You are Here : Home / Readers Choice

അക്കരെയുള്ള കൊച്ചു കേരളത്തിന് ഇക്കരെയുള്ളൊരു "കുഞ്ഞു കേരളയുടെ"പിറന്നാള്‍ ആശംസകള്‍

Text Size  

മധു കൊട്ടാരക്കര

rajanmadhu@hotmail.com

Story Dated: Saturday, November 01, 2014 12:18 hrs EDT

ലോകത്തെ ഏറ്റവും പ്രകൃതിരമണീയമായ ഭൂപ്രദേശമായ  കേരളം അതിന്‍റെ പിറവി ആഘോഷിക്കുമ്പോള്‍ അതില്‍ പങ്കുചേര്‍ന്നു കൊണ്ട്   അമേരിക്കയില്‍ നിന്നുള്ള " കേരള ആന്‍ വര്‍ഗീസും ". ന്യൂജേഴ്സിയിലെ അജിത്‌ വര്‍ഗീസിന്‍റെയും ക്രിസ്റ്റീനിയുടെയും നാല് മാസം പ്രായമുള്ള കൊച്ചു സുന്ദരിയാണീ അമേരിക്കന്‍ 'കേരള'.കേരളത്തില്‍ നിന്ന് അമേരിക്കയിലേക്ക് കുടിയേറിയവര്‍ ഇംഗ്ലീഷ് പേരുകളുടെ പിന്നാലെ പരക്കം പായുമ്പോള്‍  അമേരിക്കയില്‍ ജനിച്ച് വളര്‍ന്ന രണ്ടാം തലമുറയിലെ അജിത്തിന് കേരളത്തോടായിരുന്നു പ്രിയം.ആദ്യമായ് ഉണ്ടായ മോള്‍ക്ക്‌ 'കേരള' എന്ന പേര് നല്‍കാന്‍ രണ്ടാമതൊന്നു ആലോചിക്കേണ്ടി വന്നില്ല.ആദ്യത്തെ കണ്മണിക്ക് 'കേരള' എന്ന പേര് നല്‍കിയതിനെക്കുറിച്ച് സംസാരിക്കുമ്പോള്‍ അജിത്തിന് മലയാള മണ്ണിനെപ്പറ്റി നൂറു നാവ്.ലോകത്തെ ഏറ്റവും സമ്പന്നമായ സംസ്കാരമാണ് കേരളീയ സംസ്കാരം.അതിനുള്ള ഒരു അംഗീകാരമായി എന്‍റെ മകള്‍ക്ക് 'കേരള' എന്ന പേര് നല്‍കുകയായിരുന്നു.'കേരള'എന്ന പേര് കുഞ്ഞിനു നല്‍കുന്നതിനെപ്പറ്റി അമേരിക്കക്കാരിയായ പ്രിയതമ  ക്രിസ്റ്റീനിയയുമായി സംസാരിച്ചപ്പോള്‍ പേര് നല്‍കുന്നതിനോട് നൂറു വട്ടം സമ്മതമായിരുന്നു.വളരെ അനായാസമായി അമേരിക്കക്കാര്‍ക്ക് ഉച്ചരിക്കാവുന്ന ഒരു പേരാണ് 'കേരള' എന്നായിരുന്നു ക്രിസ്റ്റീനിയയുടെ കണ്ടുപിടിത്തം.

 

