You are Here : Home / Readers Choice

തന്ത്രങ്ങള്‍ മെനയാന്‍ ഒരു 'വാര്‍ റും'

Text Size  

ഏബ്രഹാം തോമസ്

raajthomas@hotmail.com

Story Dated: Wednesday, May 31, 2017 09:18 hrs EDT

വാഷിംഗ്ടണ്‍: റഷ്യന്‍ ഇടപെടലുകളെ കുറിച്ച് സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ അന്വേഷിക്കുമ്പോള്‍ നിര്‍ണായകമായ ചില നീക്കങ്ങള്‍ക്ക് ഒരുങ്ങുകയാണ് വൈറ്റ് ഹൗസ് എന്നാണ് റിപ്പോര്‍ട്ട്. പ്രസിഡന്റിന്റെ സീനിയര്‍ അഡൈ്വസറും മരുമകനുമായ ജാരേഡ്കുഷനര്‍ റഷ്യന്‍ അധികാരികളുമായി ബന്ധപ്പെട്ടുവോ എന്നതാണ് പ്രധാന ഇനമായി അന്വേഷണത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഈ അവസരത്തില്‍ തല്കാലം കുഷനര്‍ കാര്യമായി പൊതു വെളിച്ചത്തില്‍ വരാതിരിക്കുവാന്‍ ശ്രദ്ധിക്കുന്നുണ്ട്. പ്രതിരോധം കൂടുതല്‍ ശക്തമാക്കുകയാണ് മറ്റൊരു പ്രധാന നീക്കം. ഇതിന്റെ ഭാഗമായി വൈറ്റ് ഹൗസില്‍ ഒരു 'വാര്‍ റും' രൂപീകരിക്കുകയാണ്. സാധാരണ വാര്‍ റും ഉണ്ടാക്കുന്നത് പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളുടെ പ്രചരണ സംഘങ്ങളാണ്.

 

 

 

 

തിരഞ്ഞെടുപ്പ് ജയിക്കുക എന്ന ലക്ഷ്യം മുന്നില്‍ കണ്ടുകൊണ്ട് സര്‍വ വിഭവസമാഹരണങ്ങളും നടത്തി തിരഞ്ഞെടുപ്പ് യുദ്ധം നടത്തുവാന്‍ നയതന്ത്രങ്ങള്‍ ഏകോപിപ്പിക്കുകയാണ് 'വാര്‍ റും' ചെയ്യുക. വിദേശ സന്ദര്‍ശനം വെട്ടിച്ചുരുക്കി ട്രമ്പ് മടങ്ങിയെത്തിയത് സ്ഥിതിഗതികള്‍ ഗൗരവമാണ് എന്ന സന്ദേശമാണ് ഉപദേശകര്‍ക്കും മറ്റ് അനുയായികള്‍ക്കും നല്‍കിയത്. ട്രമ്പ് അനുയായികള്‍ക്കെതിരെ ഉണ്ടാകുന്ന ആരോപണങ്ങള്‍ ശക്തമായി നേരിടും. കോണ്‍ഗ്രസില്‍ സ്തംഭനാവസ്ഥയിലായ ട്രമ്പ് പദ്ധതികള്‍ മുന്നോട്ടുകൊണ്ടുപോകാന്‍ ഇനി വൈകിക്കരുത് എന്നാണ് മറ്റൊരു നിര്‍ദേശം. വൈറ്റ് ഹൗസ് പൊതുജനങ്ങളുമായി സമ്പര്‍ക്കം നടത്തുന്ന സംവിധാനത്തില്‍ കാര്യമായ അഴിച്ചുപണി ഉണ്ടാകും. രാജ്യത്തുനീളം പ്രസിഡന്റിന്റെ സന്ദര്‍ശനങ്ങളും റാലികളും ഉണ്ടാവും. ട്രമ്പിന് തന്റെ അനുയായികളോട് നേരിട്ട് സംസാരിക്കുവാന്‍ ഇത് അവസരമൊരുക്കും. വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ഷാന്‍ സ്‌പൈസറുടെ പ്രാധാന്യം അല്പം കുറച്ച് വാര്‍ത്താ സമ്മേളനങ്ങള്‍ പുനഃക്രമീകരിക്കും. ട്രമ്പിന്റെ പ്രചരണസംഘത്തിലെ ചിലര്‍ വാര്‍റുമില്‍ തിരികെ എത്തിയേക്കും. ഇവരില്‍ മുന്‍പ്രചരണ വിഭാഗം മാനേജര്‍ കോറി ലെവാന്‍ഡോവിസ്‌കിയും ഉള്‍പ്പെടുന്നു. വാര്‍റും എങ്ങനെ രൂപീകരിക്കാം എന്ന ചര്‍ച്ചകളില്‍ ഇയാള്‍ പങ്കെടുത്തുവരുന്നു. നയതന്ത്രതലവന്‍ സ്റ്റീഫന്‍ ബാനനും വാര്‍റൂമില്‍ പ്രധാന പങ്കാളിത്തമുണ്ട്. വാര്‍ത്താ വിതരണ സംഘത്തിന്റെ പ്രവര്‍ത്തനത്തിലും എഫ്ബിഐയുടെ റഷ്യാ ബന്ധ അന്വേഷണത്തെക്കുറിച്ച് പുറത്തുവരുന്ന ആശാസ്യമാല്ലാത്ത റിപ്പോര്‍ട്ടുകള്‍ എങ്ങനെ നേരിടാം എന്ന വിഷയത്തിലും കുഷനര്‍ പ്രധാന റോള്‍ വഹിച്ചു വരികയായിരുന്നു.

