. 2012 ല്‍ ഒബാമ ഡാക്ക പുറപ്പെടുവിച്ചതിന് ശേഷം ഇതുവരെ 7,80,000 ല്‍ പരം നിയമവിരുദ്ധ കുടിയേറ്റക്കാര്‍ക്കാണ് വര്‍ക്ക് പെര്‍മിറ്റുകളും നാട് കടത്തലില്‍ നിന്ന് ആശ്വാസവും ലഭിച്ചിട്ടുള്ളത്. 2013 ല്‍ ഏറ്റവുമധികം(4 ലക്ഷത്തില്‍ അധികം) അപേക്ഷകള്‍ 2015 ല്‍ പുതുക്കുന്നതിനുള്ള അപേക്ഷകള്‍ എന്നിവ ഉണ്ടായി.

 

 

 

ഈ വര്‍ഷവും പുതുക്കുന്നതിനുള്ള 2 ലക്ഷത്തില്‍ അധികം അപേക്ഷകള്‍ ഇതുവരെ ഉണ്ടായി. മെക്‌സിക്കോയില്‍ നിന്നെത്തിയവരാണ് ഇവരില്‍ ഏറെയും-6, 18, 342. അല്‍ സാല്‍വഡോര്‍-28,371, ഗ്വോട്ടിമാല-19,792, ഹോണ്ടുരാസ്- 18, 262, പെറു-9,066, ബ്രസീല്‍-7,361 എന്നിങ്ങനെ രാജ്യം തിരിച്ചുള്ള പട്ടികയില്‍ ഇന്ത്യാക്കാരായ 3, 182 പേരുടെ അപേക്ഷകളും ഉണ്ട്. ഇവര്‍ 13-ാം സ്ഥാനത്ത് ഡൊമിനിക്കല്‍ റിപ്പബ്ലിക്കിനും വെനീസ് വേലയ്ക്കും മുകളിലാണ്. ഡാക നിര്‍ത്തലാക്കുന്നതിന് അനുകൂലിച്ചും പ്രതികൂലിച്ചും പ്രതികരണങ്ങള്‍ ഉണ്ടായി. പ്രതികൂല പ്രതികരണങ്ങളാണ് ഏറെയും. ഡാക മൂലം മുന്നു തവണ വര്‍ക്ക് പെര്‍മിറ്റ് കിട്ടിയ പിയര്‍ ബെറാസ്റ്റെയിന്‍ ട്രമ്പിന്റെ നിര്‍ദ്ദേശത്തിന് ശേഷം കോണ്‍ഗ്രസില്‍ ലോബിയിംഗ് ശക്തമാക്കി നിയമനിര്‍മ്മാണം നടത്തണം എന്നാവശ്യപ്പെട്ടു. ഒബാമ പ്രസിഡന്റിന്റെ അധികാര പരിധി മറികടന്നാണ് എക്‌സിക്യൂട്ടീവ് ഓര്‍ഡര്‍ പുറപ്പെടുവിച്ചത് എന്ന് അന്നേ വിമര്‍ശനം ഉയര്‍ന്നിരുന്നു. ലെജിസ്ലേറ്റീവ് അധികാരം പ്രസിഡന്റ് സ്വയം ഏറ്റെടുക്കുകയായിരുന്നു, ഇതിന് പകരം കോണ്‍ഗ്രസിനോട് നിയമം പാസ്സാക്കുവാന്‍ പറയുകയായിരുന്നു വേണ്ടിയിരുന്നത് എന്നാണ് ഒരു വാദം. ഭരണത്തിലെത്തി 8 മാസത്തിന് ശേഷം ഇങ്ങനെ ഒരു പ്രഖ്യാപനം നടത്തുന്നതിന് പകരം കോണ്‍ഗ്രസ് തീരുമാനിക്കുന്ന ഏത് കാര്യവും താന്‍ നടപ്പാക്കും എന്നു പ്രഖ്യാപിച്ചതിന് ശേഷം പ്രസിഡന്റിന് അന്യരാജ്യം നിന്നെത്തിയവര്‍ക്ക് വര്‍ക്ക് പെര്‍മിറ്റ് പോലെയുള്ള നിയാമാനുകൂല്യങ്ങള്‍ നല്‍കാന്‍ അധികാരമില്ല എന്ന് വ്യക്തമാക്കുകകയായിരുന്നു വേണ്ടിയിരുന്നതെന്നു നാഷ്ണല്‍ റിവ്യൂ ഇന്‍സ്റ്റിട്യൂട്ടിലെ സീനിയര്‍ ഫെലോ ആന്‍ഡ്രൂ മക്കാര്‍ത്തി അഭിപ്രായപ്പെട്ടു.