മോള്‍ക്ക്‌ ഒരു സാധാരണ പേര് ഉണ്ടാകരുതെന്ന് അജിത്തിന് നിര്‍ബന്ധമുണ്ടായിരുന്നു.മാതാപിതാക്കളോട് പേരിന്‍റെ പിന്നിലെ കാരണം വിശദീകരിക്കുമ്പോള്‍ അവര്‍ക്കും നല്ല സന്തോഷമുണ്ടാകുമെന്ന് ഉറപ്പുണ്ടായിരുന്നു.കൊച്ചുമകളുടെ ജനന സമയത്ത് ഡാളസ്സിലായിരുന്ന കുഞ്ഞുമോള്‍ ദിലീപിന് ന്യൂജേഴ്സിയിലെ ഭാവനത്തിലെത്തുന്നിടം വരെയും 'കേരള'എന്നുള്ളതായിരുന്നു പേര് എന്നറിയില്ലായിരുന്നു.മാതാപിതാക്കളോടും അടുത്ത സുഹൃത്തുക്കളോടും അജിത്ത് പറഞ്ഞിരുന്നത് 'കേര' എന്നായിരുന്നു."കേര ആന്‍ വര്‍ഗീസിന് സ്വാഗതം" എന്ന ബാനറും പിടിച്ചിരുന്ന കുഞ്ഞുമോള്‍ ദിലീപ് ജനന സര്‍ട്ടിഫിക്കറ്റ് കണ്ടപ്പോഴാണ് കൊച്ചുമകളുടെ പേര് കേരള ആന്‍ വര്‍ഗീസാണെന്നറിഞ്ഞത്‌.കേരളത്തെയും മാതാപിതാക്കളെയും മകന്‍ അജിത്തും ക്രിസ്റ്റീനിയും മകള്‍ക്ക് നല്‍കിയ പേരില്‍ ഓര്‍മിച്ചു എന്നറിഞ്ഞപ്പോള്‍ അതിയായ സന്തോഷം തോന്നി.അക്ഷരങ്ങളുടെ പ്രിയതോഴനായിരുന്ന തൃശ്ശൂര്‍ക്കാരുടെ വര്‍ഗീസ് മാഷിന്‍റെ(ബി.സി.വര്‍ഗീസ്) കൊച്ചു മകനായ അജിത്തിന് ഇങ്ങനെയൊരു പേര് തിരഞ്ഞെടുക്കുവാന്‍ തോന്നിയതില്‍ പ്രത്യേകിച്ച് അത്ഭുതപ്പെടാനൊന്നുമില്ല.ഒരിക്കല്‍ കേരള രാഷ്ട്രീയത്തിലെ നിറസാന്നിധ്യമായിരുന്ന യശശ്ശരീരനായ വര്‍ഗീസ് മാഷിന്‍റെ കുടുംബാംഗങ്ങള്‍ക്ക് അഭിമാനിക്കാം 'കേരള'യിലൂടെ.

 

അമേരിക്കന്‍ പേരുകള്‍ക്ക് പിന്നാലെ പരക്കം പായുന്ന മലയാളി സമൂഹത്തിനു കേരളപ്പിറവി ദിനത്തില്‍ മലയാളി പേരുകളുടെ സൗന്ദര്യം 'കേരള'യിലൂടെ ഒരോര്‍മ്മപ്പെടുത്തലാവട്ടെ.മുന്‍ കേരള അഡീഷണല്‍ ചീഫ് സെക്രട്ടറിയും മലയാളത്തിന്‍റെ അക്ഷര പുണ്യവുമായ ഡോ.ഡി.ബാബുപോള്‍ സാറിന് 'കേരള'യെപ്പറ്റി കേട്ടപ്പോള്‍ പറയാനുണ്ടായിരുന്നത്

"കേരളത്തിനകത്തു താമസിക്കുന്ന ഒരു വ്യക്തി,മാതാപിതാക്കള്‍ നല്‍കിയ പേര് ഉപേക്ഷിച്ച് പൊന്‍കുന്നം വര്‍ക്കിയും മലയാറ്റൂര്‍ രാമകൃഷ്ണനുമായി മാറുമ്പോള്‍ അവരവരുടെ ഗ്രാമങ്ങള്‍ പ്രശസ്തമായി ഭവിക്കുകയും ആ നാട്ടുകാര്‍ അതിലഭിമാനം കൊള്ളുകയും ചെയുന്നു എന്നറിയാം.ഈ നവജാതയായ കൊച്ചു 'കേരള'യെ ഓര്‍ത്ത് അഭിമാനിക്കുവാന്‍ ഭാവിയില്‍ കേരളത്തിന് കഴിയട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു.ഇങ്ങ് കേരളത്തില്‍ നിന്ന് അങ്ങ് അമേരിക്കയില്‍ പല്ലില്ലാത്ത മോണകാട്ടി ചിരിക്കുന്ന 'കേരള'യ്ക്കു എന്‍റെ അഭിവാദ്യങ്ങള്‍ ചക്കരയുമ്മ!"

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.More From Featured News
View More