 

 

 

എന്നാല്‍ കുഷനറെ തല്ക്കാലത്തേയ്ക്ക് ചില കര്‍ത്തവ്യങ്ങളില്‍ നിന്നൊഴിച്ചു നിര്‍ത്തുക എന്ന നയത്തില്‍ കുഷനര്‍ ഈ പ്രവര്‍ത്തനങ്ങളില്‍ എത്ര സജീവമായിരിക്കും എന്ന് പറയാനാവില്ല. കുഷനറുടെ റോള്‍ വൈറ്റ് ഹൗസിനുള്ളില്‍ സജീവ ചര്‍ച്ചാവിഷയമായിരിക്കുകയാണ്. കാരണം കുഷനറുടെ ചില നടപടികള്‍ എഫ്ബിഐയുടെ വിശദമായ അന്വേഷണത്തിലാണ്. പ്രസിഡന്റിന്റെ അനുചരരുടെ അഴിച്ചുപണി നടക്കുന്നതിനിടയില്‍ പ്രസിഡന്റ് സ്വകാര്യമായും പരസ്യമായും തന്റെ അപ്രീതി വ്യക്തമാക്കിയതായാണ് റിപ്പോര്‍ട്ട്. സ്വന്തം മാധ്യമ സമ്പര്‍ക്കസംഘാംഗങ്ങളെ ഇത് അറിയിക്കുകയും ചെയ്തു. സ്‌പൈസറെ ഒരു ടെലിവിഷന്‍ ചാനല്‍ വല്ലാതെ കളിയാക്കിരുന്നു. ദിവസവും ഓണ്‍ ക്യമറയില്‍ ഇയാള്‍ നല്‍കുന്ന മീഡിയാ ബ്രീഫിംഗ് ഒഴിവാക്കിയേക്കും. പകരം പ്രിന്‍സിപ്പല്‍ ഡെപ്യൂട്ടി പ്രസ് സെക്രട്ടറി സാറാ ഹക്കബി സാന്‍ഡേഴ്‌സ് വാര്‍ത്താസമ്മേളനങ്ങള്‍ നടത്തുവാനാണ് സാധ്യത. അധികാരികള്‍ മാറി മാറി വാര്‍ത്താ സമ്മേളനങ്ങള്‍ നടത്തുവാനും ആലോചനയുണ്ട്. ഇത് ഇതിനകം തന്നെ പരീക്ഷിക്കുന്നുണ്ട്. സ്‌പൈസര്‍ സമ്മേളനം നടത്തുമ്പോള്‍ ന്യുസ് ഓഫ് ദ ഡേ വിവരിക്കുവാനായി മറ്റൊരു ഉന്നത ഉദ്യോഗസ്ഥന്‍ ഒപ്പം ചേരാറുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.More From Featured News
View More