 

 

 

 

ടെക്‌സസ് സംസ്ഥാന നിയമനിര്‍മ്മാണ സഭയിലെ അംഗങ്ങള്‍ ചിലര്‍ പരസ്യമായി ഡാക തുടരണമെന്ന് അഭിപ്രായപ്പെട്ടു. ഉഭയ കക്ഷി ചര്‍ച്ച നടത്തി അഭിപ്രായസമന്വയത്തിലൂടെ കോണ്‍ഗ്രസില്‍ നിയമം പാസാക്കണമെന്ന പക്ഷക്കാരാണ്. ഇവരില്‍ റിപ്പബ്ലിക്കനുകളും ഡെമോക്രാറ്റുകളും ഉള്‍പ്പെടുന്നു. ഡാക്ക പെര്‍മിറ്റുകള്‍ 2018 മാര്‍ച്ച് 5 വരെയുള്ളവര്‍ 2017 ഒക്ടോബര്‍ 5ന് മുന്‍പ് പെര്‍മിറ്റ് പുതുക്കി നല്‍കാന്‍ അപേക്ഷിക്കണം. അതിന് ശേഷം അപേക്ഷകള്‍ സ്വീകരിക്കുന്നതല്ല എന്ന് ഭരണകൂടം അറിയിച്ചു. പുതിയ അപേക്ഷകള്‍ സ്വീകരിക്കുന്നതല്ല. ട്രമ്പ് കഴിഞ്ഞ കുറെ മാസങ്ങളായി ഈ വിഷയത്തെക്കുറിച്ച് ചിന്തിക്കുകയായിരുന്നു.

 

 

ഒരു വശത്ത് ഡാക അനുകൂലികള്‍, മറുവശത്ത് തന്നെ പിന്തുണച്ച് തിരഞ്ഞെടുപ്പില്‍ വിജയിപ്പിച്ചവര്‍, ഡാക റദ്ദാക്കിയാല്‍ വലിയ എതിര്‍പ്പ് ഉണ്ടാകും എന്ന് ട്രമ്പിന് അറിയാമായിരുന്നു. അറ്റേണി ജനറല്‍ പീറ്റ് സെഷന്‍സാണ് മറ്റ് ഉപദേശകര്‍ക്കൊപ്പം റദ്ദാക്കലുമായി മുമ്പോട്ട് പോകാന്‍ നിര്‍ബന്ധിച്ചതെന്നാണ് സംസാരം. ഇത് ഒരു തിരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു, നടപ്പാക്കിയേ മതിയാകൂ എന്ന് ഇവര്‍ നിര്‍ബന്ധിച്ചു. സെഷന്‍സ് തന്നെയാണ് റദ്ദാക്കല്‍ അറിയിച്ചത്. ബാള്‍ കോണ്‍ഗ്രസിന്റെ കോര്‍ട്ടില്‍ എത്തിച്ചിരിക്കുകയാണ്. ഇനി തീരുമാനം എടുക്കേണ്ടത് കോണ്‍ഗ്രസാണ്. കുട്ടികളായിരിക്കുമ്പോള്‍ നിയമവിരുദ്ധമായി എത്തിയ മാതാപിതാക്കള്‍ക്കൊപ്പം എത്തിയ കുട്ടികളുടെ(അവരില്‍ ചിലര്‍ക്ക് പ്രായം ഇപ്പോള്‍ മുപ്പത്തിയഞ്ചിനോട് അടുക്കുന്നു) അമേരിക്കന്‍ സ്വപ്‌നങ്ങള്‍ തകരുമോ എന്ന് കാത്തിരുന്ന് കാണേണ്ടിയിരിക്കുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.